Thursday, 28 April 2011

മെയ് 1 ന് ബ്ലോഗര്‍മാര്‍ കാസര്‍ഗോട്ടേക്ക്

പ്രിയ ബ്ലോഗര്‍മാരെ,
ഈ വരുന്ന ഞായറാഴ്ച്ച (01-05-2011)എന്റോസള്‍ഫാന്‍ ദുരന്തഭൂമിയായ കാസര്‍ഗോട്ടെ ഗ്രാമങ്ങളിളേക്ക് ബ്ലോഗര്‍മാരുടേ ഒരു യാത്ര ബ്ലോഗ് അക്കാദമി സംഘടീപ്പിക്കുകയാണ്. പത്രമാധ്യമങ്ങളിലൂടേ എന്റോസല്‍ഫാന്‍ ദുരന്തത്തിന്റെ ചിത്രം നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും, അതിലുപരി നേരിട്ടുള്ള അനുഭവമായി മാനവികതയെ നടുക്കുന്ന ഈ ഭീകരതയെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഉദ്ദേശിക്കുന്നത്. മെയ് 1 ന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് റെയില്‍‌വേ സ്റ്റേഷനില്‍ ഒത്തുകൂടിയതിനു ശേഷം ദുരന്തബാധിത പ്രദേശങ്ങളായ ഗ്രാമങ്ങളിലേക്ക് (ഏതാണ്ട് 35 കി.മി.ദൂരെ)വാടകക്കെടുത്ത വാഹനങ്ങളില്‍ യാത്ര തിരിക്കാം.ബ്ലോഗര്‍മാരായ നമുക്ക് ഈ പ്രശ്നത്തില്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് ആലോചിക്കാനും, പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ആരെങ്കിലും മുന്നിട്ടിറങ്ങണമെന്നത് പ്രധാനപ്പെട്ട കാര്യമായതിനാലാണ് ബ്ലോഗ് ശില്‍പ്പശാല എന്ന ഉദ്ദേശം മാത്രം ലക്ഷ്യവച്ച കേരള ബ്ലോഗ് അക്കാദമി ഈ യാത്ര സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗര്‍മാര്‍ക്കും ഈ ഉദ്ദ്യമത്തില്‍ കൂട്ടുചേരാവുന്നതാണ്. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്കു പോകുന്ന 6347 നമ്പര്‍ മംഗലാപുരം എക്സ്പ്രസ്സ് ട്രൈനിന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് എത്തിച്ചേരുന്നതായിരിക്കും സൌകര്യം. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാം. വൈകീട്ട് 4 മണിക്ക് തിരിച്ചു പോരാനാകുമെന്നും കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9249401004.

Thursday, 7 April 2011

ഇന്ത്യയിലും നെറ്റ് വിപ്ലവം !

മംഗളത്തില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെക്കുറിച്ചുള്ള നല്ലൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു. വാര്‍ത്തയിലേക്കുള്ള ലിങ്ക് വാര്‍ത്ത താഴെ കോപ്പി പേസ്റ്റുകയും ചെയ്യുന്നു.പ്രധാന മന്ത്രിക്കുള്ള അണ്ണാ ഹസാരെയുടെ കത്ത് (ലിങ്ക്)

അണ്ണാ ഹസാരെക്കൊപ്പം യുവജന ലക്ഷങ്ങള്‍

ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാന നഗിരിയിലെ ജന്തര്‍മന്ദറില്‍ ഗാന്ധിയനായ അണ്ണാ ഹസാരെ നടത്തുന്ന അഴിമതി വിരുദ്ധ സമരത്തിനു പിന്നില്‍ അണി നിരക്കുന്നവരിലേറെയും യുവജനങ്ങള്‍. ടുണീഷ്യയിലും ഈജിപ്‌തിലും അരങ്ങേറിയ ജനാധിപത്യ പ്രക്ഷോഭങ്ങളില്‍നിന്നുള്ള ആവേശമാണ്‌ അണ്ണാ ഹസാരയ്‌ക്കു പിന്നില്‍ അണിനിരക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്‌. കോളജുകളിലും ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ്‌ ഇവരില്‍ പലരും. ഐടി, എന്‍ജിനീയറിംഗ്‌ മേഖലയിലെ വിദഗ്‌ധരും ജന്തര്‍മന്ദറിലെ സമരപന്തലില്‍ അണ്ണാ ഹസാരെയ്‌ക്കൊപ്പമുണ്ട്‌. അഴിമതി കാര്യക്ഷമമായി തടയുന്ന വിധം ലോക്‌പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ്‌ അണ്ണാ ഹസാരെ മരണം വരെയുള്ള നിരാഹാര സമരം ആരംഭിച്ചത്‌. സമരം ഇന്നു മൂന്നാം ദിവസത്തേക്കു കടക്കുമ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവജനങ്ങള്‍ ഇന്റര്‍നെറ്റിലെ സൗഹൃദ കൂട്ടായ്‌മകളിലൂടെ അണ്ണാ ഹസാരയ്‌ക്കു പിന്തുണയുമായി അണിനിരക്കുന്നു. ടുണീഷ്യയിലും ഈജിപ്‌തിലുമെല്ലാം ഇന്റര്‍നെറ്റാണ്‌ ജനാധിപത്യ വിപ്ലവത്തിനു തിരിതെളിച്ചത്‌. ഈ മാതൃകയാണ്‌ ഇന്ത്യയിലെ യുവജനങ്ങളും പിന്തുടരുന്നത്‌. ഹസാരയുടെ സമരത്തെ പിന്തുണയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഫേസ്‌ബുക്കിലും ട്വിറ്ററിലും ലക്ഷക്കണക്കിനു സന്ദേശങ്ങളാണ്‌ അയയ്‌ക്കപ്പെടുന്നത്‌.

ഫേസ്‌ബുക്കില്‍ ഒരാള്‍ക്ക്‌ നൂറുകണക്കിനു സുഹൃത്തുക്കളുണ്ട്‌. ഇവരില്‍ പത്തിലൊരാളുടെ പിന്തുണ ഹസാരെയുടെ സമരത്തിനു നേടാനായാല്‍ ഇന്ത്യയില്‍നിന്നു അഴിമതി പൂര്‍ണമായും തുടച്ചു നീക്കാനാവുമെന്നാണ്‌ ഇലക്‌്ട്രിക്‌ എന്‍ജീയര്‍ ജോലി ഉപേക്ഷിച്ച്‌ തെരുവുനാടകക്കാരനായി മാറിയ വിനീത്‌ അഹൂജ ഫേസ്‌ബുക്കില്‍ കുറിച്ചത്‌. അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ സമരത്തെ പിന്തുണച്ചു വിദ്യാര്‍ഥികളും സാമൂഹ്യപ്രവര്‍ത്തകരും പ്രഫഷണലുകളുമടക്കം ആയിരക്കണക്കിനു യുവജനങ്ങളാണ്‌ ഇന്നലെ വൈകിട്ട്‌ ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ മെഴുകുതിരികളുമേന്തി പ്രകടനം നടത്തിയത്‌. ഫേസ്‌ബുക്കിലും ട്വിറ്ററിലൂടെയും നടക്കുന്ന പ്രചാരണത്തില്‍നിന്ന്‌ ഊര്‍ജം ഉള്‍കൊണ്ടാണ്‌ ഇവരില്‍ ഭൂരിപക്ഷവും അണിനിരന്നത്‌. ഈജിപ്‌തില്‍ മൂന്നു പതിറ്റാണ്ടോളം ഭരിച്ച ഹോസ്‌നി മുബാറക്കിനെ പുറത്താക്കാന്‍ തലസ്‌ഥാനമായ കെയ്‌്റോയിലെ തഹ്‌്റിര്‍ ചത്വരത്തില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങളെ അനുസ്‌മരിപ്പിക്കും വിധമാണ്‌ ജന്തര്‍മന്ദര്‍ പരിസരങ്ങള്‍.

ഹസാരയ്‌ക്കു പിന്തുണ നല്‍കുന്നവരുടെ പേരുകള്‍ രജിസ്‌റ്റര്‍ ചെയ്യാനായി പ്രഖ്യാപിച്ച ടെലിഫോണ്‍ നമ്പരിലേക്കു ഏഴു ലക്ഷത്തിലേറെ കോളുകളാണ്‌ രണ്ടു ദിവസത്തിനുള്ളില്‍ എത്തിയത്‌. ഇവരില്‍ ഏറെയും യുവജനങ്ങളാണ്‌ എന്നതും ശ്രദ്ധേയമാണ്‌. ഇതിനിടെ ഹസാരെയുടെ സമരത്തിനു പിന്തുണയുമായി ബോളിവുഡ്‌ സൂപ്പര്‍ താരം അമീര്‍ഖാനും രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനു നല്‍കുന്ന പിന്തുണയേക്കാള്‍ അധികം പിന്തുണ ഹസാരെയുടെ സമരത്തിനു നല്‍കണമെന്നാണ്‌ അമീര്‍ ആവശ്യപ്പെട്ടത്‌.

ഏഴുപതുവയസുകഴിഞ്ഞ അണ്ണാ ഹസാരയ്‌ക്കു അഴിമിതി വിരുദ്ധ സമരം നടത്താമെങ്കില്‍ എന്തുകൊണ്ട്‌ ഞങ്ങള്‍ക്കാവില്ലെന്നാണ്‌ ജേണലിസം വിദ്യാര്‍ഥിയായ കൗഷിക്‌ കുമാര്‍ പറയുന്നത്‌. തിങ്ങളാഴ്‌ച നടക്കാനിരിക്കുന്ന പരീക്ഷ ഉപേക്ഷിച്ചാണ്‌ കൗഷികും കൂട്ടരും അണ്ണാ ഹസാരയ്‌ക്കു പിന്തുണയുമായി ജന്തര്‍മന്ദറില്‍ തടിച്ചുകൂടിയിരിക്കുന്നത്‌. വരും ദിവസങ്ങളില്‍ കൂടുതല്‍ യുവജനങ്ങള്‍ അണ്ണാ ഹസാരയ്‌ക്കൊപ്പം ഉപവാസത്തിലും പ്രതിഷേധത്തിലും പങ്കെടുക്കുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌. ആയിരക്കണക്കിനു യുവജനങ്ങള്‍ ഹസാരെയ്‌ക്കു പിന്തുണയുമായി അണിനിരക്കുമ്പോള്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടിവരുമെന്നാണ്‌ അനുയായികളുടെ കണക്കുകൂട്ടല്‍.

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ്‌ ജനകീയ വിപ്ലവമെന്ന തരത്തിലാണ്‌ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധസമരത്തെ പാശ്‌ചാത്യലോകം നിരീക്ഷിക്കുന്നത്‌.
-ഓണ്‍ ലൈന്‍ മംഗളം വാര്‍ത്ത. 

Translate