Friday 7 December 2018

എന്റെ മദിരാശി


എനിക്ക് നിരവധി സുഹൃത്തുക്കള്‍ മദിരാശിയിലുണ്ട്.
ആ നഗരം എനിക്ക് പ്രിയപ്പെട്ട ഒന്നാണ്.
അവിടെ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ജോലി തേടിയും, പിന്നെ മാതൃഭൂമിയുടെ മദിരാശി ലേഖകനായി ജോലി ചെയ്തും കഴിച്ചിരുന്നു.
ആ നഗരം എനിക്ക് അന്നവും ഉറങ്ങാനിടവും തന്നു.
പോരാ, ഞാന്‍ പ്രശസ്തരായ സംഗീതജ്ഞരെ അടുത്തുകാണുന്നതും അവരുടെ സംഗീതം കേള്‍ക്കുന്നതും മദിരാശിയില്‍ വെച്ചാണ്.എം ഡി രാമനാഥന്‍, ഭീംസെന്‍ ജോഷി, നര്‍ത്തകി ബാലസരസ്വതി ....
പി കെ ശ്രീനിവാസനുമൊത്ത് ഹാരിങ്ങ്ടണ്‍ റോഡിലെ വീട്ടില്‍ ചെന്ന് എം ഗോവിന്ദനെ കാണാറുള്ളത് ഓര്‍മ്മിക്കുന്നു. പി.കെ.ശ്രീനിവാസന്‍ കേരള കൗമുദി ലേഖകന്‍ ആയി വന്ന മുതല്‍ സിനിമാ ലോകത്ത് ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര.
അമിതാഭ് ബച്ചനെ തനിച്ച് എനിക്ക് മുന്നില്‍ ലഭിച്ചത് വിജയവാഹിനി സ്റ്റുഡിയോയില്‍ വെച്ചാണ്. 'കൂലി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ആമാശയത്തില്‍ ക്ഷതം സംഭവിക്കുകയും മരണത്തിനടുത്തുവരെ എത്തുകയും ചെയ്ത ശേഷം ആദ്യമായി ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അമിതാഭ് ബച്ചന്‍ മദിരാശിയില്‍ എത്തിയ അവസരമായിരുന്നു അത്. വെറും അഞ്ച് മിനിറ്റ് നേരം മാത്രമാണെങ്കിലും എക്‌സ്‌ക്‌ളൂസ്സിവ് ആയി സംസാരിക്കാന്‍ അവസരം ലഭിച്ചതും അതനുസരിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കാനായതും അവിടെവെച്ചാണ്. അല്‍പം ദൂരെ മാറി നിന്ന് ശ്രീ ടി ദാമോദരനും ശ്രീ പി.വി.ഗംഗാധരനും അമിതാഭ്ബച്ചനുമായി ഞാന്‍ സംസാരിക്കുന്നത് നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഭരതന്റെ 'കാറ്റത്തെ കിളീക്കൂട്' എന്ന ചിത്രത്തിന്റെ ശബ്ദസന്നിവേശം ആ സ്റ്റുഡിയോയിലൊരിടത്ത് നടക്കുന്നത് 'ചിത്രഭൂമി'യിലെഴുതാന്‍ പോയതായിരുന്നു ഞാന്‍.
പ്രേംനസീറിനെയും സമകാലിക നടീനടന്മാരേയും സംവിധായകരേയും അടുത്തു പരിചയപ്പെടുന്നതും മദിരാശിയില്‍ വെച്ച്. ചന്ദ്രാജി, അടൂര്‍ ഭാസി, പി.എ.ബക്കര്‍, കെ.ജി.ജോര്‍ജ്ജ്, ഭരതന്‍, ജോണ്‍ പോള്‍......
അടൂര്‍ ഭാസിയുടെ ചില പ്രായോഗിക തമാശകള്‍ അസാമാന്യമായിരുന്നു.
ഒന്നിപ്രകാരം.
അദ്ദേഹം താമസിച്ചിരുന്നത് കോടമ്പാക്കത്ത് രാജവീഥിയെന്ന തെരുവിലെ നാലാം വീട്ടില്‍. മുകള്‍ നിലയില്‍ അടൂര്‍ ഭാസി. മിക്കവാറും ഷൂട്ടിംഗ് തിരക്കുമായി അടൂര്‍ ഭാസി കേരളത്തിലാവും.താഴെ നിലയില്‍ ജ്യേഷ്ഠന്‍ ചന്ദ്രാജിയും ഭാര്യയും മകനും.
ഞാന്‍ എന്റെ വിവാഹം അറിയിക്കാന്‍ ചെന്ന ദിവസം അടൂര്‍ ഭാസി ഉണ്ടായിരുന്നു.
മുകളിലേക്ക് ചെല്ലാന്‍ പറഞ്ഞ ചന്ദ്രാജി, ഒന്നുകൂടി പറഞ്ഞു. 'സൂക്ഷിച്ചു നോക്കി പോണം'. അപ്പറഞ്ഞതെന്തിനെന്ന് എനിക്കപ്പോള്‍ മനസ്സിലായില്ല.മുകളില്‍ ചെന്നപ്പോള്‍ അടൂര്‍ഭാസി സോഫയില്‍ ഇരിക്കുന്നു,
മുഴുനഗ്‌നനാണ്. 'വല്ലാത്ത ഉഷ്ണം, വസ്ത്രം വേണ്ടെന്നു തോന്നി, കയറിവരുന്നത് സഹദേവനല്ലെ, ദേവിയല്ലല്ലൊ'. ചന്ദ്രാജി പറഞ്ഞതിനര്‍ത്ഥം അപ്പോഴാണ് മനസ്സിലായത്.
കുറച്ചുനേരം ഇരുന്നു സംസാരിച്ച ഭാസി തന്റെ സ്വതസിദ്ധമായ നര്‍മ്മബോധം പ്രദര്‍ശിപ്പിക്കാന്‍ എഴുന്നേറ്റു. എഴുന്നേല്‍ക്കുന്നതിനുമുന്‍പായി മുന്നിലെ ടീപ്പോയിയില്‍ നിന്ന് 'ഹിന്ദു' പത്രം എടുത്തു നിവര്‍ത്തി, പിന്‍ഭാഗം മറച്ചു പിടിച്ചു. നടന്നു കൊണ്ട് സംസാരിക്കാന്‍ തുടങ്ങി, 'ചങ്ങനാശ്ശേരിയിലായിരുന്നു ഷൂട്ടിംഗ്, കുറച്ചു ഭാഗം കോട്ടയത്തും'...
മുറിയുടെ അറ്റം വരെ പോയി ഭാസി തിരിഞ്ഞു, നടത്തം എനിക്കഭിമുഖമായി നൊടിയിടയില്‍ 'ഹിന്ദു' മുന്നില്‍ സ്ഥാനം പിടിച്ചു. സംസാരം തുടര്‍ന്നു, 'അടുത്ത ആഴ്ച തിരുവനന്തപുരത്തു പോകും'. അതും പറഞ്ഞ് അദ്ദേഹം മുന്‍പിരുന്ന സോഫയില്‍ ചെന്നിരുന്നു.
അഞ്ചു മിനിറ്റു പോലും നീണ്ടു നില്‍ക്കാത്ത ഒരു രംഗം. ഞാന്‍ കണ്ട എറ്റവും ഹാസ്യാത്മകമായ രംഗം, ലൈവ് ഫ്രം ദ ഗ്രേറ്റ് കൊമേഡിയന്‍ ആന്‍ഡ് ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റ്. ഈ രംഗം അദ്ദേഹം പല തവണ പലരുടെയും മുന്നില്‍ ആവര്‍ത്തിച്ചിരിക്കണം.
റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഒട്ടുമിക്ക സ്ഥലങ്ങളും ഞാന്‍ സഞ്ചരിച്ചത് മദിരാശിയില്‍ ജോലിചെയ്യവെയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രാദേശികകേന്ദ്രങ്ങള്‍ മദിരാശിയിലായതിനാല്‍ അത്തരം അവസരങ്ങള്‍ ഏറെയായിരുന്നു. ഒ.എന്‍.ജി.സി യുടെ പ്രവര്‍ത്തനയിടങ്ങളായ ഗുജറാത്തിലെ കലോല്‍ എണ്ണപാടം, ഡെറാഡൂണിലെ ഗവേഷണകേന്ദ്രം. മസ്സൂറി...
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ അന്ന് ചെറുറോക്കറ്റുകള്‍ വിക്ഷേപിച്ചു പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നതേയുള്ളൂ. സുപ്രധാന വിക്ഷേപണ ദിവസങ്ങളില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെ സന്നിഹിതയായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തിലാണ് ഞാന്‍ അനിതാ പ്രതാപുമായി പരിചയപ്പെടുന്നത്. വിക്ഷേപണ സമയം ആവാന്‍ പ്രധാനമന്ത്രിയെ കാത്തിരുന്ന നീണ്ട സമയം ചെലവഴിക്കാന്‍ ഞാന്‍ ലൂയി ബോര്‍ഹസിന്റെ 'അദര്‍ ഇന്‍ക്യുസിഷന്‍സ്' എന്ന അതീവരസകരമായി എനിക്കനുഭവപ്പെട്ട ലേഖനസമാഹാരം വായിക്കുകയായിരുന്നു. അടുത്ത ഒഴിഞ്ഞ സീറ്റില്‍ വന്നിരുന്നത് അനിത. അനിത അന്ന് എം ജെ അക്ബര്‍ പത്രാധിപരായ 'സണ്‍ഡെ' വാരികയുടെ ലേഖികയാണ്. അനിത സംസാരിച്ചതും ആ പുസ്തകത്തെ കുറിച്ചാണ്. അനിതയുമായുള്ള സൗഹൃദം ഇപ്പോഴും തുടരുന്നു.
1984 ലെ മദിരാശി മീനമ്പാക്കം വിമാനത്താവളത്തിലെ ബോംബ് സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്ത ഓര്‍മ്മയുണ്ട്. ഞാന്‍ തന്നെ ആയിരുന്നു അന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച പി.ടി.ഐയുടെതല്ലാത്ത ചിത്രങ്ങള്‍ എടുത്തത്. ഒരു മിനോള്‍ട്ട എക്‌സ്.ജി.എം ക്യാമറ.
ഭക്ഷ്യധാന്യം നല്‍കുന്നതില്‍ തമിഴ്‌നാടിനോടുള്ള കേന്ദ്രസര്‍ക്കാറിന്റെ അവഗണനക്കെതിരെ മുഖ്യമന്ത്രിയായിരുന്ന എം.ജി.ആര്‍ മരീന കടപ്പുറത്തു നിരാഹാരസമരം ചെയ്ത അന്നാണ് എനിക്ക് അദ്ദേഹവുമായി സംസാരിക്കാനും ചോദ്യം ചോദിക്കാനും അവസരമുണ്ടായത്. 'അന്നത്തെ ആ സമരത്തെ കുറിച്ചുള്ള അടുത്ത ദിവസത്തെ മാതൃഭൂമി മുഖ്യവാര്‍ത്തയോടൊപ്പമുണ്ടായിരുന്ന ടോപ്പ് ബ്രേക്ക് അപ്പ് തലക്കെട്ട് അദ്ദേഹത്തിന്റെ കേന്ദ്രത്തോടുള്ള ഒരു ചോദ്യമായിരുന്നു. 'ചീര്‍പ്പൊളിപ്പിച്ചാല്‍ കല്യാണം മുടങ്ങുമൊ? തമിഴ്മലയാളി ലക്ഷണമുള്ള ചൊല്ല്.
എം.ജി.ആര്‍. രോഗബാധിതനായി അപ്പോളോ ആശുപത്രിയില്‍ കിടക്കവെ വി.ഐ.പികളുടെ പ്രവാഹമായിരുന്നു. ഫോട്ടോഗ്രാഫര്‍ രാജന്‍ പൊതുവാളും ഞാനും ദിവസവും രാവിലെ ആശുപത്രിയില്‍ സന്നിഹിതരാവും. ബി.ബി.സി. ഉള്‍പ്പെടെ ലോകമെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഒന്നിച്ചുകൂടിയ ദിനങ്ങള്‍. അന്നത്തെ ഹോസ്പിറ്റല്‍ റിപ്പോര്‍ട്ടിങ്ങ് മുഖ്യമന്ത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഒതുങ്ങുന്നതായിരുന്നില്ല. തമിഴ്‌നാടു രാഷ്ട്രീയത്തിന് അതില്‍ വലിയ പങ്കുണ്ട്. ആരാണ് വാസ്തവത്തില്‍ തമിഴ്‌നാടു ഭരിക്കുന്നത്?
ആര്‍ക്കാണ് മുഖ്യമന്ത്രിയുടെ ചുമതല? എങ്കില്‍ ആര് ഭരണം നടത്തുന്നു. വി ആര്‍ നെടൂഞ്ചേഴിയനോ ആര്‍ എം വീരപ്പനോ, പണ്ട്രുരുറ്റി എസ്.രാമചന്ദ്രനോ?
വാസ്തവത്തില്‍ സംസ്ഥാനത്ത് ഭരണഘടനാ സ്തംഭനമില്ലേ?
ആരും തന്നെ അത് തുറന്നെഴുതിയില്ല. ഒക്കെ ശുഭം.
അന്ന് വിഭ്രമജനകമായ കാഴ്ചകള്‍ക്ക് പഞ്ഞമില്ലായിരുന്നു. നഗരത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് എം ജി ആര്‍ ആരാധകര്‍ മലവും ചളിവെള്ളവും കെട്ടിക്കിടന്ന തെരുവുകളിലൂടെ ശയന പ്രദക്ഷിണം ചെയ്ത് അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു. വഴിപാടാണ്. ചളി പുരണ്ടതുമാത്രമായിരുന്നില്ല ആ ശരീരങ്ങള്‍. ഉരുണ്ടുവരവേ വഴിവക്കിലെ പൊട്ടിക്കിടക്കുന്ന കുപ്പിച്ചില്ലുകള്‍ തറച്ചു ചോരയൊലിക്കുന്നുമുണ്ടായിരുന്നു അവ. ചേരികളിലെ സ്ത്രീകള്‍ ആള്‍വലിപ്പത്തിലുള്ള എം.ജി.ആര്‍ സിനിമാ പോസ്റ്ററുകള്‍ പറിച്ചെടുത്ത് തറയില്‍ വിരിച്ച് അതില്‍ കിടന്ന് മകനെയോ അണ്ണനേയൊ പിതാവിനെയോ എന്ന പോലെ പ്രതീകാത്മകമായി ശുശ്രൂഷിച്ച നാളുകളായിരുന്നു അവ! അദ്ദേഹം ആരോഗ്യവാനായിരുന്ന കാലത്ത് ആ പോസ്റ്ററുകളിലെ രൂപത്തിന് ഭാവം ഉത്തമനായ മാതൃകാപുരുഷനില്‍ കുറഞ്ഞൊന്നുമായിരുന്നില്ല. ഭര്‍ത്താവോ കാമുകനോ ആവാം.
ഒരു റിപ്പോര്‍ട്ടര്‍ക്ക് പഠിക്കാനുള്ള നല്ല വിളഭൂമിയായിരുന്നു അന്നെനിക്ക് മദിരാശി. ഒരിടത്ത് ഗൗരവം ഒട്ടും ചോര്‍ന്നു പോകാതെ നില നിര്‍ത്തുന്ന 'ഹിന്ദു', അങ്ങേയറ്റത്ത് എല്ലാം മധുരതരമാക്കുന്ന 'ദിനതന്തി'.
ഒരു ദിനതന്തി വര്‍ത്തമാനം ഓര്‍മ്മ വരുന്നു. പദ്മിനി തോമസ് ഏഷ്യാഡില്‍ വെള്ളിമെഡല്‍ നേടി മടങ്ങുന്ന വേളയില്‍ ദക്ഷിണ റെയില്‍വെ അവര്‍ക്ക് സ്വീകരണം നല്‍കി. അവരുമായി സംസാരിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് അവസരവുമൊരുക്കി. പദ്മിനി മലയാളത്തിലാണ് സംസാരിക്കുന്നത്. എന്റെ ഒരു വശത്ത് യു എന്‍ ഐയില്‍ നിന്നുള്ള ഇന്ദു എന്ന യുവതി, അവരുടെ ചോദ്യങ്ങള്‍ക്കുള്ള പദ്മിനിയുടെ മറുപടി ഇംഗ്‌ളീഷിലാക്കി പറഞ്ഞുകൊടുക്കാന്‍ എന്നോട് അപേക്ഷിക്കുന്നു. മറുവശത്ത് 'ദിനതന്തി'യിലെ സ്‌പോര്‍ട്ട്‌സ് ലേഖകനും അതു തന്നെ ആവശ്യം, പദ്മിനിയുടെ ഉത്തരം തമിഴില്‍ പറഞ്ഞുകൊടുക്കണം. 'ദിനതന്തി' എന്നോട് ചോദിക്കുന്നു, 'കേളുങ്കൊ സാര്‍, ഇവര്‍ക്ക് തിരുമണമായി ട്ച്ചാ?'. പദ്മിനിക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കി.
'പദ്മിനി സൂക്ഷിച്ച് മറുപടി പറഞ്ഞാല്‍ മതി'.
പദ്മിനി പറഞ്ഞ്, 'അടുത്തു തന്നെ ഉണ്ടാവും'
ദിനതന്തിക്ക് ഉത്സാഹം. 'കേളുങ്കൊ സാര്‍ കാതല്‍ തിരുമണമാ?'
പദ്മിനി അങ്ങനെയും ഇങ്ങനെയും അതു പറഞ്ഞൊപ്പിച്ചു.. ഇതിനിടയില്‍ ദിനതന്തി ഫോട്ടോഗ്രാഫര്‍ ആ യുവാവിനെ അവിടെ അടുത്തുനിന്നു തന്നെ പിടികൂടി പത്രസമ്മേളനം കഴിയേണ്ട താമസം ഇരുവരെയും ക്യാമറയിലാക്കി. അടുത്ത ദിവസം ദിനതന്തിയിലെ മെയിന്‍ വാര്‍ത്ത, 'വെള്ളിപ്പതക്കം പെറ്റ്ര പദ്മിനിക്ക് കാതല്‍ തിരുമണം'. (വെള്ളിമെഡല്‍ കരസ്ഥമാക്കിയ പദ്മിനിക്ക് പ്രണയവിവാഹം)
നവംബര്‍ കഴിഞ്ഞാല്‍ മദിരാശി ഉത്സവലഹരിയിലേക്ക് ചായും. സുഖകരമായ കാലാവസ്ഥ, ചുടുകുറവ്, നേരിയ തണുപ്പ് ആവരണം ചെയ്ത സായാഹ്നങ്ങള്‍.
കൈത്തറി പ്രദര്‍ശനങ്ങള്‍, നൃത്ത സന്ധ്യകള്‍, മ്യൂസിക് അക്കാദമിയില്‍ സംഗീതോത്സവം. മൈലാപ്പൂരിലും മറ്റിടങ്ങളിലും ഗാനസഭകളുടെ ആഭിമുഖ്യത്തില്‍ സമ്പന്നമായ സംഗീതസദസ്സുകള്‍. വിദേശങ്ങളില്‍ നിന്ന് മദിരാശീക്കാര്‍ ആ സീസണില്‍ എത്തുന്നു. ഫില്‍റ്റര്‍ കോഫി, മുല്ലപ്പൂ കനകാംബരം മരിക്കൊളുന്ത് മണം, വിവാഹപ്രായമായവരെ കൂട്ടിയിണക്കുന്ന കുടുംബസംഗമങ്ങള്‍, ഡിസംബര്‍ മുതല്‍ ജനവരി അവസാനം വരെ നീളുന്ന ഒരു സാമൂഹ്യോത്സവ സീസണ്‍.
35 വര്‍ഷം മുന്‍പുള്ള മദിരാശിയല്ല ഇന്ന്. സീസണില്‍ ആധുനികത ഒരുപാട് സ്വാധീനം ചെലുത്തിയത് ഇന്ന് അനുഭവിക്കാം.
2015 -ലെ ആ സീസണ്‍ ആണ് ഇരുവശവും അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ആധുനിക അംബരചുംബികള്‍ക്ക് നടുവിലൂടെ തോണികള്‍ ഇഴഞ്ഞുനീങ്ങുന്ന സറിയലിസ്റ്റ് ദൃശ്യത്തിലവസാനിച്ചിരിക്കുന്നത്.
ഞാന്‍ ആലോചിച്ചു.
എന്റെ 1980 കളിലെ മദിരാശിയോടുള്ള വൈകാരികമായ ആഭിമുഖ്യം ഈ 2015ല്‍ അവിടെ ജീവിക്കുന്ന മകള്‍ക്ക് എങ്ങനെ കൈവന്നു.എന്താണവളെ മദിരാശിക്ക് പിടിച്ചുവലിക്കുന്നത്? എന്താണ് ആ ജീന്‍പുള്‍ ജൈവശക്തി? മകളെ പ്രസവിക്കാറായ കാലത്ത് ഞാനും ഭാര്യയും എനിക്ക് കേരളത്തിലേക്ക് സ്ഥലം മാറ്റമായതോടെ തിരിച്ചുവന്നിരുന്നു.
അവള്‍ കണ്‍സീവ് ചെയ്യപ്പെടുന്നത് മദിരാശിയില്‍ വെച്ചായിരുന്നു.കില്‍പോക്ക് പദ്മ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ ആയിരുന്നു ആദ്യം പരിശോധിച്ച് ഞങ്ങളെ ഉപദേശിക്കുന്നത്.
ഇനി യാത്ര വേണ്ട.
പക്ഷെ ഞങ്ങള്‍ക്ക് കേരളത്തിലേക്ക് തിരിച്ചുവരേണ്ടിയിരുന്നു.
കണ്‍സീവ് ചെയ്യപ്പെട്ട നാള്‍ മുതല്‍ മകള്‍ 'തമിഴ്‌ശെല്‍വി'യായിക്കഴിഞ്ഞിരുന്നു.
പ്രായമായപ്പോള്‍ ചാരുലേഖ അവളുടെ 'തായ്‌ നാട്‌' സ്വയം വരിച്ചു.

3 comments:

Prabhu said...

Thank you so much for giving me good information. It was very useful. Best Dental Clinic in Velachery
Dental surgeon In Velachery
Dental hospital in Velachery
Dentist in Chennai Velachery
Dental hospital in Velachery Chennai
Best Dental Clinic In Chennai Velachery
Dental care in Velachery Chennai
Best Dental Clinic In Chennai Velachery
good dentist in velachery

K.P.Sukumaran said...

മദിരാശിയിൽ ജീവിച്ച ആർക്കും മദിരാശിയെ മറക്കാനാവില്ല. പക്ഷെ ഇന്നത്തെ മദിരാശി നഗരം ആകെ അലങ്കോലമായി കിടക്കുന്നു. നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിൽ സർക്കാരോ കോർപ്പറേഷനോ ശ്രദ്ധിക്കുന്നേയില്ല. മെരീന ബീച്ച് ഒരു ചന്ത പോലെയാണ് ഉള്ളത്.

Love Killer said...

A good blog always comes-up with new and exciting information and while reading.satta king

Translate