Monday, 2 May 2011

“ഒപ്പുമരവും“ ബ്ലോഗര്‍മാരും

കാസര്‍ഗോട്ടെ  എന്റോസള്‍ഫാന്‍ ബാധിത പ്രദേശത്തേക്ക് ഒരു യാത്ര നടത്തണമെന്ന ആശയം മുന്നോട്ട് വച്ചത് കടത്തനാടനാണ്. ഡി.പ്രദീപ്കുമാറുമായും, ഷാജിമുള്ളൂക്കാരന്‍ , ഗള്‍ഫിലുള്ള മണിക്കുട്ടി മഹേഷുമായും ആശയം സംസാരിച്ചതിനു ശേഷം കടത്തനാടന്‍ ചിത്രകാരനെ വിളിച്ച് അറിയിക്കുകയും, കേട്ടപാടെ... എങ്കില്‍ ഈ മെയ് ഒന്നിനു തന്നെയാകട്ടെ എന്ന് ചിത്രകാരന്‍ സമയം നിശ്ചയിക്കുകയുമാണുണ്ടായത്. വടകരയില്‍ നിന്നും അഞ്ചുപേര്‍ എന്തായാലും ഉണ്ടാകുമെന്ന് കടത്തനാടന്‍ ഉറപ്പു പറയുമ്പോള്‍ പിന്നൊന്നും നോക്കേണ്ട കാര്യമില്ലല്ലോ! അങ്ങനെ, അന്നുതന്നെ ബ്ലോഗ് അക്കാദമിയില്‍ ഒരു അറിയിപ്പ് പോസ്റ്റും ഇട്ടു. അതിനെത്തുടര്‍ന്ന് കുറെപേര്‍ ബന്ധപ്പെട്ടെങ്കിലും പലര്‍ക്കും പെട്ടെന്നായതുകൊണ്ട് യാത്രയില്‍ പങ്കെടുക്കാനായില്ല. സാവകാശം വേണ്ടവര്‍ക്ക് സാവകാശം പോകാനും കാസര്‍ഗോഡും, പ്രശ്നബാധിത ജനങ്ങളും അവിടത്തന്നെ നിലനില്‍ക്കുന്നതിനാല്‍ വിഷമിക്കേണ്ടതില്ലെന്നും, അടുത്ത ട്രിപ്പിന് പോകാമെന്നും പറഞ്ഞു. മാത്രമല്ല, പാലക്കാട്ടെ മുതലമടയിലെ മാങ്ങാകൃഷിയും, ഇടുക്കിയിലെ ഏലത്തോട്ടങ്ങളുമെല്ലാം ഭാവിയിലെ കാസര്‍ഗോഡായി വികസിച്ചുകൊണ്ടിരിക്കുകയുമാണല്ലോ. അങ്ങനെ, മലപ്പുറം ജില്ലയില്‍ നിന്നും വിചാരവും, കൊട്ടോട്ടിയും,ഫൈസു മദീനയും, വടകരയില്‍ നിന്നും കടത്തനാടന്റെ നേതൃത്വത്തിലുള്ള അഞ്ചഗ സംഘവും, കാഞ്ഞങ്ങാട് ബേക്കലില്‍ നിന്നുള്ള വിജയരാജനും,കണ്ണൂരില്‍ നിന്നുള്ള ചിത്രകാരനും എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങള്‍ നേരില്‍ കാണാനായി പുറപ്പെട്ടു. കണ്ണൂരില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള കാസര്‍ഗോട്ടേക്ക് പുറപ്പെടുമ്പോള്‍ അവിടെ പരിചയക്കാരാരെങ്കിലും വേണമല്ലോ. പരസ്യ ഏജന്‍സികളുടെ സംഘടനയായ കെത്രിഎ യുടെ ജില്ലഭാരവാഹിയായ അനീഷിനോട് കാര്യം പറഞ്ഞൂ. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരായ വത്സലന്‍ മാസ്റ്ററുടേയും, കെ.എസ്.അബ്ദുള്ളയുടേയും, ഉത്തരദെശം സായാഹ്ന പത്രത്തിന്റെ ഉടമയുടേയും സഹായം ഉറപ്പുവരുത്താന്‍ അനീഷ് സഹായിച്ചു. കാസര്‍ഗോട്ട് പട്ടണത്തില്‍ നിന്നും 35 കിലോമീറ്ററോളം അകലെയായി കര്‍ണ്ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്തേക്കു പോകാന്‍ വിജയന്‍ എന്ന സഹൃദയന്റെ വാഹന സൌകര്യവും വത്സേട്ടന്‍ ഏര്‍പ്പാടുചെയ്തുതന്നു. കാസര്‍ഗോഡ് ഒപ്പുമരച്ചുവട്ടില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി മൂന്നുദിവസം നിരാഹാരം കിടന്ന് കാസര്‍ഗോട്ടുകാരുടെ ഹൃദയത്തിലിടംനേടിയ മലപ്പുറത്തുകാരായ രണ്ടു ഡിഗ്രി വിദ്യാര്‍ത്ഥികളേയും ഞങ്ങള്‍ക്ക് കൂട്ടിനു കിട്ടി. ഈ യാത്ര ആരേയും ബോധ്യപ്പെടുത്താനായിരുന്നില്ല, ഞങ്ങള്‍ക്ക് കീടനാശിനികളുടെ ദുരിതത്തെ സ്വയം കണ്ട് ബോധ്യപ്പെടുന്നതിനായിരുന്നു. കെ.എസ്.അബ്ദുള്ള എന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമര പ്രവര്‍ത്തകന്‍ തന്നെയാണ് ഞങ്ങള്‍ക്ക് ഗൈഡായി കൂടെവന്നത്. അദ്ദേഹത്തോടും, വത്സലന്‍ മാഷോടും,വിജയനോടും,അനീഷിനോടും നന്ദി രേഖപ്പെടുത്തട്ടെ. നൂറുകണക്കിനു വീടുകളിലായി വളരെയധികം മനുഷ്യര്‍ ഇവിടെ എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവരായുണ്ടെങ്കിലും, ചിലരെങ്കിലും അത് പുറത്തുകാണിക്കാതെ ജീവിക്കുന്നവരുമുണ്ട്. അവരെ ഒഴിവാക്കി, കാണുന്നതില്‍ വിഷമമില്ലാത്തവരെ മാത്രമായി കണ്ടു വിവരങ്ങള്‍ അന്വേഷിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എന്‍‌വിസാഗിന്റെ പ്രവര്‍ത്തകരായ എം.എ.റഹ്‌മാന്‍ മാഷുമായോ, വത്സലന്‍ മാഷുമായോ താല്‍പ്പര്യമുള്ള മനുഷ്യ സ്നേഹികള്‍ക്ക് ബന്ധപ്പെടാം. മെയ് 1 ന് ബ്ലോഗര്‍മാര്‍ സഞ്ചരിച്ച വഴികളിലെ ചില ദൃശ്യങ്ങള്‍ താഴെ കൊടുക്കുന്നു.
35 കിലോ മീറ്റര്‍ ദൂരെയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശത്തിന്റേയും, ജനങ്ങളുടേയും സാന്നിദ്ധ്യം കാസര്‍ഗോഡ് നഗര മധ്യത്തില്‍ സജീവമാക്കുന്നതിനും , എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിനു ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള തണല്‍ വൃക്ഷത്തെ ബാനറുടുപ്പിച്ച് , ജനങ്ങളുടെ ധാര്‍മ്മിക പിന്തുണയുടെ കയ്യൊപ്പുകളണിഞ്ഞ് നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച “ഒപ്പു മരം” . ഏപ്രില്‍ 29 ന് എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിച്ച സ്റ്റോക്ക് ഹോം പ്രഖ്യാപനം വന്ന സമയം ഒപ്പുമരച്ചുവട്ടില്‍ കാസര്‍ഗോട്ടുകാര്‍ വിജയമാഘോഷിച്ചിരുന്നു. അതുകൊണ്ടുതന്നെ “ഒപ്പുമരം” ചരിത്രത്തിന്റെ ഭാഗമാണ്. 
കടത്തനാടന്‍ “ഒപ്പുമരച്ചുവട്ടില്‍”
വടകരയിലെ ശശിമാഷും കൂട്ടുകാരും, ഒപ്പുമരത്തെ തലയില്‍ താങ്ങുന്ന വിചാരത്തേയും കാണാം.  
വത്സലന്‍ മാഷ്, വിചാരം, കൊട്ടോട്ടി, വിജയരാജന്‍
മൂന്നു ദിവസം നിരാഹാരം കിടന്ന മലപ്പുറത്തുകാരന്‍ കുട്ടിപത്രം എഡിറ്റര്‍(സ്വന്തം നിലയില്‍ പത്രം ഇറക്കിയ ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.) , കൂടെ വിചാരം. 
വിജയന്‍, വിജയ രാജ്, കെ.എസ്.അബ്ദുല്ല
ബ്ലോഗര്‍മാര്‍ 
കെ.എസ്.അബ്ദുള്ള എന്‍ഡോസള്‍ഫാന്‍ കലക്കി സ്പ്രേ കെയ്തിരുന്ന പ്ലാന്റേഷന്‍ തൊഴിലാളിയുടെ ഇപ്പോഴത്തെ രോഗാതുരമായ അവസ്ഥയെ വിവരിക്കുന്നു.
ഒരു ദുരിത ബാധിത
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉടമകളായ സര്‍ക്കാരിന് ഇവരുടെ ജീവിതം നരഗതുല്യമാക്കിയതില്‍ നേരിട്ടുള്ള പങ്കുണ്ട്.
ആറു കുട്ടികളുള്ളതില്‍ രണ്ടു പേര്‍ രോഗബാധിതരാണ്. ഡി.എന്‍.എ.ക്കകത്തു കയറിപ്പറ്റുന്ന കീടനാശിനി ജീവിത കോണിയുടെ ഏതൊക്കെ അഴികളാണ് അറുത്തുമാറ്റിയിരിക്കുന്നതെന്ന് കാലത്തിനു മാത്രമേ പറയാനാകു

തല നിരന്തരം വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി
പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജോലിക്കാരനായിരുന്നു. ഇപ്പോള്‍ മാറാവ്യാധികളുമായി മല്‍പ്പിടുത്തത്തിലാണ്. മുറ്റത്തെ ദൈവ പ്രതിഷ്ടകളുടെ അനുഗ്രഹങ്ങള്‍ ഫലിക്കുന്നില്ല.
വീട് കര്‍ണ്ണാടക അതിരിനകത്താണ്. കിണര്‍ കേരളത്തിനകത്തും.
ഓടിക്കളിക്കേണ്ട ബാല്യം
എന്‍ഡോസള്‍ഫാന്‍ വിഷലിപ്തമാക്കിയ ജീവിതം
കര്‍ണ്ണാടക അതിരില്‍ ഇത്തരം ഏഴോ എട്ടോ കശുമാവിന്‍ തോട്ടങ്ങളുണ്ട് കേരളത്തിന്റെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്  
ജനങ്ങളുടെ വഴിമുടക്കിയാണെങ്കിലും സത്യങ്ങാളെ പൊതുജനശ്രദ്ധയില്‍ നിന്നും മറച്ചു പിടിക്കാനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ഗ്ഗതടസ്സങ്ങള്‍.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്റെ ചരിത്രം തന്നെ തങ്ങളുടെ തോട്ടങ്ങളില്‍ നിന്നും മായ്ച്ചുകളയാനുള്ള ശ്രമത്തിലാണ്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കോംബൌണ്ടില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്ന പുല്ലുമേഞ്ഞ വീടുകണ്ട് ബ്ലോഗര്‍മാര്‍ അവിടേക്കു കയറുകയാണ്.
അവര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തൊഴിലാളികളല്ലെന്നും, മരം മുറിക്കാന്‍ മാത്രം വന്നവരാണെന്നും....
പ്ലാന്റേഷന്‍ കോര്‍പ്പറെഷന്‍ തൊഴിലാളിയോട് ബ്ലോഗര്‍മാര്‍... എന്‍ഡോസള്‍ഫാന്‍ സ്പൃചെയ്തിരുന്നത് അത് വിഷമാണെന്ന് അറിഞ്ഞ്കൊണ്ടുതന്നെ ആയിരുന്നോ എന്ന്... !!!
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍


എന്‍ഡോസള്‍ഫാന്‍ വിഷം സൂക്ഷിച്ചിരുന്ന ടാങ്കു തേടി... കടത്തനാടന്‍
കോര്‍പ്പറേഷ്ന്‍ കോമ്പൌണ്ടിനു പിന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തിരുന്ന സമതലമായ പാറപ്പുറം. കശുമാവെല്ലാം വെട്ടിക്കളണ്ടത് കാണാം.
ഹെലിപ്പാഡും, എന്‍ഡോസള്‍ഫാന്‍ വിഷം നേര്‍പ്പിച്ചിരുന്ന ടാങ്കും.
വിഷടാങ്കിനു സമീപം വിചാരം
ഹെലികോപ്റ്ററില്‍ തളിക്കുന്നതിനായി  വിഷം കലക്കിയിരുന്ന ടാങ്ക്.
ഇവിടെ നിന്നും ഒരു അരുവി ഉത്ഭവിക്കുന്നുണ്ട്. വിഷം താഴ്വാരങ്ങളിലെ ജലാശയങ്ങളിലെത്തുന്നത് അങ്ങനെയാണ്.
മുറിച്ചുമാറ്റപ്പെട്ട കശുമാവുകള്‍
എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും ഊറിക്കൂടിയിരിക്കുന്നുണ്ടാകാം.
താഴ്വാരത്തിലെ ജലാശയങ്ങളെ ചൂണ്ടിക്കാണിക്കുന്ന കെ.എസ്.അബ്ദുള്ള
മെയ് ഒന്നിന് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശം സന്ദര്‍ശിച്ച ബ്ലോഗര്‍മാര്‍ കെ.എസ്.അബ്ദുള്ളയോടൊപ്പം

............................................







.....................................

Translate