Thursday, 26 November 2009

സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും

പിണറായി വിജയന്റെ വീട്‌ എന്ന പേരിൽ മറ്റ്‌ ഏതോ വീടിന്റെ ദൃശ്യം ഏതാനും മാസങ്ങളായി നെറ്റിൽ പലരുടേയും പേരിൽ മെയിലായി വന്നുകൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു ചിത്രം ഫോർവ്വേഡ്‌ ചെയ്ത ഒട്ടനവധിപേർ ഐ ടി ആക്റ്റ്‌ അനുസരിച്ച്‌ പോലീസ്‌ നടപടിക്ക്‌ വിധേയരായിരിക്കുന്നു.പിണറായി വിജയന്റെ യഥാർത്ഥ വീട്‌ ഇതല്ല എന്നറിയാത്ത പലരും തങ്ങൾക്ക്‌ കിട്ടിയ മെയിലുകൾ അശ്രദ്ധമായി സുഹൃത്തുക്കൾക്ക്‌ ഫോർവ്വേഡ്‌ ചെയ്തവരും അറിയാതെ കുറ്റവാളി ലിസ്റ്റിൽ പെട്ടിരിക്കയാണ്.

സംസ്ഥാനത്ത്‌ കെട്ടിട-നിയന്ത്രണ ചട്ടങ്ങൾക്ക്‌ വിധേയമായി ഏത്‌ തരത്തിലുള്ള വീട്‌ വെക്കുന്നതിന്നും നിയമ തടസ്സം നിലനിൽക്കുന്നില്ല.
അതിന്റെ ചിത്രങ്ങൾ ആരെങ്കിലും കാണുന്നതിനോ,അതേമാതൃകയിൽ മറ്റാർക്കെങ്കിലും വീട്‌ വെക്കുന്നതിന്നോ നിയമ തടസ്സങ്ങൾ നിലവിലില്ല.പക്ഷെ സമൂഹത്തിൽ മാതൃകയാകേണ്ടുന്ന സാമൂഹ്യ-രാഷ്ട്രീയ -പൊതു പ്രവർത്തകരുടെ വ്യക്തിജീവിതത്തിലെ എല്ലാ വിഷയങ്ങളും സാധാരണക്കാരന്ന് അറിയാനും പഠിക്കാനും തന്റെ ജീവിതത്തിൽ പകർത്താനും താൽപര്യമുണ്ടാവും.ഉണ്ടാവണം.
അതുകൊണ്ടുതന്നെ മാതൃകയാക്കേണ്ടവയും തള്ളിക്കളയേണ്ടവയും ഏതൊക്കെ എന്ന ചർച്ചയും സമൂഹത്തിൽ നടക്കും .
അത്‌ രാഷ്ട്രീയമാണ്.അല്ലെങ്കിൽ ആവണം.അതുകൊണ്ടാണ് പൊതു പ്രവർത്തകന്റെ പൊതു ജീവിതം തുറന്ന് വെക്കേണ്ടി വരുന്നത്‌.

സൂചിപ്പിക്കുന്നത്‌, പിണറായി വിജയന്റെ വീടുമായി ബന്ധപ്പെട്ട്‌ നെറ്റിൽ ധാരാളം ചർച്ചകൾ നടന്നു.അനുകൂലമായും പ്രതികൂലമായും.
ഉത്തര വാദ ബോധത്തോടെ നെറ്റിൽ പ്രവർത്തിക്കുന്നവർ ഇതു വ്യാജമാണെന്ന് വ്യക്തമാക്കിയതോടെ ഒരു പരിധിവരെയുള്ളവർക്ക്‌ ബോദ്ധ്യപ്പെട്ടതുമാണ്.ആ ഒരു രീതിയിൽ രാഷ്ട്രീയ മായി പരിഹരിക്കേണ്ടുന്ന ഈ വിഷയത്തെ പൊതു ജനങ്ങൾക്കും കംപ്യൂട്ടർ ഉപയോക്താക്കൾക്കുമുള്ള"പാഠം" എന്ന നിലയിൽ ,പതിനായിരങ്ങൾ കുറ്റവാളികളാകുന്ന ,പോലീസ്‌ കൈകാര്യം ചെയ്യുന്നരീതിയിലേക്ക്‌ വലിച്ചിഴച്ചത്‌ പ്രതിഷേധാർഹമാണ്..നെറ്റ്‌ ഉപയോക്താക്കൾ മുഴുവൻ പിണറായിയെ മനപൂർവ്വം അപകീർത്തിപ്പെടുത്താൻ ഗൂഡാലോചന നടത്തുന്നവരാണെന്ന തലത്തിൽ ചിന്തിക്കരുത്‌.ഇന്റർ നെറ്റും മറ്റും ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു എന്നത്‌ യാഥാർത്ഥ്യമാണ്.കുറ്റവാളികളെ ഫലപ്രദമായി നിയന്ത്രിക്കാനാവശ്യമായ നടപടി അടിയന്തിര പ്രാധാന്യമുള്ളതാണ്.ആ നിയന്ത്രണംകം പ്യൂട്ടർ സാങ്കേതിക വിദ്യയേയും,അതിന്റെ ഗുണകരമായ നേട്ടങ്ങളേയും വികസിപ്പിക്കുന്നതിന്നായിരിക്കണം.ഇന്ന് നിലവിലിരിക്കുന്ന ഐ ടി ആക്ട്‌ പ്രാകൃതമായിരിക്കുന്നു.മറ്റുനിയമങ്ങളെപ്പോലെ മനുഷ്യത്വരഹിതമായി,വിഷയത്തിന്റെ അവസ്ഥ കണക്കിലെടുക്കാതെ സൈബർ കേസ്‌ കൈകാര്യം ചെയ്യുന്നത്‌ കടുത്ത മനുഷ്യാവകാശ ലംഘനമായിത്തീരും.

പുതിയ സൈബർ നിയമം നിലവിൽ വന്നിട്ട് ഏതനും ആഴ്ചകൽ മത്രമേ ആകുന്നുള്ളൂ.
മാദ്ധ്യമങ്ങൾക്കും നിയമപാലകർക്കും പൊതുസമൂഹത്തിനും നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ല.സർക്കാർ തന്നെ അതിനു ഉടൻ മുൻ കൈ എടുക്കണം.
കൌമാരപ്രായക്കാർ ഉൾപ്പെടുന്ന വലിയൊരു വിഭാഗം ഇപ്പോൾ കമ്പ്യൂട്ടർ അനുദിനം ഉപയോഗിക്കുന്നുണ്ടു.
കമ്മ്യൂണിറ്റി സൌഹൃദ കൂട്ടായ്മകളിലൂടെ ലഭിക്കുന്ന മെയിലുകൾ ഫോർവേഡ് ചെയ്യുകയും സൈറ്റുകൾ സന്ദർശിക്കുകയും ചെയുന്നുണ്ടു.അവരെയൊക്കെ സൈബർ കുറ്റവാളികളാക്കാൻ ,അമിതാധികാര മോഹിയായ ഒരു പൊലീസ് ഉദ്യോഗസ്ഥനു സാധിക്കും.ഇത് വളരെ അപകടകരമാണു.അതുകൊണ്ടു സർക്കാർ ,പൊതുസമ്മതിയുടെ അടിസ്ഥാനത്തിൽ ,ഈ നിയമം നടപ്പിലാകുന്നതിനുള്ള മാ‍ർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം.സത്യസന്ധരും ധർമ്മിഷ്ഠരുമായ ഉദ്യോഗസ്ഥന്മാരെ മാത്രമേ ഇതിനു ചുമതലപ്പെടുത്താവൂ.

ഇത്തരമൊരു സാഹചര്യത്തിൽ പുതിയ സൈബർ നിയമത്തെക്കുറിച് ഒരു പൊഹുസംവാദം നടക്കട്ടെ.
അതിലുരുത്തിരിഞ്ഞുവരുന്ന അഭിപ്രയങ്ങളുടെ അടിസ്ഥാനത്തിൽ കാലോചിതമായ പരിഷ്കാരത്തിലൂടെ നിലവിലുള്ള സൈബർ നിയമങ്ങളെ വികസിപ്പിക്കുന്നതിന്ന് ഉത്തരവാദപ്പെട്ടവർ തയ്യാറാകണം.പിണറായിയുടെ വീടിന്റെ ചിത്രം വ്യാജമാണെന്നറിയാതെ കൌതുകത്തിനോ തമാശയ്ക്കോ മെയിൽചെയ്ത നിരപരാധികളായ കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക്‌ നേരെയുള്ള നടപടികൾ അടിയന്തിരമായി നിർത്തിവെക്കണം എന്നു അഭ്യർത്ഥിക്കുന്നു.

Translate