Monday 16 April 2012

കെ.വി ഷൈനു വിട..

ബ്ലോഗറും പ്രക്ഷേപകനും മാദ്ധ്യമപ്രവർത്തകനുമായ കെ.വി.ഷൈൻ (41) വിടവാങ്ങി.ചേർത്തലക്കടുത്ത തുറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 15നു രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സൈബർലോകത്ത് “വിചിത്രകേരളം”എന്ന വ്യത്യസ്തമായ ബ്ലോഗിലൂടെ തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ ഷൈൻ ,‘നായർ സമുദായത്തെ ആക്ഷേപിക്കുന്ന രചനകൾ പോസ്റ്റു ചെയ്തു ‘എന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.നാരായണപണിക്കരുടെ പരാതിയിൽ 2010 മെയിൽ അറസ്റ്റ് ചെയ്യപ്പെടുകയും പൊലീസിനാൽ വേട്ടയാടപ്പെടുകയും ചെയ്തു. അറസ്റ്റിനെ തുടർന്ന് സർക്കാർ, ടെക്നിക്കൽ സ്കൂളിൽ എൽ.ഡി.ക്ലർക്കായിരുന്ന അദ്ദേഹത്തെ സസ്പെന്റ് ചെയ്തു.അടുത്തിടെയാണു തിരികെ ജോലിയിൽ പ്രവേശിച്ചത്.കോടതി ഉത്തരവിന്റെ ബലത്തിൽ ബ്ലോഗിന്റെ പാസ്വേഡ് കൈക്കലാക്കിയ പൊലീസ് വിചിത്രകേരളം ഡിലീറ്റ് ചെയ്തതിനെ തുടർന്നാകാം അത് നെറ്റിൽ നിന്ന് അപ്രത്യക്ഷമായി.സൈബർ നിയമം നെറ്റിൽ ഭീകരത വിതക്കുന്നതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു ഷൈൻ നേരിട്ട പീഡനം.അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം ഈ പശ്ചാത്തലത്തിൽ ഏറെ നൊമ്പരപ്പെടുത്തുന്നു. സൌമ്യ മധുരമായ സാന്നിദ്ധ്യമായിരുന്നു ഷൈൻ.കേരളത്തിലെ ആദ്യ എഫ്.എം.നിലയമായ കൊച്ചി എഫ്.എമ്മിലെ ആദ്യകാല അനൌൺസർമാരിലൊരാളായാണു ഷൈൻ മാദ്ധ്യമലോകത്തേക്ക് പ്രവേശിക്കുന്നത്.1994 ഡിസംബർ മുതൽ ഈ ലേഖകനു ഷൈനെ അടുത്തറിയാം. 2001 വരെ ഒപ്പം പ്രവർത്തിച്ചു.ദീർഘകാലം കൊച്ചി നിലയത്തിൽ പ്രക്ഷേപകനായി കരുത്തുതെളിയിച്ച ഷൈൻ പിന്നെ കൈരളി ചാനലിന്റെ ആദ്യത്തെ വാർത്താവതാരകനായി ചരിത്രമെഴുതി.അടുത്തിടെയാണു സൈബർലോകത്ത് എത്തുന്നത്. സക്രിയമായ കർമ്മമണ്ഡലങ്ങൾ ബാക്കിയാക്കി പൊടുന്നനെ അദ്ദേഹം പിൻ വാങ്ങിയിരിക്കുന്നു.പക്ഷേ, മലയാള ബ്ലോഗിന്റെ ചരിത്രത്തിൽ കെ.വി.ഷൈനും “വിചിത്രകേരളം” ബ്ലോഗും വിസ്മൃതിയിലാണ്ടു പോകുകയില്ല. അദ്ദേഹത്തിന്റെ ധന്യമായ സ്മരണകൾക്ക് മുന്നിൽ നമുക്ക് പ്രണമിക്കാം. ചിത്രകാരനും നിസ്സഹായനും ഉൾപ്പെടെയുള്ള ബ്ലോഗ്സുഹൃത്തുക്കൾ ഇന്ന് അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ പങ്കുചേർന്നു.

Translate