Tuesday, 4 December 2018

ആധികാരികത

Deember 8 / 2012

വാർധക്യത്തിന്റെ ആധികാരികത
വാർധക്യത്തിന്‌ മഹത്തായ ആധികാരികതയുണ്ട്, 
ഈ ആധികാരികത യുവത്വത്തിന്റെ ആഹ്ളാദങ്ങളെക്കാൾ അമൂല്യമാണ്‌ (മാർക്കസ് ടുല്ലിയസ് സിസീറൗ - റോമൻ ചിന്തകൻ) 
വയസ്സാവുമ്പോൾ ആശ്വസിക്കാൻ ഇതുപോലെ നിരവധി വചനങ്ങളുണ്ട്, വഴിക്കു വഴിയെ പറയാം. 
ഞാൻ വായിച്ചുവരികയാണ്‌!
.............
‘ഹാർപർ ബുക്ക് ഓഫ് ക്വട്ടേഷൻസ്’ കോപ്പി ഒന്നു വങ്ങിവെക്കുന്നത് നന്ന്‌; എന്തു രസമാണെന്നൊ വായിക്കാൻ!

December 14 / 2012

ഇന്നലെ - 
വെയിൽ ചായാൻ തുടങ്ങിയ നേരം ഞാൻ എഴുത്തുകാരിയെ കാണാൻ പോയി. പള്ളിയിലെ കാവല്ക്കാരൻ പറഞ്ഞു. ‘അതാ തടി രണ്ടായി പിരിയുന്ന മഹാഗണി മരത്തിന്റെ കീഴെ.’ 
ഞാൻ ചോദിച്ചു, ‘എന്തെങ്കിലും അടയാളം?’. 
കാവല്ക്കാരൻ പറഞ്ഞു, ‘ഇല്ല, ഇവിടേ എല്ലാവരും ഒരുപോലെ, സ്ത്രീയും പുരുഷനും പാവപ്പെട്ടവനും പണക്കാരനും വ്യത്യാസമില്ല’. 
ആ ഇടത്തിന്‌ മുൻപ് കണ്ട ഇടങ്ങളുമായി ഒരു സാമ്യവുമില്ലായിരുന്നു. പത്തിരുപത് വലിയ മരങ്ങൾ തണൽ വിരിച്ചു നിന്ന അവിടെ നിന്ന് നോക്കുമ്പോൾ വടക്കുപടിഞ്ഞാറായി ശൈത്യത്തിന്റെ ലാഞ്ഛനയേതുമില്ലാതെ ആകാശത്തിന്റെ ഒരു ഭാഗം തെളിഞ്ഞുനിന്നിരുന്നു. 
അവരുടെ ‘ശൈത്യകാലം’ എന്ന കവിതയിലെ വരികൾ മനസ്സിൽ തൊട്ടുനിന്നു. ‘അതിന്‌ പുതുമഴയുടെയും 
ചെടികളുടെ ഇളംകൂമ്പുകളുടെയും 
മണമായിരുന്നു. 
അതിന്റെ വാത്സല്യത്തിന്‌ 
ഭൂമി വേരുകളെ തേടിപ്പിടിക്കുന്നതിലെ 
ഊഷ്മളതയായിരുന്നു. 
എന്റെ ആത്മാവും എവിടെയെങ്കിലും 
വേരുകൾ പടർത്തേണ്ടിയിരിക്കുന്നു. 
അങ്ങനെ ശൈത്യസന്ധ്യകളിൽ 
വിറങ്ങലിപ്പിക്കുന്ന കാറ്റ് 
ജനല്ക്കണ്ണാടികളിൽ അടക്കിച്ചിരിക്കുമ്പോൾ 
ഞാൻ അയാളുടെ ശരീരത്തെ നിർല്ലജ്ജം കാമിച്ചു’ (വിന്റർ - സമ്മർ ഇൻ കല്ക്കത്ത.) 

ഞാൻ പുറത്തുകടന്നു; 
എസ്.വി.വേണു‍ഗോപൻ നായരുടെ ‘രാജകുമാരിയുടെ പ്രതിമ’ എന്ന കഥയിലെ വരികൾ ഓർമ്മിച്ച്‌. 
ശബ്ദമുണ്ടാക്കരുത്, രാജകുമാരി ഉറങ്ങുകയാണ്‌.
December 15 / 2012
റൂമി എഴുതി

'സത്യം' - അതെന്താണ്‌? സംവിധായകൻ മൊഹ്സീൻ മഖ്മല്ബഫ് പറയുന്നു.“ഞങ്ങളുടെ മഹാനായ പേഴ്സ്യൻ കവി റൂമി എഴുതിയിട്ടുണ്ട്, ‘സത്യം ദൈവത്തിന്റെ കയ്യിലെ കണ്ണാടിയായിരുന്നു. അതൊരിക്കൽ ഭൂമിയിൽ വീണുടഞ്ഞ്‌ ചിതറിയ നാൾ ഓരോരുത്തരും കഷണങ്ങൾ എടുത്തു നോക്കി സ്വയം വിശ്വസിച്ചു തുടങ്ങി, തങ്ങളുടെതാണ്‌ സമ്പൂർണസത്യമെന്ന്‌ ' !
കൊച്ചി അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കാൻ
മഖ്മല്ബഫ് സംവിധായകകുടുംബം കൊച്ചിയിലെത്തി. (Picture taken during an interview by me)

Talking to wife

Decemebr 8 / 2012

Talking to wife

I wrote, 'I talk to my wife more than ever before', amidst my many pastime like reading, travelling. I engage in classes in media and film appreciation in colleges, I watch movies, I write about them in magazines or our portal and on FB page too. Come to think of it (talking to my wife) I am making a confession. Yes the work in last 30 years unnecessarily took my personal time! ...and precisely that's why of late I travel to far away places with my wife. 
I am looking forward to our next trip
. (pic my wife Pushpa, daughter Charulekha and me)

രാജ്യം

December 4 / 2012

താവളങ്ങൾ വിട്ടുപോകുന്ന 
പഴയ ഇടങ്ങൾ വിട്ട്, പുതിയ താവളങ്ങൾ തേടി ആളുകൾ പോകുന്നത് അവരവരുടെ ഉന്നമനത്തിന്‌ വേണ്ടിയാണ്‌; വളരെ സ്വഭാവികം. ശ്ളാഘനീയം പക്ഷെ വളരെ കുറച്ചുപേർ മാത്രമേ ഊഷ്മള സൗഹൃദ സുഗന്ധം അവശേഷിപ്പിച്ചുകൊണ്ട് വിടപറഞ്ഞു പോകുന്നുള്ളൂ. അവരെ പിന്നീട് എവിടേ കണ്ടാലും ആ സൗഹൃദസുഗന്ധത്തിന്‌ ഒരു അഴിവും തട്ടിയിട്ടില്ലെന്ന് അനുഭവിക്കാനുമാകും. 
ചിലർ അങ്ങനെയല്ല. വിട്ടുപോകുന്ന ഇടത്തിന്റെ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണിപ്പറഞ്ഞ് ആരോപണങ്ങൾ ഉന്നയിച്ച് ഊഹാപോഹങ്ങൾ പരത്തി അപവാദങ്ങൾ കൊളുത്തിവിട്ടാണ്‌ അവരുടെ വിട വാങ്ങൽ. ഉത്സവം കഴിഞ്ഞ് വഴിനീളെ പിണ്ടം ഇട്ട് ഗ്രാമം വിട്ടുപോകുന്ന ആനകളെ പോലെ.... 
സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലെ കഥാപാത്രത്തിന്റെ വാക്കുകൾ ഓർമ വരും. ‘ദെന്താ മേന്‌ന്നെ ആനക്ക് വയറിന്‌ സുഖമില്ലാന്ന്‌ തോന്നുണു്..

December 4 / 2012 

മലയാളി വിചാരിക്കുന്നത് 
വയനാടുകാരുടെ കടുവാപ്പേടി ഞാൻ മനസ്സിലാക്കുന്നു. നാട്ടിലിറങ്ങി കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതും കടുവ മനുഷ്യജീവന്‌ ഭീഷണിയാവുന്നതും ഗുരുതരമായ പ്രശ്നം തന്നെ. അതിന്‌ ശാശ്വത പരിഹാരം കാണുന്നതിന്‌ പകരം ‘കൊല്ല് കൊല്ല്’ എന്നാക്രോശിക്കുന്ന ആൾക്കൂട്ടത്തിന്റെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കലല്ല സർക്കാർ ചെയ്യേണ്ടതെന്ന് ഇവിടെ എഴുതിയിരുന്നു. വയനാട്ടുകർ എന്നെ ശകാരിക്കുന്നത് എനിക്ക് മനസ്സിലാക്കാം. പക്ഷെ അന്നാട്ടുകാരല്ലാത്തവർ എന്നെ പരിഹസിച്ചു. ഇന്നിതാ കടുവയെ കൊന്ന ശേഷം പരക്കെ ബുദ്ധിയുദിച്ചിരിക്കുന്നു. കൊല്ലരുതായിരുന്നു എന്ന്! ഇന്ന് മറ്റൊരു വാർത്ത വന്നു, 

കർണാടകത്തിലെ വിരാജ്പേട്ടയിൽ, കുടക് വനത്തിൽ നിന്ന് നാട്ടിലിറങ്ങിയ കടുവയെ കമ്പിവേലിയിൽ കുരുങ്ങി പരിക്കേറ്റ് ദുരിതമനുഭവിക്കുന്ന നിലയിൽ കണ്ടെത്തിയ അന്നാട്ടുകാർ അതിനെ ആ കുരുക്കിൽ നിന്ന് രക്ഷിച്ച് മൈസൂർ ജയചാമ രാജേന്ദ്ര മൃഗശാലയിലേക്ക് ചികിൽസക്കായി മാറ്റി എന്ന്‌. ആ നാട്ടുകാരുടെ കയ്യിൽ കുന്തവും കൊടുവാളും ഒന്നുമില്ലായിരുന്നു. ഉദ്യോഗസ്തർ ഒരു കൂടും കൊണ്ടാണ്‌ വന്നത്. മയക്കുവെടിവെച്ചവർ അതിനെ കൂട്ടിലാക്കി കൊണ്ടുപോയി. മുറിവുണങ്ങിയ ശേഷം കാട്ടിൽ വിടാൻ ഉദ്യോഗസ്ഥർ തയ്യാറെടുക്കുന്നു. 

കെന്നത്ത് ആൻഡേർസൺ, ജിം കോർബറ്റ് എന്നിവരുടെ നരഭോജികളായ കടുവകളെ കൊന്ന ചരിതങ്ങൾ വായിക്കണം. വനം, വന്യജീവികൾ എന്നിവയോടുള്ള പൊതുസമീപനവും നരഭോജികളായ കടൂവ പുലി എന്നിവയോടുള്ള വ്യത്യസ്തസമീപനവും അതിൽ നിന്ന് മനസ്സിലാക്കാം. മനുഷ്യൻ വിചാരിക്കുന്നു, ‘മനുഷ്യൻ തന്നെ പ്രധാനം’ എന്ന് പക്ഷെ മലയാളി വിചാരിക്കുന്നതെന്താണെന്നൊ?‘അവനെക്കാൾ പ്രാധാന്യം മൃഗങ്ങൾക്കെന്നല്ല മറ്റു മനുഷ്യർക്കുപോലുമില്ലെന്ന്‌’ . പറയാതിരിക്കാൻ വയ്യ, മലയാളി നിയമങ്ങൾ കാറ്റില്പറത്തി പെരുമാറുന്നു ജീവിക്കുന്നു.

December 3 / 2016
രാജ്യം
മിക്ക രാജ്യങ്ങളും ഭരണാധികാരികളും മണ്ടത്തരങ്ങൾ ചെയ്തിട്ടുണ്ട്, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്, മരണം സമ്മാനിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലത്തും ഉണ്ടായി കഠിനമായ ഉപദ്രവങ്ങൾ ഏറെ.
അതുതന്നെ ഇവിടെയും ഇപ്പോൾ സംഭവിക്കുന്നു.
ഒരു വ്യത്യാസം - തിരുത്തുകളില്ല, കൂടിയാലോചനകൾ ഇല്ല, സഹപ്രവർത്തകർക്ക് അവസാനനിമിഷം വരെ തീരുമാനങ്ങളിൽ പങ്കാളിത്തമില്ല, അറിവില്ല, അഥവാ അവർ ശബ്ദിക്കുന്നില്ല.
പ്രഥമപൗരൻ അറിയാതെ ആണ്‌ ഏറ്റവും ഒടുവിൽ വന്ന കറൻസി റദ്ദാക്കൽ നടന്നതത്രെ! (ഏഷ്യനെറ്റ് ന്യൂസ്)
രാഷ്ട്രപതി ഭവനിൽ നിന്ന് വർത്തമാനം ചോർന്നു പോകുമോ എന്നായിരുന്നു ഭയം!
ഭയം ആയിരുന്നു എന്നു വിവരമുള്ളവർ പറയില്ല. ഇന്ത്യൻ ഭരണഘടനയെ ഈ ഭരണകൂടമോ പാർട്ടിയോ അംഗീകരിക്കുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം.
ആ പാരമ്പര്യം മുറിക്കുകയാണ്‌ ലക്ഷ്യം. അതങ്ങനെ അവിരാമം തുടരും.
അതാണ്‌ മോഹൻലാല്മാർ ആദ്യം തിരിച്ചറിയേണ്ടത്. പ്രതിഫലം ഇച്ഛിച്ച് എത്ര പുലിമുരുകനിലും രാവണപ്രഭുവിലും അഭിനയിച്ചാലും ഉൾക്കാഴ്ച്ചയുള്ള നടന്മാർ ഒപ്പം ചില അർഥപൂർണ്ണമായ ചിത്രങ്ങളിലും അഭിനയിച്ച് സാമൂഹ്യ നിലപാടുകൾ വ്യക്തമാക്കും.
അങ്ങനെ തിരിച്ചറിയുന്നവരാണ്‌ യഥാർത്ഥ കലാകാരന്മാർ. അവരത് സിനിമകളിലൂടെ പറഞ്ഞുതരും, അവരിൽ മുന്തിയ നടന്മാരുണ്ട്. സംവിധായകരുണ്ട്, ചില പേരുകൾ പറയാം. - ചാർളി ചാപ്ളിൻ, മിഗ്യൂൽ ലിറ്റിൻ, തിയോ അഞ്ജെലോ പൗലോ, അന്ദ്രെയ് തർകൊവ്സ്കി, ഫ്രാൻസിസ്കൊ റോസി, ജഫാർ പനാഹി, കോസ്റ്റ ഗാവറസ്.....അവരങ്ങനെ നിറഞ്ഞു നില്ക്കുകയാണ്‌.
അവരൊന്നുംതന്നെ ഭരണകൂടങ്ങളുടെ നിരുപാധിക ‘ഭക്തകുരങ്ങൻ’മാരായിരുന്നില്ല. ഭക്തകുരങ്ങന്മാർ എന്ന്‌ പ്രയോഗിച്ചത്തിന്‌ അടിസ്ഥാനം, ഇതിഹാസ കഥാപാത്രമായാലും, ശ്രീരാമനെ പോലെ മികച്ച ഭരണാധികാരികൾ എല്ലായ്പ്പോഴും ജനിക്കുന്നില്ല എന്നതുപോലെ പ്രതിബദ്ധതയുള്ള ഹനുമാനും എല്ലായ്പ്പോഴും ഉണ്ടാവുന്നില്ല എന്നതുതന്നെ.
വാസ്തവത്തിൽ ശ്രീരാമൻ പോലും മികച്ച ഭരണാധികാരിയായിരുന്നില്ല എന്ന്‌ മനസ്സിരുത്തി ‘രഘുവംശം’ വായിച്ചാൽ മനസ്സിലാവും.
സമ്പദ്‌വികസനത്തിലും അതിന്റെ ഫലം ജനങ്ങളിൽ യഥാസമയം എത്തുന്നതിലും വേണ്ട സമർഥമായ ഭരണപരിഷ്കാരം നടപ്പാക്കിയത് ശ്രീരാമന്റെ വലിയ പിതാമഹനായ ദിലീപനാണ്‌.
എന്നാൽ ആ രാജവംശം അറിയപ്പെട്ടത് ദിലിപന്റെ മകൻ രഘുവിന്റെ പേരിലാണ്‌. കാരണം ദിലീപന്റെ ഭരണപരിഷ്ക്കാരങ്ങൾ കുറ തീർത്ത്‌ ജനജീവിതത്തിന്റെ നിലവാരം ഉയർത്തിയത് രഘുമഹാരാജാവായിരുന്നു എന്നു ‘രഘുവംശം’ സാക്ഷ്യപ്പെടുത്തുന്നു.
ദശരഥന്റെ കാലമായപ്പോൾ വ്യക്ത്യധിഷ്ടിതമായ ദുരന്തങ്ങളിൽ കുരുങ്ങുവാൻ തുടങ്ങി ആ രാജവംശം!. ശ്രീരാമൻ ആ ദുരന്തത്തിൽ അകപ്പെട്ടുപോയി. രാമരാജ്യമായിരുന്നുവെങ്കിലും പ്രശ്നസങ്കീർണമായിരുന്നുവല്ലൊ ആ കാലം. ജീർണ്ണതയുടെ നെല്ലിപ്പലക അവസാനത്തെ രാജാവ്‌ അഗ്നിവർണ്ണനിൽ കാണാം. മന്ത്രിമാർക്ക് മുഖം കൊടുക്കാതിരിക്കൽ, പ്രജകൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കൽ, രാജ്യകാര്യങ്ങളിൽ നിസ്സംഗത, പ്രജകൾ മുറവിളികൂട്ടുമ്പോൾ മട്ടുപ്പാവിലെ അരമതിലിൽ കാലുകൾ മാത്രം പുറത്തിട്ടുള്ള ഇരിപ്പ്.....
സ്വതന്ത്രചിന്ത എവിടെയോ അവിടെയാണ്‌ രാജ്യം, രാജ്യസ്നേഹം എന്നിവയുടെ നിർവചനം യാഥാർത്ഥ്യത്തോടടുത്തു നില്ക്കുക എന്നോർക്കണം. ജർമ്മനിയിലെ സൈന്യാധിപന്മാർക്ക് ഹിറ്റ്ലറോട് ഉണ്ടായിരുന്ന വിയോജിപ്പുകൾ കൾക്കാൻ പോലും ഹിറ്റ്ലർ തയ്യാറായിരുന്നില്ല, അപ്പോഴെല്ലാം അവർക്ക് രാജ്യസ്നേഹമില്ലെന്നായിരുന്നു ഹിറ്റ്ലറുടെ കർശനമായ ശാസനാരൂപത്തിലുള്ള വാക്കുകൾ.
രാജ്യം രാജ്യസ്നേഹം എന്നിവ മനുഷ്യരും ആ പ്രദേശത്ത് അധിവസിക്കുന്ന സർവ ജീവജാലങ്ങളും മലകളും പുഴകളും ജലാശയങ്ങളും ഭൂപ്രകൃതിയും അവയോടു സ്നേഹവും ഇഷ്ടവും ആദരവും എല്ലാം ചേർന്ന മാനസികമായ അവസ്ഥയാണ്‌.
സ്ഥായിയായ വികസനം, സാമ്പത്തിക പുരോഗതിയേയും സാമ്പത്തികേതരമായ ക്ഷേമാവസ്ഥയേയും ഒരുപോലെ പരിഗണിക്കുന്ന തരത്തിൽ, മൊത്തദേശീയവരുമാനം എന്നതിൽ ഒതുക്കാതെ, സാന്ദ്ര ദേശീയ മാനസികോല്ലാസം ലക്ഷ്യമാക്കിയ ഒരു ചെറുരാജ്യം - ഭൂട്ടാൻ - തൊട്ടടുത്തുള്ള ഇന്ത്യയിൽ വർത്തമാനകാലം അനുനിമിഷം ശ്രമകരവും സംഘർഷഭരിതവും ആയ ജീവിതത്തിലൂടെ കടന്നുപോകുന്നത് ഇന്നത്തെ മാത്രമല്ല നാളത്തേയും നാണക്കേടാണ്‌.


Sunday, 17 July 2016

കടത്തനാടൻ അന്തരിച്ചു.


പ്രശസ്ത ബ്ലോഗർ കടത്തനാടൻ
- എടച്ചേരി ദാസൻ- ഇന്ന് രാവിലെ മഞ്ചേരിയിൽ അന്തരിച്ചു.മൃതദേഹം സ്വദേശമായ വടകരയിൽ സംസ്കരിക്കും. ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൂടെ പൊതു രംഗത്ത് ദശാബ്ദങ്ങളായി പ്രവർത്തിച്ചു വന്ന ദാസേട്ടൻ കേരള ബ്ലോഗ് അക്കാദമി നടത്തിയ ശില്പശാലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. 2009 മെയ് 2 ന് വടകരയിൽ നടത്തിയ ബ്ലോഗ് സംഗമത്തിനും ശില്പശാലയ്ക്കും നേതൃത്വം നൽകി. ആദർശം എഴുതാനും പ്രസംഗിക്കാനും മാത്രമുള്ളതല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച അദ്ദേഹം,ജാതി-മത ചടങ്ങുകളോ ആർഭാടമോ ഇല്ലാതെയായിരുന്നു മകളുടെ വിവാഹം നടത്തിയത്. ബന്ധുക്കൾക്കും നാട്ടുകാർക്കും ബ്ലോഗർമാർക്കും അത് ഒരുത്സവമായിരുന്നു. ഒഡേസ ഉൾപ്പെടെയുള്ള ജനകീയ സാംസ്ക്കാരികകൂട്ടായ്മകളുടെ സജീവ പ്രവർത്തകനുമായിരുന്നു, അദ്ദേഹം. ചിത്രകാരനെതിരെ ഐ.ടി നിയമത്തിലെ കരിവകുപ്പുകൾ ഉപയോഗിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ മുൻനിരയിൽ നിന്നു,അദ്ദേഹം. എല്ലാവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച സ്നേഹസമ്പന്നനായിരുന്നു, ദാസേട്ടൻ. അപ്രതീക്ഷിതമാണ് ഈ വേർപാട്. പ്രിയപ്പെട്ട ദാസേട്ടന് വിട.
(വടകര ബ്ലോഗ് ശിൽ‌പ്പശാലയിൽ കടത്തനാടൻ)

Thursday, 5 September 2013

ചിത്രകാരന്റെ ജന്മിമാര്‍ക്കും പീഢനമേറ്റേക്കാം !

അപ്പപ്പോളുള്ള വിവരങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറിവിലേക്കായി സൈബര്‍ കേസിന്റെ ഡയറിക്കുറിപ്പായി ചിത്രകാരന്‍ എഴുതിവക്കുകയാണ് : ഇന്നലെ (5.9.2013) ചിത്രകാരന്‍ കണ്ണൂരില്‍ ബിസിനസ്സ് നടത്തുന്ന ഓഫീസ് റൂമിന്റെ മാസ വാടക വാങ്ങാനായി 70 വയസ്സിലേറെ പ്രായമുള്ള ജന്മി/റൂം ഉടമ ഓഫീസില്‍ വന്നിരുന്നു. അക്കൌണ്ടന്റില്‍ നിന്നും വാടകവാങ്ങി, പോകുന്നതിനു മുന്‍പ്  ജന്മിക്ക് ചിത്രകാരനെ കാണണമെന്ന് പറഞ്ഞു. എന്താ കാര്യം എന്നന്വേഷിച്ച് ചിത്രകാരന്‍ ജന്മിയോട് കുശലാന്വേഷണം നടത്തുന്നതിനിടക്കാണ് ജന്മി, അദ്ദേഹത്തെ ചിത്രകാരനെതിരെയുള്ള സൈബര്‍ കേസുമായി ബന്ധപ്പെടുത്തി പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചതായറിയിച്ചത്. ആദ്യം പോലീസ് സ്റ്റേഷന്‍ വരെ ഒന്നു ചെല്ലണമെന്നാണ് പോലീസുദ്ധ്യോഗസ്തന്‍ ആവശ്യപ്പെട്ടതത്രേ ! വാര്‍ദ്ധക്യ സഹജമായ അസുകങ്ങളുമായി വീട്ടിലിരിക്കുന്ന തനിക്കതിനാവില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് , ജന്മിയുടെ പൂര്‍ണ്ണമായ തപാല്‍ വിലാസവും, പിതാവിന്റെ പേരും, വിശദാംശങ്ങളുമെല്ലാം പോലീസ് ആവശ്യപ്പെട്ടതുപ്രകാരം പറഞ്ഞുകൊടുക്കേണ്ടിവന്നു. അതായത് , ചിത്രകാരനെതിരെയുള്ള സൈബര്‍ കേസ് കാരണം തനിക്ക് സമന്‍സ് വരാനിടയുണ്ടെന്ന് അറിയിക്കാനാണ് ജന്മി വന്നിരിക്കുന്നത്. ............... ഒരുമാസം മുന്‍പ് 2009 ലെ ചിത്രകാരനെതിരെയുള്ള സൈബര്‍ കേസ് ക്ലോസ് ചെയ്യുന്നതിലേക്ക് ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട് എന്ന് പറഞ്ഞ് ചിത്രകാരനെ സി.ഐ.സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ സന്തോഷ് എന്ന പോലീസ് ഉദ്ദ്യോഗസ്തന്‍ ആവശ്യപ്പെട്ടതു പ്രകാരം ചിത്രകാരന്റെ ഓഫീസിന്റെ വാടക കച്ചീട്ടിന്റെ കോപ്പിയും, വാടക അടക്കുന്നതിന്റെ റസീറ്റ് കോപ്പിയും പോലീസിനു നല്‍കിയിരുന്നു. വാടക റസീറ്റിലെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് കഴിഞ്ഞ ആഴ്ച്ചയില്‍ ജന്മിയെ വിളിച്ച് ചോദ്യം ചെയ്തിരിക്കുന്നത്. ...... ഇന്റെര്‍ നെറ്റിലെ ബ്ലോഗ് എന്ന എഴുത്തിടത്തില്‍ അഹിംസാത്മകമായും, മാനവിക സ്നേഹത്തോടും, പുരോഗമനപരമായും ഡയറിക്കുറിപ്പുകളോ ലേഖനമോ കഥയോ കവിതയോ ചിത്രങ്ങളോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ പൌരന്മാരെ ദ്രോഹിക്കണമെന്ന് പോലീസിനോടോ കോടാതിയോടോ ഒരു നിയമവും അനുശാസിക്കുന്നില്ല. .... എങ്കിലും നമ്മുടെ പഴയ രാജഭരണകാലത്തെ “മഹത്തായ” പാരമ്പര്യത്തില്‍ ഇപ്പോഴും വിശ്വസിച്ചു ജീവിക്കുന്ന സൈബര്‍സെല്ലിലെ ജാതിതഴമ്പിന്റെ അസ്ക്യതയുള്ള ഒരു ചെറു വിഭാഗത്തിന്  ജാതി മത സംഘടനകള്‍ക്കു വേണ്ടി “കൊട്ടേഷന്‍” എടുത്ത്  ജനാധിപത്യ രാജ്യത്തെ പൌരന്മാരെ ഭീകരരായി ചിത്രീകരിച്ചെങ്കിലും കേസ് കെട്ടിചമക്കാനും, ദ്രോഹിക്കാനും കഴിയുന്നു എന്നത്  ലജ്ജാകരമായ ജനാധിപത്യ ദുര്യോഗമായേ കാണാനാകു. ..... ചിത്രകാരന്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്തനായിരുന്നെങ്കില്‍ അഡ്വക്കേറ്റ് ഷൈനിന് നേരിട്ട ദുരനുഭവങ്ങള്‍ അനുഭവിക്കേണ്ടി വന്നേനെ. കേരളസമൂഹത്തില്‍ സ്വാതന്ത്യകാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന “തുടിച്ചൂകുളി” , “സംബന്ധം” തുടങ്ങിയ സവര്‍ണ്ണ സാമൂഹ്യ ജീര്‍ണ്ണാചാരങ്ങളെക്കുറിച്ചുള്ള ചെറിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം അറിയിപ്പ് “വിചിത്രകേരളം” എന്ന ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചതിനായിരുന്നല്ലോ ആലപ്പുഴ ജില്ലയിലെ തുറവൂരിലെ അഡ്വക്കേറ്റ് ഷൈനിനെ അന്നത്തെ എന്‍ എസ്.എസ്. ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണ പണിക്കരുടെ പരാതി പ്രകാരം തിരുവനന്തപുരത്തെ സൈബര്‍ സെല്‍ “നഗ്നമായ കൊട്ടേഷന്‍” സംഘത്തെപ്പോലെ കെട്ടിച്ചമച്ച കള്ളക്കഥയിലൂടെ ഭീകരമുദ്രകുത്തി പത്രസമ്മേളനത്തില്‍ “സൈബര്‍ ഭീകരനായി” പ്രദര്‍ശിപ്പിച്ച്, പത്രങ്ങളില്‍ വാര്‍ത്തവരുത്തി, വീട്ടിലും, നാട്ടിലും, സമൂഹത്തിലൊന്നടങ്കവും നാണം കെടുത്തി പീഢിപ്പിച്ചത്. 50000 രൂപയായിരുന്നു  ജാമ്യത്തിനായി കെട്ടിവക്കേണ്ടി വന്നത്. കൂടതെ, ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം കൊച്ചിയില്‍ നിന്നും തിരുവനന്തപുരം സൈബര്‍സെല്ല് ആസ്ഥാനത്തെത്തി ഒപ്പുവക്കണമെന്ന വ്യവസ്ഥയും ! അറിയപ്പെടുന്ന പണ്ഢിത ശ്രേഷ്ഠനായിരുന്ന കാണീപ്പയ്യുര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ “നായന്മാരുടെ പൂര്‍വ്വ ചരിത്രം” എന്ന രണ്ടു വാല്യങ്ങളുള്ള സാമൂഹ്യ ചരിത്ര പുസ്തകം വായിച്ച് പഴയകാലത്തെ നാട്ടു നടപ്പുകളേക്കുറിച്ചറിഞ്ഞ് അതിശയിച്ച ഒരാള്‍ എഴുതിയ ചെറിയൊരു കുറിപ്പിന്റെ പേരിലാണ് ഈ ദ്രോഹങ്ങളത്രയും എന്നോര്‍ക്കണം. പ്രഫസര്‍ ഇളം കുളം കുഞ്ഞന്‍ പിള്ളയുമായുണ്ടായ ചരിത്രപരമായ തര്‍ക്കത്തിന്റെ ഭാഗമായി രചിക്കപ്പെട്ട  കാണിപ്പയ്യൂരിന്റെ “നായന്മാരുടെ പൂര്‍വ്വ ചരിത്രം” എന്ന പുസ്തകത്തിന്റെ രണ്ടു വാള്യങ്ങളും കുന്നംകുളത്തുള്ള പംഞ്ചാഗം പുസ്തകശാലയില്‍ ഇപ്പോഴും ലഭ്യമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയിരിക്കെയാണ് എന്‍.എസ്.എസ്സിന്റെ വംശീയ -വര്‍ഗ്ഗീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി സൈബര്‍ സെല്ലിലെ ചില ജാതിതഴമ്പുള്ള ജനധിപത്യകാലത്തെ ജനസേവകരായിരിക്കേണ്ട പൊതുജനത്തിന്റെ പണം കൊണ്ടു ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്തര്‍ തങ്ങളുടെ ജാതിക്കൂര്‍ സംരക്ഷിക്കാനായി ഷൈനിനെ തന്റെ ജൊലിയില്‍ നിന്നും സസ്പ്പെന്‍ഡ് ചെയ്യിക്കാനും, 2012 ഏപ്രില്‍ 15 ന് ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള മരണം വരെയുള്ള സാഹചര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്. ..... ഈ റേസിസ്റ്റുകളായ ജാതി തഴമ്പുകാര്‍ തഴമ്പിനെക്കുറിച്ച് കൂടുതല്‍ സംസാരിച്ചാല്‍ തഴമ്പില്ലാത്ത അവര്‍ണ്ണരെക്കൊണ്ടും തങ്ങളുടെ വംശീയ അജണ്ട നടപ്പാക്കുമെന്നതില്‍ സംശയമില്ല. അതായത് , നമ്മുടെ നിയമപാലക സംവിധാനം ആശാസ്യമായ അളവില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടില്ലെന്ന് വലിയൊരു വിപത്തായും, ജനാധിപത്യ അന്തകനായും നിലനില്‍ക്കുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളാണ് വളരെ സ്വാഭാവിക ചോദ്യം ചെയ്യലിന്റെയും കേസ് നടപടികളുടേയും ഭാഗമായെന്ന ഭാവേനയുള്ള ചിത്രകാരന്റെ ജന്മിയെ ചോദ്യം ചെയ്യലും, അയാളെ കോടതിയിലേക്ക് വലിച്ചിഴക്കാനുള്ള സാധ്യതയായും തെളിഞ്ഞു വരുന്നത്. ഇത്തരം വിവരങ്ങള്‍ ആര്‍ക്കുണ്ടായലും അത് പൊതുജന ശ്രദ്ധയില്‍ വരുന്നവിധം രേഖപ്പെടുത്തിവക്കുക എന്നതുമാത്രമേ ജനാധിപത്യത്തിന്റെ രക്ഷക്കും, പൌര സ്വാതന്ത്ര്യത്തിന്റെ വളര്‍ച്ചക്കുമായി ചെയ്യാനാകു.  

Sunday, 4 August 2013

ചിത്രകാരന്‍ മുരളി.ടി.ക്കെതിരെയുള്ള സൈബര്‍ കേസിന്റെ രേഖകള്‍

ബ്ലോഗര്‍ ചിത്രകാരന്‍ തന്റെ പുസ്തകരചനയുടെയും, പെയിന്റിങ്ങ് എക്സിബിഷന്റേയും ഭാഗമായി ബ്ലോഗില്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്ന കാര്‍ട്ടൂണ്‍, പെയിന്റിങ്ങുകള്‍, സാമൂഹ്യശാസ്ത്ര-രാഷ്ട്രീയ- ചരിത്ര കുറിപ്പുകള്‍, കവിതകള്‍, ആനുകാലിക വായനാ/ഡയറി കുറിപ്പുകള്‍ എന്നിവയടങ്ങുന്ന  ബ്ലോഗ് പോസ്റ്റുകള്‍ 2007 മുതല്‍ ‘ബൂലോഗത്ത് ’ വായനക്കാര്‍ക്ക് ലഭിച്ചുവരുന്നുണ്ട്. എന്നാല്‍, മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് അസിഹിഷ്ണുതയുള്ള ഒരു ഗ്രൂപ്പ് ചിത്രകാരനെ കേസില്‍ കുടുക്കി എഴുത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തുടക്കം മുതലേ ശ്രമിച്ചിരുന്നു. ഇന്ത്യയുടെ ലോകപ്രശസ്ത ചിത്രകാരനായിരുന്ന എം.എഫ്.ഹുസൈനെ വംശീയ വിദ്വേഷത്താല്‍ ഒരേ സമയം ആയിരത്തോളം കേസുകളില്‍ കുടുക്കി ദ്രോഹിച്ച് ഇന്ത്യയില്‍ നിന്നും ഫലത്തില്‍ നാടുകടത്തിയ വര്‍ഗ്ഗീയ വാദികള്‍ അതിനായി കണ്ടെത്തിയ കാരണം ഹുസൈന്‍ പത്തോ ഇരുപതോ വര്‍ഷം മുന്‍പ് വരച്ച സരസ്വതിയുടേയും സീതയുടേയുമൊക്കെ ചിത്രങ്ങള്‍ മികച്ച പട്ടു സാരികള്‍ ഉടുത്തിരുന്നില്ല എന്നതായിരുന്നല്ലോ. ഇതേ ഇനത്തില്‍പ്പെട്ട വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ തന്നെയാണ് ബ്ലോഗര്‍ ചിത്രകാരനെതിരേയും കേസും, ഭീഷണിയുമായി ദ്രോഹ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

അക്ഷരമെഴുതുന്നവരുടെ ചെവിയില്‍ ഐ.ടി. ആക്റ്റ് ഒഴിക്കുന്നവര്‍ 
തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഒരു വംശീയ/വര്‍ഗ്ഗീയ/റേസിസ്റ്റ് കൂട്ടായ്മയിലെ സന്തോഷ് ജനാര്‍ദ്ദനന്‍ എന്നൊരാള്‍ ചിത്രകാരന്റെ എല്ലാ ബ്ലോഗുകളിലും തുടക്കത്തിലേ എഴുതിക്കാണിക്കുന്ന ബോധവികാസം ഇല്ലാത്തവരും, അക്ഷരങ്ങളെ ഭയപ്പെടുന്നവരും  ചിത്രകാരന്റെ ബ്ലോഗുകള്‍ വായിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുകയും, കമന്റുകളിലൂടെയും, ചാറ്റ് ബോക്സുകളിലൂടെയും “പൊന്നമ്പലം” എന്ന ബ്ലോഗര്‍ വേഷമണിഞ്ഞ് ഭീഷണി സ്വരം അറിയിച്ചുകൊണ്ടുമിരുന്നു. അതേ കാലത്തുതന്നെ കേരള ഫാര്‍മറെപ്പോലുള്ള ഇയാളുടെ കൂട്ടാളികള്‍ ചിത്രകാരന്റെ ബ്ലോഗ് പോസ്റ്റുകള്‍ “ഗൂഗിളില്‍” ഫ്ലാഗ് ചെയ്ത് പരാതി നല്‍കി ഡിലേറ്റ് ചെയ്യിക്കാന്‍ ആഹ്വാനം ചെയ്ത്, ചിത്രകാരന്റെ ഫോട്ടോ, വിസിറ്റിങ്ങ് കാര്‍ഡ്, വിലാസം എന്നിവ അനുമതി കൂടാതെ അയാളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും, ചിത്രകാരന്റെ ബ്ലോഗ് ഗൂഗിളിനെക്കൊണ്ട് ബ്ലോക്ക് ചെയ്യിക്കാനുള്ള ഫ്ലാഗിങ്ങ് ചെയ്യേണ്ട വിധം എങ്ങനെയെന്ന് ചിത്രകാരന്റെ ബ്ലോഗിന്റെ സ്ക്രീന്‍ ഷോട്ടുകളടക്കം സ്റ്റെപ് ബൈ സ്റ്റെപ്പായി വിവരിച്ചിരുന്നതും ഓര്‍ക്കേണ്ടതാണ്.

 “പൊന്നമ്പലം” എന്ന ബ്ലോഗ് നാമത്തില്‍ ഭീഷണി നടത്തിയിരുന്ന സന്തോഷ്  ജനാര്‍ദ്ദനന്‍ ചിത്രകാരന്റെ പ്രസിദ്ധമായ “സരസ്വതിക്കെത്ര മുലകളുണ്ട് ” എന്ന 2009 ജനുവരി 9ന് എഴുതിയ ചെറിയൊരു പോസ്റ്റ് വായിച്ച് ,  ഹിന്ദുക്കളുടെ വികാരം വൃണപ്പെടാന്‍ കാരണമായെന്ന്  പോലീസിന്റെ സൈബര്‍ സെല്ലിലേക്ക് ഈ മെയിലുകള്‍ അയക്കുകയും, ഇയാളുടെ തിരുവനന്തപുരത്തെ ഫാര്‍മറെപ്പോലുള്ള കൂട്ടാളികള്‍ സൈബര്‍ സെല്ലില്‍  നിരന്തരം സ്വാധീനിച്ചതിന്റേയും ഫലമായി ചിത്രകാരന്‍ താമസിക്കുന്ന കണ്ണൂര്‍ കേന്ദ്രമായുള്ള സൈബര്‍ സെല്ലിനെക്കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യിപ്പിക്കാനും ചെന്നൈയിലിരുന്ന് കേവലം ഈ-മെയില്‍ പരമ്പരകളായി പരാതിയയക്കുന്ന സന്തോഷ് ജനാര്‍ദ്ദനു കഴിഞ്ഞു എന്നതുതന്നെ ഇവരുടെ വര്‍ഗ്ഗീയ കൂട്ടയ്മയുടെ സംഘബലത്തിന്റെയും ഭരണകൂട സംവിധാനങ്ങളെ സ്വാധീനിക്കാനുള്ള കഴിവിന്റേയും തെളിവാണെന്ന് കാണാം.

ിത്രാരിരെയുള് സൈബര്‍ കേസ്:
കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍ 18/09 എന്ന നമ്പറില്‍ രജിസ്റ്റെര്‍ ചെയ്തിട്ടുള്ള ചിത്രകാരനെതിരെയുള്ള കേസ് ഐ.ടി. ആക്റ്റ് 67 ആം വകുപ്പു പ്രകാരമാണ് കുറ്റം ആരോപിച്ചിരിക്കുന്നത്. 2009ല്‍ രജിസ്റ്റെര്‍ ചെയ്തിട്ടുള്ള ഈ കേസില്‍ ചിത്രകാരന്‍ കോടതിയില്‍ നിന്നും മുന്‍‌കൂര്‍ ജാമ്യമെടുത്തിരുന്നു. പണസമ്പാദനത്തിനായി പോണ്‍ സൈറ്റുകള്‍ നടത്തുന്നവര്‍ക്കെതിരെ പ്രയോഗിക്കാനുള്ള ഐ.ടി.ആക്റ്റ് 67 ആം വകുപ്പ്, കലാപ്രവര്‍ത്തനം നടത്തുന്ന ചിത്രകാരനെതിരെ കള്ളക്കേസായി കോടതിയില്‍ തള്ളിപ്പോകുമെന്നറിവുള്ളതിനാലാകണം നാലര വര്‍ഷത്തോളമായി ഈ കേസ് കോടതിയിലെത്താതെ പോലീസ് സ്റ്റേഷനില്‍ തന്നെ ഉറങ്ങുകയായിരുന്നിരിക്കണം.

എന്നാല്‍, 2013ല്‍ ചിത്രകാരന്‍ പഴയകാലത്തെ തിരുവിതാംകൂര്‍ രാജഭരണ കാലത്തെ കിരാതമായ മുലക്കരം, മീശക്കരം, ചാന്നാര്‍ സ്ത്രീകളുടെ മേല്‍ വസ്ത്രമുരിയല്‍ തുടങ്ങിയ വംശീയ പീഢനങ്ങളെ പ്രതിപാദിക്കുന്ന കുറെ ചിത്രങ്ങള്‍ വരച്ചതിന്റേയും, സോളാര്‍ വിവാദത്തിന്റെ  സാഹിത്യചരിത്ര-സാംസ്ക്കാരിക-ഐതിഹ്യപരമായ വേരുകളെ അനാവരണം ചെയ്യുന്ന  കുറിപ്പുകള്‍ എഴുതിയതിന്റെയും പശ്ചാത്തലത്തിലായിരിക്കണം കേസ് വീണ്ടും പൊടിതട്ടി എടുക്കാനോ പുതിയ കേസില്‍ കുടുക്കാനോ ആരംഭിക്കുന്നതായി അറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ തിങ്കളാഴ്ച്ചക്കു ശേഷമേ (5.8.2013) ലഭ്യമാകു.

 അഡ്വക്കേറ്റ് ഷൈന്‍- സൈബര്‍ സെല്ലിന്റെ രക്തസാക്ഷി:
 എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണ പണിക്കരുടെ പരാതിപ്രകാരം ബ്ലോഗ്ഗറായിരുന്ന ചേര്‍ത്തലയിലെ അഡ്വക്കേറ്റ് ഷൈനിനെ സൈബര്‍ ഭീകര മുദ്രകുത്തി, പത്രസമ്മേളനം നടത്തി പ്രദര്‍ശിപ്പിക്കുന്ന നാടകംനടത്തുകയും, അദ്ദേഹത്തിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ കാരണമായ ഉപജാപങ്ങള്‍ സംഘടിപ്പിക്കുകയും, ഷൈനിന്റെ ബ്ലോഗിന്റെ പാസ് വേഡ് കരസ്ഥമാക്കി ബ്ലോഗ് ക്ലോസ് ചെയ്തതും മറന്നുകൂടാത്തതാണ്. സത്യത്തില്‍, ഒരു വര്‍ഷം കഴിഞ്ഞുള്ള ഷൈനിന്റെ ഹൃദയ സ്തംഭനം മൂലമുള്ള മരണത്തില്‍ പോലും പ്രധാന കാരണം എന്‍.എസ്.എസ്. എന്ന ജാതി സംഘടനയോട് സൈബര്‍ സെല്ലിലെ വംശീയ താല്‍പ്പര്യങ്ങളും വിധേയത്വവുമുള്ള ഉദ്ധോഗസ്തര്‍ കാണിച്ച ക്രൂരതയാണെന്ന് പറയാം. കാരണം, ബ്ലോഗെഴുതിയതിന് നിയമവിരുദ്ധമായി പ്രതി ചേര്‍ക്കപ്പെട്ട് ഭീകരനായി ചിത്രീകരിക്കപ്പെട്ട അഡ്വക്കേറ്റ് ഷൈന്‍ ആഴ്ച്ചയിലൊരിക്കല്‍ എറണാകുളത്തുനിന്നും തിരുവനന്തപുരത്തുള്ള സൈബര്‍ സെല്ലിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയെല്ലാം ചേര്‍ത്താണ് ജാമ്യം നല്‍കുന്നത്. ക്ഷേത്ര കമ്മിറ്റിയുടെ ട്രഷററും രക്ഷാധികാരിയുമെല്ലാമായിരിക്കുന്ന അടുത്ത ബന്ധുക്കളുള്ള ഷൈന്‍ കേസുമായി മുന്നോട്ടു പോകാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. കുടുംബം ബന്ധങ്ങള്‍ സംരക്ഷിക്കാനായി സൈബര്‍ സെല്‍ നല്‍കിയ എന്‍.എസ്.എസിന്റെ വംശീയ വിഷം സോക്രട്ടീസിനെപ്പോലെ വാങ്ങി കഴിച്ച് ഒരു രക്തസാക്ഷിയാകുകയായിരുന്നു ഷൈന്‍.

കലാപ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുള്ള പ്രതിരോധം
പഴയ തിരുവിതാംകൂര്‍ രാജഭരണ പ്രദേശമായ തിരുവനന്തപുരത്തുനിന്നും മലബാറിലെ കണ്ണൂര്‍ വളരെ ദൂരെയായതിനാല്‍ എന്‍.എസ്. എസ്. പോലുള്ള ജാതി സംഘടനകളുടെ വംശീയ വിഷം ചേര്‍ത്തലയിലെ ഷൈനില്‍ പ്രവര്‍ത്തിച്ചതുപോലെ കണ്ണൂരില്‍ ഏല്‍ക്കില്ലെങ്കിലും, സൈബര്‍ സെല്ലില്‍ വംശീയ വാദികള്‍ ചെലുത്താനിടയുള്ള രാഷ്ട്രീയ-ഭരണ സ്വാധീനം കുറച്ചുകാണാനാകില്ല. അതുകൊണ്ടുതന്നെ ചിത്രകാരനെതിരെയുള്ള സൈബര്‍ കേസുമായി ബന്ധപ്പെട്ട എല്ല രേഖകളും(എഫ്.ഐ.ആര്‍, സന്തോഷ് ജനാര്‍ദ്ദനന്റെ ഈമെയില്‍ പരാതികള്‍, കേസിനാസ്പദമായ പോസ്റ്റിന്റെ പോലീസില്‍ സമര്‍പ്പിക്കപ്പെട്ട കോപ്പി, തുടങ്ങിയവ) മനുഷ്യാവകാശ പ്രബുദ്ധതയുള്ളവരുടെയും, ജനാധിപത്യവാദികളുടേയും അറിവിലേക്കും ഇടപെടാനുള്ള സൌകര്യത്തിനായും താഴെ ചെര്‍ത്തിരിക്കുന്നു. ക്ലിക്കി വലുതാക്കി വായിക്കുകയോ, സേവ് ചെയ്ത് പ്രിന്റെടുക്കുകയോ ചെയ്യാം.



എഫ്.ഐ.ആര്‍. ഒന്നാം പേജ്
എഫ്.ഐ.ആര്‍. രണ്ടാം പേജ്


സന്തോഷ് ജനാര്‍ദ്ദനന്‍ സൈബര്‍ പോലീസിനയച്ച ഈമെയില്‍ പരാതികള്‍ (മുകളിലും താഴെയും)

കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ചിത്രകാരന്റെ നിസാരം ബ്ലോഗിലെ കേസിനാസ്പദമായ പോസ്റ്റിന്റെ ഫോട്ടോ സ്റ്റാറ്റ്.
ദേശാഭിമാനി പത്രത്തില്‍ വന്ന ഈ വിഷയത്തിലുള്ള ഒരു വാര്‍ത്ത

Thursday, 17 January 2013

ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി...

മലയാളം ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു A4 നോട്ടീസ് വലിപ്പത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ലഘുലേഖ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഇത് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാനും, ബ്ലോഗറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനും ഉപയോഗപ്പെടുത്താം.

ലഘുലേഖയുടെ ഇമേജില്‍ മൌസിന്റെ റൈറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് open image in new tab എന്നു സെലക്റ്റു ചെയ്താല്‍ വായിക്കാവുന്ന വിധം വലുതായി കാണാവുന്നതാണ്. അതു ചെയ്യാന്‍ വിഷമമുണ്ടെങ്കില്‍ താഴെ കൊടുത്ത ഈ ലിങ്കില്‍ ഒന്ന് ക്ലിക്കു ചെയ്താലും ഇമേജ് വലുതായി തുറന്നുവരുന്നതാണ്.

Translate