Wednesday, 16 February 2011

മലയാളം ബ്ലോഗ് ലഘുലേഖ

മലയാളം ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു A4 നോട്ടീസ് വലിപ്പത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ലഘുലേഖ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഇത് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാനും, ബ്ലോഗറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനും ഉപയോഗപ്പെടുത്താം.

Tuesday, 15 February 2011

ഈജിപ്തിലെ ഫേയ്സ്ബുക്ക് വിപ്ലവം !


ഈജിപ്തില്‍ ഏകാധിപത്യത്തിനെതിരെയുള്ള അഹിംസാത്മകമായ ജനകീയ വിപ്ലവം സംഘടിപ്പിച്ചത് ഫേസ് ബുക്ക് കൂട്ടായ്മയായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഇന്റെര്‍നെറ്റ് എന്ന മാധ്യമത്തിന്റെ ജനാധിപത്യ ശക്തിയുടെ പ്രഖ്യാപനം കൂടി ആയിരിക്കുന്നു.30 വര്‍ഷത്തെ മുബാറക്കിന്റെ ഏകാധിപത്യ ഭരണം താങ്ങി നിര്‍ത്തിയത് ആരെല്ലാമായിരുന്നു എന്നും,അതില്‍ പരംബരാഗത മീഡിയയുടെ സ്ഥാനം എന്തായിരുന്നു എന്നും അപഗ്രഥിക്കുമ്പോഴാണ് ഇന്റെര്‍ നെറ്റ് അധിഷ്ഠിതമായ സ്വതന്ത്ര മാധ്യമത്തിന്റെ പ്രാധാന്യവും ജനാധിപത്യ മുഖവും പൂര്‍ണ്ണമായി ബോധ്യപ്പെടുക. സാമൂഹ്യ നീതി സമൂഹത്തിലെ എല്ലാ മനുഷ്യര്‍ക്കും ലഭ്യമാക്കുന്നതിനായി ബ്ലോഗ്,ഫേസ് ബുക്ക്, ട്വിറ്റര്‍,ബസ്സ്,...തുടങ്ങിയ എല്ലാ മാര്‍ഗ്ഗങ്ങളും എല്ലാ സമൂഹങ്ങള്‍ക്കും സുപരിചിതമാകേണ്ടിയിരിക്കുന്നു.ഈജിപ്തിലെ ഫേസ്ബുക്ക് വിപ്ലവം നല്‍കുന്ന പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമ്മള്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ബ്ലോഗര്‍ മനോജ് ഈജിപ്തിലെ ഫേസ്ബുക്ക് വിപ്ലവത്തെക്കുറിച്ചെഴുതിയ പോസ്റ്റ് ആശയ പ്രചരണത്തിന്റെ വേഗതകൂട്ടുന്നതിനായി താഴെ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നു. മനോജിന്റെ വ്യഥകള്‍ എന്ന ബ്ലോഗിലേക്കുള്ള ലിങ്ക്:ഫേയ്സ്ബുക്ക് വഴിയുള്ള വിപ്ലവം വിജയിച്ചു
................................................

2008 ഏപ്രില്‍ 6ന് ഈജിപ്റ്റില്‍ മുബാറിക്കിനെതിരെ അണിചേരാനുള്ള ആഹ്വാനം ഫേയ്സ്ബുക്കില്‍ (ഏപ്രില്‍ 6 യൂത്ത് മൂവ്മെന്റ്) നല്‍കി തുടങ്ങിയ നീക്കം അതിന്റെ ഫലസമാപ്തിയില്‍ എത്തി. 30 കൊല്ലം അടക്കി വാണ മുബാറക്ക് രാജി വെച്ചൊഴിഞ്ഞു. 18 ദിവസം മാത്രം നീണ്ട ഒടുവില്‍ നടന്ന സമരത്തിന് (18 ദിവസത്തെ വിശേഷങ്ങള്‍) ജനുവരി 25നാണ് ഫേയ്സ്ബുക്കിലൂടെ ആഹ്വാനം നടത്തിയത്.

വിക്കിലീക്സ് വഴി മനസ്സിലാകുന്നത് ഫേയ്സ്ബുക്ക് വിപ്ലവം വിജയിക്കുമെന്ന വിശ്വാസം അമേരിക്കയ്ക്ക് പോലും ഇല്ലായിരുന്നു എന്നാണ്. എന്നാല്‍ പൊതുവേദിയില്‍ പ്രതിഷേധത്തിന് സാധ്യതയില്ലാത്തിടത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി വിജയം നേടാം എന്ന് ഈജിപ്തിലെ യുവജനത തെളിയിച്ചു. അതിന് നേതൃത്വം കൊടുത്തവരില്‍ പലരും കടുത്ത യാതനകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു (ആദ്യ കാലത്ത് അവര്‍ നേരിടേണ്ടി വന്നത് യൂ ട്യൂബില്‍ കാണാം, പണ്ട് അജിതയും മറ്റും അനുഭവിച്ചത് എത്രമാത്രം ഭീകരമായിരുന്നുവെന്ന് ഓര്‍മ്മയിലേയ്ക്ക് വരുന്നത് സ്വാഭാവികമായിരിക്കാം, ഭരണകൂടം എന്നും എതിരാളികളെ തകര്‍ക്കുന്നത് ഇങ്ങനെയാണ്).

അമേരിക്കയില്‍ 2010 ഏപ്രില്‍ 27ന് ന്യൂജേര്‍ഴ്സിയില്‍ ചില കുട്ടികള്‍ ഫേയ്സ്ബുക്കിലൂടെ സമരത്തിന് ആഹ്വാനം ചെയ്ത് വിജയിച്ചതിനെ പറ്റി അന്ന് ഒരു പോസ്റ്റിട്ടിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്ലാതെ അമേരിക്കയില്‍ അങ്ങിനെ ഒന്ന് ഫേയ്സ്ബുക്കിലൂടെ വിജയിച്ചപ്പോള്‍ തെല്ല് അത്ഭുതമുണ്ടായിരുന്നു. 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാം എന്ന് ഒബാമ കാട്ടി തന്നു. 2010ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ യൂട്യൂബ് പരസ്യം വരെ സ്ഥാനാര്‍ത്ഥികള്‍ നല്‍കി എന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ശക്തി തെളിയിക്കുന്നു...

എന്നാല്‍ ഒരു രാജ്യത്തിന്റെ ഭരണാധിപതിയെ വളരെ ചുരുങ്ങിയ സമയം കൊണ്ട് പണ ചെലവ് അധികമില്ലാതെ താഴെയിറക്കാം എന്ന് ഈജിപ്തിലെ യുവജനത ലോകത്തിന് കാട്ടി തരുമ്പോള്‍ സമാധാനം നഷ്ടപ്പെടുന്നത് ഭരണകര്‍ത്താക്കളാണ്.

ഇടയ്ക്ക് അടിച്ചൊതുക്കുവാന്‍ “കൂലി തല്ലുകാരെ” ഇറക്കിയെങ്കിലും അതിനെയും അതി ജീവിച്ച് നില്‍ക്കുവാന്‍ ഈജിപ്ത്യന്‍ യുവരക്തം തയ്യാറായി. അവര്‍ക്ക് പിന്തുണയുമായി മറ്റുള്ളവരും.

അമേരിക്കയുടെ ഇന്റലിജന്‍സിന് ഈജിപ്തിലെ സമര നീക്കം മുങ്കൂട്ടി കാണുവാന്‍ സാധിച്ചില്ല എന്ന വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.

ട്യൂണിഷ്യയില്‍ കണ്ട വിജയമാണ് ഈജിപ്തിലെ ഫേയ്സ്ബുക്ക് വിപ്ലവകാരികള്‍ക്ക് ത്വരഗമായത് എങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ശക്തി എത്രമാത്രമെന്ന് ലോകം കൊണ്ടറിഞ്ഞു.

ലോകം ഇനിയും എത്രയോ ഫേയ്സ്ബുക്ക് വിപ്ലവങ്ങള്‍ക്ക് സാക്ഷിയാകാനിരിക്കുന്നു.....
(ബ്ലോഗര്‍ മനോജിന്റെ വ്യഥകള്‍ എന്ന ബ്ലോഗില്‍ നിന്നുള്ളതാണ് ഈ പോസ്റ്റ്)

Translate