Sunday, 4 August 2013

ചിത്രകാരന്‍ മുരളി.ടി.ക്കെതിരെയുള്ള സൈബര്‍ കേസിന്റെ രേഖകള്‍

ബ്ലോഗര്‍ ചിത്രകാരന്‍ തന്റെ പുസ്തകരചനയുടെയും, പെയിന്റിങ്ങ് എക്സിബിഷന്റേയും ഭാഗമായി ബ്ലോഗില്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്ന കാര്‍ട്ടൂണ്‍, പെയിന്റിങ്ങുകള്‍, സാമൂഹ്യശാസ്ത്ര-രാഷ്ട്രീയ- ചരിത്ര കുറിപ്പുകള്‍, കവിതകള്‍, ആനുകാലിക വായനാ/ഡയറി കുറിപ്പുകള്‍ എന്നിവയടങ്ങുന്ന  ബ്ലോഗ് പോസ്റ്റുകള്‍ 2007 മുതല്‍ ‘ബൂലോഗത്ത് ’ വായനക്കാര്‍ക്ക് ലഭിച്ചുവരുന്നുണ്ട്. എന്നാല്‍, മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് അസിഹിഷ്ണുതയുള്ള ഒരു ഗ്രൂപ്പ് ചിത്രകാരനെ കേസില്‍ കുടുക്കി എഴുത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തുടക്കം മുതലേ ശ്രമിച്ചിരുന്നു. ഇന്ത്യയുടെ ലോകപ്രശസ്ത ചിത്രകാരനായിരുന്ന എം.എഫ്.ഹുസൈനെ വംശീയ വിദ്വേഷത്താല്‍ ഒരേ സമയം ആയിരത്തോളം കേസുകളില്‍ കുടുക്കി ദ്രോഹിച്ച് ഇന്ത്യയില്‍ നിന്നും ഫലത്തില്‍ നാടുകടത്തിയ വര്‍ഗ്ഗീയ വാദികള്‍ അതിനായി കണ്ടെത്തിയ കാരണം ഹുസൈന്‍ പത്തോ ഇരുപതോ വര്‍ഷം മുന്‍പ് വരച്ച സരസ്വതിയുടേയും സീതയുടേയുമൊക്കെ ചിത്രങ്ങള്‍ മികച്ച പട്ടു സാരികള്‍ ഉടുത്തിരുന്നില്ല എന്നതായിരുന്നല്ലോ. ഇതേ ഇനത്തില്‍പ്പെട്ട വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ തന്നെയാണ് ബ്ലോഗര്‍ ചിത്രകാരനെതിരേയും കേസും, ഭീഷണിയുമായി ദ്രോഹ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

അക്ഷരമെഴുതുന്നവരുടെ ചെവിയില്‍ ഐ.ടി. ആക്റ്റ് ഒഴിക്കുന്നവര്‍ 
തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഒരു വംശീയ/വര്‍ഗ്ഗീയ/റേസിസ്റ്റ് കൂട്ടായ്മയിലെ സന്തോഷ് ജനാര്‍ദ്ദനന്‍ എന്നൊരാള്‍ ചിത്രകാരന്റെ എല്ലാ ബ്ലോഗുകളിലും തുടക്കത്തിലേ എഴുതിക്കാണിക്കുന്ന ബോധവികാസം ഇല്ലാത്തവരും, അക്ഷരങ്ങളെ ഭയപ്പെടുന്നവരും  ചിത്രകാരന്റെ ബ്ലോഗുകള്‍ വായിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുകയും, കമന്റുകളിലൂടെയും, ചാറ്റ് ബോക്സുകളിലൂടെയും “പൊന്നമ്പലം” എന്ന ബ്ലോഗര്‍ വേഷമണിഞ്ഞ് ഭീഷണി സ്വരം അറിയിച്ചുകൊണ്ടുമിരുന്നു. അതേ കാലത്തുതന്നെ കേരള ഫാര്‍മറെപ്പോലുള്ള ഇയാളുടെ കൂട്ടാളികള്‍ ചിത്രകാരന്റെ ബ്ലോഗ് പോസ്റ്റുകള്‍ “ഗൂഗിളില്‍” ഫ്ലാഗ് ചെയ്ത് പരാതി നല്‍കി ഡിലേറ്റ് ചെയ്യിക്കാന്‍ ആഹ്വാനം ചെയ്ത്, ചിത്രകാരന്റെ ഫോട്ടോ, വിസിറ്റിങ്ങ് കാര്‍ഡ്, വിലാസം എന്നിവ അനുമതി കൂടാതെ അയാളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും, ചിത്രകാരന്റെ ബ്ലോഗ് ഗൂഗിളിനെക്കൊണ്ട് ബ്ലോക്ക് ചെയ്യിക്കാനുള്ള ഫ്ലാഗിങ്ങ് ചെയ്യേണ്ട വിധം എങ്ങനെയെന്ന് ചിത്രകാരന്റെ ബ്ലോഗിന്റെ സ്ക്രീന്‍ ഷോട്ടുകളടക്കം സ്റ്റെപ് ബൈ സ്റ്റെപ്പായി വിവരിച്ചിരുന്നതും ഓര്‍ക്കേണ്ടതാണ്.

 “പൊന്നമ്പലം” എന്ന ബ്ലോഗ് നാമത്തില്‍ ഭീഷണി നടത്തിയിരുന്ന സന്തോഷ്  ജനാര്‍ദ്ദനന്‍ ചിത്രകാരന്റെ പ്രസിദ്ധമായ “സരസ്വതിക്കെത്ര മുലകളുണ്ട് ” എന്ന 2009 ജനുവരി 9ന് എഴുതിയ ചെറിയൊരു പോസ്റ്റ് വായിച്ച് ,  ഹിന്ദുക്കളുടെ വികാരം വൃണപ്പെടാന്‍ കാരണമായെന്ന്  പോലീസിന്റെ സൈബര്‍ സെല്ലിലേക്ക് ഈ മെയിലുകള്‍ അയക്കുകയും, ഇയാളുടെ തിരുവനന്തപുരത്തെ ഫാര്‍മറെപ്പോലുള്ള കൂട്ടാളികള്‍ സൈബര്‍ സെല്ലില്‍  നിരന്തരം സ്വാധീനിച്ചതിന്റേയും ഫലമായി ചിത്രകാരന്‍ താമസിക്കുന്ന കണ്ണൂര്‍ കേന്ദ്രമായുള്ള സൈബര്‍ സെല്ലിനെക്കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യിപ്പിക്കാനും ചെന്നൈയിലിരുന്ന് കേവലം ഈ-മെയില്‍ പരമ്പരകളായി പരാതിയയക്കുന്ന സന്തോഷ് ജനാര്‍ദ്ദനു കഴിഞ്ഞു എന്നതുതന്നെ ഇവരുടെ വര്‍ഗ്ഗീയ കൂട്ടയ്മയുടെ സംഘബലത്തിന്റെയും ഭരണകൂട സംവിധാനങ്ങളെ സ്വാധീനിക്കാനുള്ള കഴിവിന്റേയും തെളിവാണെന്ന് കാണാം.

ിത്രാരിരെയുള് സൈബര്‍ കേസ്:
കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍ 18/09 എന്ന നമ്പറില്‍ രജിസ്റ്റെര്‍ ചെയ്തിട്ടുള്ള ചിത്രകാരനെതിരെയുള്ള കേസ് ഐ.ടി. ആക്റ്റ് 67 ആം വകുപ്പു പ്രകാരമാണ് കുറ്റം ആരോപിച്ചിരിക്കുന്നത്. 2009ല്‍ രജിസ്റ്റെര്‍ ചെയ്തിട്ടുള്ള ഈ കേസില്‍ ചിത്രകാരന്‍ കോടതിയില്‍ നിന്നും മുന്‍‌കൂര്‍ ജാമ്യമെടുത്തിരുന്നു. പണസമ്പാദനത്തിനായി പോണ്‍ സൈറ്റുകള്‍ നടത്തുന്നവര്‍ക്കെതിരെ പ്രയോഗിക്കാനുള്ള ഐ.ടി.ആക്റ്റ് 67 ആം വകുപ്പ്, കലാപ്രവര്‍ത്തനം നടത്തുന്ന ചിത്രകാരനെതിരെ കള്ളക്കേസായി കോടതിയില്‍ തള്ളിപ്പോകുമെന്നറിവുള്ളതിനാലാകണം നാലര വര്‍ഷത്തോളമായി ഈ കേസ് കോടതിയിലെത്താതെ പോലീസ് സ്റ്റേഷനില്‍ തന്നെ ഉറങ്ങുകയായിരുന്നിരിക്കണം.

എന്നാല്‍, 2013ല്‍ ചിത്രകാരന്‍ പഴയകാലത്തെ തിരുവിതാംകൂര്‍ രാജഭരണ കാലത്തെ കിരാതമായ മുലക്കരം, മീശക്കരം, ചാന്നാര്‍ സ്ത്രീകളുടെ മേല്‍ വസ്ത്രമുരിയല്‍ തുടങ്ങിയ വംശീയ പീഢനങ്ങളെ പ്രതിപാദിക്കുന്ന കുറെ ചിത്രങ്ങള്‍ വരച്ചതിന്റേയും, സോളാര്‍ വിവാദത്തിന്റെ  സാഹിത്യചരിത്ര-സാംസ്ക്കാരിക-ഐതിഹ്യപരമായ വേരുകളെ അനാവരണം ചെയ്യുന്ന  കുറിപ്പുകള്‍ എഴുതിയതിന്റെയും പശ്ചാത്തലത്തിലായിരിക്കണം കേസ് വീണ്ടും പൊടിതട്ടി എടുക്കാനോ പുതിയ കേസില്‍ കുടുക്കാനോ ആരംഭിക്കുന്നതായി അറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ തിങ്കളാഴ്ച്ചക്കു ശേഷമേ (5.8.2013) ലഭ്യമാകു.

 അഡ്വക്കേറ്റ് ഷൈന്‍- സൈബര്‍ സെല്ലിന്റെ രക്തസാക്ഷി:
 എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണ പണിക്കരുടെ പരാതിപ്രകാരം ബ്ലോഗ്ഗറായിരുന്ന ചേര്‍ത്തലയിലെ അഡ്വക്കേറ്റ് ഷൈനിനെ സൈബര്‍ ഭീകര മുദ്രകുത്തി, പത്രസമ്മേളനം നടത്തി പ്രദര്‍ശിപ്പിക്കുന്ന നാടകംനടത്തുകയും, അദ്ദേഹത്തിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ കാരണമായ ഉപജാപങ്ങള്‍ സംഘടിപ്പിക്കുകയും, ഷൈനിന്റെ ബ്ലോഗിന്റെ പാസ് വേഡ് കരസ്ഥമാക്കി ബ്ലോഗ് ക്ലോസ് ചെയ്തതും മറന്നുകൂടാത്തതാണ്. സത്യത്തില്‍, ഒരു വര്‍ഷം കഴിഞ്ഞുള്ള ഷൈനിന്റെ ഹൃദയ സ്തംഭനം മൂലമുള്ള മരണത്തില്‍ പോലും പ്രധാന കാരണം എന്‍.എസ്.എസ്. എന്ന ജാതി സംഘടനയോട് സൈബര്‍ സെല്ലിലെ വംശീയ താല്‍പ്പര്യങ്ങളും വിധേയത്വവുമുള്ള ഉദ്ധോഗസ്തര്‍ കാണിച്ച ക്രൂരതയാണെന്ന് പറയാം. കാരണം, ബ്ലോഗെഴുതിയതിന് നിയമവിരുദ്ധമായി പ്രതി ചേര്‍ക്കപ്പെട്ട് ഭീകരനായി ചിത്രീകരിക്കപ്പെട്ട അഡ്വക്കേറ്റ് ഷൈന്‍ ആഴ്ച്ചയിലൊരിക്കല്‍ എറണാകുളത്തുനിന്നും തിരുവനന്തപുരത്തുള്ള സൈബര്‍ സെല്ലിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയെല്ലാം ചേര്‍ത്താണ് ജാമ്യം നല്‍കുന്നത്. ക്ഷേത്ര കമ്മിറ്റിയുടെ ട്രഷററും രക്ഷാധികാരിയുമെല്ലാമായിരിക്കുന്ന അടുത്ത ബന്ധുക്കളുള്ള ഷൈന്‍ കേസുമായി മുന്നോട്ടു പോകാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. കുടുംബം ബന്ധങ്ങള്‍ സംരക്ഷിക്കാനായി സൈബര്‍ സെല്‍ നല്‍കിയ എന്‍.എസ്.എസിന്റെ വംശീയ വിഷം സോക്രട്ടീസിനെപ്പോലെ വാങ്ങി കഴിച്ച് ഒരു രക്തസാക്ഷിയാകുകയായിരുന്നു ഷൈന്‍.

കലാപ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുള്ള പ്രതിരോധം
പഴയ തിരുവിതാംകൂര്‍ രാജഭരണ പ്രദേശമായ തിരുവനന്തപുരത്തുനിന്നും മലബാറിലെ കണ്ണൂര്‍ വളരെ ദൂരെയായതിനാല്‍ എന്‍.എസ്. എസ്. പോലുള്ള ജാതി സംഘടനകളുടെ വംശീയ വിഷം ചേര്‍ത്തലയിലെ ഷൈനില്‍ പ്രവര്‍ത്തിച്ചതുപോലെ കണ്ണൂരില്‍ ഏല്‍ക്കില്ലെങ്കിലും, സൈബര്‍ സെല്ലില്‍ വംശീയ വാദികള്‍ ചെലുത്താനിടയുള്ള രാഷ്ട്രീയ-ഭരണ സ്വാധീനം കുറച്ചുകാണാനാകില്ല. അതുകൊണ്ടുതന്നെ ചിത്രകാരനെതിരെയുള്ള സൈബര്‍ കേസുമായി ബന്ധപ്പെട്ട എല്ല രേഖകളും(എഫ്.ഐ.ആര്‍, സന്തോഷ് ജനാര്‍ദ്ദനന്റെ ഈമെയില്‍ പരാതികള്‍, കേസിനാസ്പദമായ പോസ്റ്റിന്റെ പോലീസില്‍ സമര്‍പ്പിക്കപ്പെട്ട കോപ്പി, തുടങ്ങിയവ) മനുഷ്യാവകാശ പ്രബുദ്ധതയുള്ളവരുടെയും, ജനാധിപത്യവാദികളുടേയും അറിവിലേക്കും ഇടപെടാനുള്ള സൌകര്യത്തിനായും താഴെ ചെര്‍ത്തിരിക്കുന്നു. ക്ലിക്കി വലുതാക്കി വായിക്കുകയോ, സേവ് ചെയ്ത് പ്രിന്റെടുക്കുകയോ ചെയ്യാം.



എഫ്.ഐ.ആര്‍. ഒന്നാം പേജ്
എഫ്.ഐ.ആര്‍. രണ്ടാം പേജ്


സന്തോഷ് ജനാര്‍ദ്ദനന്‍ സൈബര്‍ പോലീസിനയച്ച ഈമെയില്‍ പരാതികള്‍ (മുകളിലും താഴെയും)

കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ചിത്രകാരന്റെ നിസാരം ബ്ലോഗിലെ കേസിനാസ്പദമായ പോസ്റ്റിന്റെ ഫോട്ടോ സ്റ്റാറ്റ്.
ദേശാഭിമാനി പത്രത്തില്‍ വന്ന ഈ വിഷയത്തിലുള്ള ഒരു വാര്‍ത്ത

Translate