Thursday, 28 May 2009

ക്രിമിനലുകള്‍ക്കെതിരെ പ്രതികരിക്കുക !

പ്രിയമുള്ള ബ്ലോഗ് സുഹൃത്തുക്കളെ,
അറിവിന്റെയും,അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും ലോകമായ ബ്ലോഗില്‍ പുതിയ അറിവുകളേയും,ചിന്തകളേയും ഉള്‍ക്കൊള്ളാനാകാത്തവിധം മനസ്സ് ഇടുങ്ങിപ്പോയ ചില ക്രിമിനല്‍ മനസ്സുകളുടെ ക്ഷുദ്രപ്രവര്‍ത്തികള്‍ ആരംഭിച്ചത് ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ.
അഭിപ്രായങ്ങള്‍ക്ക് പകരമായി അഭിപ്രായവും,അശയങ്ങള്‍ക്ക് പകരമായി ആശയങ്ങളും നിരത്തി ആരോഗ്യകരമായി,വ്യക്തിവിദ്വേഷമില്ലാതെ സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കാന്‍ വിവേചന രഹിതമായ വേദിയൊരുക്കുന്ന ബ്ലോഗിനെ
തകര്‍ക്കാനാകില്ലെങ്കിലും, ബ്ലോഗിനെ സുരക്ഷിതമല്ലാത്ത ഒരു മാധ്യമമായി പേരുദോഷം വരുത്തിയെങ്കിലും സ്വതന്ത്ര ആശയവിനിമയത്തിനു തടയിടുക/താമസം വരുത്തുക എന്ന ലക്ഷ്യമുള്ളവരാണ് ഈ ക്രിമിനല്‍ മനസ്സുകള്‍ക്കുള്ളതെന്നു തോന്നുന്നു.

കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന്‍ പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര്‍ മാഷെയാണ് ഇത്തവണ മത ഭ്രാന്തന്മാരായ ചില ക്രിമിനലുകള്‍ ആക്രമിക്കാന്‍ കോപ്പുകൂട്ടുന്നത്.
ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗിന്റെ കോപ്പിയെടുത്ത് ഇവര്‍ ജബ്ബാര്‍ മാഷുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായ ഒരു ബ്ലോഗ് തുടങ്ങിയതായി കാണുന്നു. അതില്‍ ജബ്ബാര്‍ മാഷുടെ പടം നെടുകെ കീറിയ വിധത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കൂടാതെ, വ്യാജമായി ചമച്ചുണ്ടാക്കിയ ജബ്ബാര്‍ മാഷുടെ ഐഡിയില്‍ ഇവര്‍ കമന്റുകളുമെഴുതിയിരിക്കുന്നു. ജബ്ബാര്‍ മാഷിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ പോസ്റ്റുകളും,കമന്റുകളും അദ്ദേഹത്തിന്റെ ഐഡിയില്‍ തന്നെ എഴുതിപ്പിടിപ്പിച്ച് ബ്ലൊഗ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുക,അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഇകഴ്ത്തിക്കാണിക്കുക തുടങ്ങിയ ന്യായീകരിക്കാനാകാത്ത പ്രവര്‍ത്തികളാണ് ഈ ക്രിമിനലുകള്‍ ആരംഭിച്ചിരിക്കുന്നത്.

മറ്റൊരു വ്യക്തിയുടെ ഐഡി വ്യാജമായി നിര്‍മ്മിക്കുന്നതും,അന്യന്റെ ഐഡിയില്‍ ബ്ലോഗ് എഴുതുന്നതും, കമന്റെഴുതുന്നതും അങ്ങേയറ്റം അധാര്‍മ്മികമായ പ്രവര്‍ത്തിയായതിനാല്‍ ഇത്തരം ക്രിമിനലുകളെ സത്യത്തിന്റെ വെളിച്ചത്തില്‍ തുറന്നുകാണിക്കേണ്ടതും, ഒറ്റപ്പെടുത്തേണ്ടതും ബ്ലോഗിന്റെ സ്വാതന്ത്യവും, വളര്‍ച്ചയും ഉറപ്പുവരുത്താന്‍ ആവശ്യമാണ്.

ഈ ക്രിമിനലുകളുടെ ദ്രോഹപ്രവര്‍ത്തി ജബ്ബാര്‍ മാഷിന്റെ വ്യക്തിപരമായ പ്രശ്നമല്ലെന്നും, എല്ലാ ബ്ലോഗേഴ്സിനുമെതിരായുള്ളതും , ബ്ലോഗ് എന്ന സ്വതന്ത്രമാധ്യമത്തിനെതിരെയുള്ളതുമായ അസഹിഷ്ണുതപൂണ്ട ക്രിമിനലുകളുടെ ദ്രോഹപ്രവര്‍ത്തിയാണെന്നും മനസ്സിലാക്കി ഈ സംഭവത്തെ നാം നോക്കിക്കാണേണ്ടിയിരിക്കുന്നു.
പ്രതിഷേധിക്കുക...,
പ്രതികരിക്കുക....!!!
1) ക്രിമിനല്‍ വിളയാട്ടം ബ്ലോഗിലും. (ഇതു സംബന്ധിച്ച ജബ്ബാര്‍ മാഷുടെ ബ്ലോഗിലെ പോസ്റ്റ്.)
2) ക്രിമിനലുകള്‍ നിര്‍മ്മിച്ച ജബ്ബാര്‍ മാഷിന്റെ വ്യാജ ബ്ലോഗ്

Translate