' നടവഴിയിലെ നേരുകൾ' ( നോവൽ)
ഷെമി
വില 575 രൂപ.
ഡി.സി.ബുക്സ്
ഒരാഴ്ചയായി വായിക്കുകയായിരുന്നു,639 പേജുള്ള ബൃഹത്തായ ഈ നോവൽ.എത്രയോ കാലമായിക്കാണും, ഇത്രയും വലുപ്പമുള്ള ഒരു പുസ്തകം വായിച്ചിട്ട്.
ഹൃദയത്തെ നുറുക്കുന്നതാണിതിലെ ഓരോ പേജും.മലയാള സാഹിത്യത്തിൽ ഇതിനു് സമാനമായൊരു കൃതിയില്ല. ഒരു ജൻമത്തിൻ്റെ ആദ്യപാദങ്ങളിൽ തന്നെ പല ജൻമങ്ങളുടെ ദുരിതഭാണ്ഡങ്ങൾ പേറേണ്ടി വന്ന, ഉത്തര മലബാറിലെ ഒരു മുസ്ലീം പെൺകുട്ടിയുടെ ആത്മകഥയെന്നോ, ആത്മാംശം നിറഞ്ഞ ആഖ്യാനമെന്നോ വിശേഷിപ്പിക്കാവുന്ന രചനയാണ്, ' നടവഴിയിലെ നേരുകൾ'.
24 വർഷത്തെ ജീവിതമാണിതിൽ.
യാതനകളുടെ ആഴക്കയങ്ങളിൽ അകപ്പെട്ടു പോയ ഈ പെൺകുട്ടിയുടെയും കൂടെപ്പിറപ്പുകളുടെയും ജീവിതം, കഥയെ വെല്ലുന്നതാണ് . പാർശ്വവല്കരിക്കപ്പെട്ട, തിരസ്കൃത ജീവിതങ്ങളുടെ, അതിസൂക്ഷ്മമായ യഥാതഥാഖ്യാനം ആരുടെയും കണ്ണു നനയിക്കും.
അറയ്ക്കൽ മുസ്ലീം രാജ വംശത്തിൻ്റെ തായ് വഴിയിൽ പിറന്ന ഉപ്പയുടെ ഈ മകളുടെ ബാല്യകൗമാരങ്ങൾ കടുത്ത പട്ടിണിയിലും, അരക്ഷിതാവസ്ഥയിലും ദാരിദ്യത്തിലുമായിരുന്നു.
സ്വന്തമായി വീടോ, വരുമാനമോ ഇല്ലാത്ത,ക്ഷയരോഗിയായ,ഇഴഞ്ഞു നീങ്ങുന്ന ഉപ്പ. മൂത്ത മകനെ പഠിപ്പിച്ച് ഉന്നതോദ്യോഗസ്ഥനാക്കിയെങ്കിലും കൊല്ലം-കൊല്ലം പ്രസവിക്കുന്ന ഉമ്മാനെയും ഉപ്പാനെയും അയാൾ വെറുത്തു . ' കൊല്ലം, കൊല്ലം പ്രസവിക്കാൻ നിങ്ങള് ഇയാൾക്ക് കൂട്ടുകെടന്നിട്ടില്ലേ' എന്ന് ഉമ്മയുടെ മുഖത്തു നോക്കി അലറുന്നുണ്ട്, അയാൾ. അവസാനം, ഉപ്പയെയും ഉന്മയേയും അടിച്ചു പുറത്താക്കുകയും ചെയ്യുന്നു: 'ഇയാളേം ഈ പെണ്ണ്ങ്ങളേം ഇനി ജവിടെ കണ്ട് പോകര്ത്.ഇയാളും ഈ സ്ത്രീയും ഒന്നിച്ച്ണ്ടായാൽ പിന്നെം ഇത്പോലെ കൊറേണ്ണത്ത്ന പ്രസവിച്ചുകൂട്ടും'.
ഉമ്മയുടെ ഭാഷയിൽ പറഞ്ഞാൽ, 'കാലിച്ചന്ത തുടങ്ങാൻ മാത്രംള്ള ചെതലക്കാലികൾ നിറഞ്ഞ പുരയിൽ ആധികപ്പറ്റായി പിറന്നവളാണ് ആഖ്യാതാവ്.'ഏഴാണിനെ തുരുതുരാ ന്നങ്ങ് പെറ്റ് കഴിഞ്ഞപ്പം, ഒരു പെങ്കുഞ്ഞിനെ ചമീച്ചൊര്ക്കാനുള്ള പൂതികൊണ്ട്', ദേവാലയങ്ങൾ കേറിയിറങ്ങിയ അവർക്ക് കിട്ടിയത് 'മന്ദക്കനായ ഒന്നിനെ(സൗറ). പിന്നെയും അവർ നേർച്ചേം നെയ്യും നേർന്നപ്പോൾ പളുങ്കു പോലത്തെ രണ്ട് മക്കളെ കൂടി കിട്ടി (ഹാജിറ ,റംല ).'പക്കേങ്കില് ഒരു കാര്യം ല്ലാണ്ട് രണ്ടെണ്ണത്തിനെ ചോയ്ച്ച്റ്റ് ഒര് സൊഖോം നെറോം പോലുംല്ലാത്ത ഈ മൂന്നാമത്തെയ്നെ എന്ത്നാനപ്പാ, അള്ള എന്ക്ക് തന്ന്ത്!'
'വെളുത്തോർക്ക്ടേല് കറുത്തൊരണ്ണം' എന്ന് ചാപ്പ കുത്തി മാറ്റി നിർത്തപ്പെട്ടവൾ.
വാടകവീടുകളിൽ നിന്ന് തെരുവുകളിലേക്കും ഒറ്റമുറികളിലേക്കും കടത്തിണ്ണകളിലേക്കും അനാഥാലയത്തിലേക്കും അടിക്കടി പറിച്ചു നടപ്പെട്ട ജീവിതം. വിശപ്പടക്കാൻ മണ്ണും കരിയും തിന്ന്, പൈപ്പ് വെള്ളവും കുടിച്ച്, തല ചായ്ക്കാനൊരിടം തേടി നടന്ന ബാല്യകൗമാരങ്ങൾ.
സിനിമാക്കഥകളിലെ ക്രൂരരായ വില്ലൻമാരെപ്പോലും നിഷ്പ്രഭരാക്കുന്ന ,അലസരും, ക്രൂരരും മദ്യത്തിനും മയക്കുമരുന്നിനുമടിമകളുമായ മൂത്ത സഹോദരൻമാർ. സഹോദരിമാരെപ്പോലും മാനഭംഗപ്പെടുത്തുന്നവർ.ഇരന്നും, സക്കാത്ത് വാങ്ങിച്ചുമുണ്ടാക്കിയ അരി, അടുപ്പത്ത് കലത്തോടെ തല്ലി ഉടച്ച് എല്ലാം അൽകുൽത്താക്കുന്നവർ....
എടുത്താൽ പൊങ്ങാത്ത ജീവിത ദുരന്തങ്ങൾ പേറി, ഭാണ്ഡക്കെട്ടുകളുമായി അലഞ്ഞപ്പോഴും, വീടുകളിൽ വേലയ്ക്കു നിന്നപ്പോഴും, കീറി - മുഷിഞ്ഞ വസ്ത്രങ്ങളും, ഒട്ടിയവയുമായി ക്ലാസിൽ പോകണമെന്നും, പഠിച്ച് രക്ഷപ്പെടണമെന്നും ദൃഢനിശ്ചയം ചെയ്ത അവൾ,മിക്ക ക്ലാസിലും ഒന്നാമതെത്തി. ബാപ്പയ്ക്കു പിന്നാലെ ഉമ്മയും മരിച്ചതോടെ ,കോഴിക്കോട്ടെ അനാഥാലയത്തിൽ എത്തപ്പെട്ട അവളുടെയും സഹോദരങ്ങളുടെയും ദുരിതപർവ്വങ്ങൾ അവസാനിക്കുന്നില്ല.
അവിടുത്തെ ഭീകരമായ ഇരുണ്ട ജീവിതത്തിൽ നിന്ന് രക്ഷപെടാൻ പല പ്രാവശ്യം പുറപ്പെട്ടു പോയെങ്കിലും, അവിടെ തന്നെ മടങ്ങിയെത്താനായിരുന്നു, അവരുടെ യോഗം.
അവളുടെ അതിജീവനത്തിൻ്റെ കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. എന്നും സഹജീവി സ്നേഹവും കാരുണ്യവും ധാർമ്മികതയും പുലർത്തിയ അവൾ,പ്രീ - ഡിഗ്രിയും ജനറൽ നഴ്സിംങ്ങ് കോഴ്സും പാസായി .ജനറൽ ഹോസ്പിറ്റലിൽ നെഴ്സായപ്പോഴും മറ്റുള്ളവർക്കായി ജീവിച്ചു.അശരണരെ സഹായിച്ചു.പക്ഷേ, അവളുടെ മനസ് ആരും കണ്ടില്ല.
സ്നേഹിക്കാനും പ്രേമിക്കാനും, മനസാക്ഷിക്കനുസരിച്ച് ജീവിക്കാനും, സ്വന്തം സഹോദരങ്ങളും സമൂഹവും അവളെ അനവദിക്കുന്നില്ല.
അവസാനം, നാട്ടുനടപ്പനുസരിച്ച് നടത്തിയ നിക്കാഹ് ഒഴിഞ്ഞ്,തന്നെ സ്നേഹിക്കുന്നവനെ ജീവിത സഖാവാക്കി. അയാളച്ചുതന്ന വിസയുമായി, കൈക്കുഞ്ഞിനൊപ്പം ഗൾഫിൽ വിമാനമിറങ്ങിയ അവൾ തിരിച്ചറിയുന്നതിങ്ങനെ:'ഇരുപത്തിനാല് വർഷക്കാലം ഞാനനുഭവവിച്ച ദുരിതങ്ങളെക്കാൾ വലിയ ദുരന്തങ്ങളുമായി ദുബായ് നഗരം എന്നെ കാത്തിരിക്കുന്നതറിയാതെ ഞാൻ തിടുക്കപ്പെട്ട്,മുന്നിലെത്തി നിന്നു.'
ഉത്തര മലബാറിലെ ദരിദ്രരായ മുസ്ലീങ്ങളുടെ, അതും നിസ്വരായ സ്ത്രീകളുടെ ജീവിതം, ഇത്രയും സമഗ്രമായി മലയാള സാഹിത്യത്തിൽ ആരും രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂരിലെ സാധാരണക്കാരുടെ നാട്ടുഭാഷ അതീവ ചാരുതയോടെ, സംഭാഷണങ്ങളിൽ സത്യസന്ധമായി ഒപ്പിയെടുത്തു, നോവലിസ്റ്റ് .
ഒരിക്കലും മനസിൽ നിന്ന് മായാത്ത എത്രയെത്ര മനഷ്യർ ! അൻവർ,ഷുക്കൂർ ,ജമ്പാർ, തൗസർ, മുനീർ എന്നീ ഭായിമാർ .ഉമ്മ ,'കുതിര' എന്ന് വിളിക്കുന്ന ഹാജിറ എന്ന ഇത്താത്ത .പിന്നെ റംല, മബുദ്ധിമാന്ദ്യമുള്ള സൗറ.പെരുന്നാളിന് ഉടുപ്പണിയിച്ച്,'ഉമ്മക്കൊത്സു'എന്ന് പേരുമിട്ട്,കോഴിയെയും പിന്നെ ആടിനെയും ഓമനിച്ച് വളർത്തുന്ന റാഫി എന്ന അനുജൻ, ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും വഴിയിൽ നിന്ന് പട്ടിണിപ്പിള്ളേരെയും കൂട്ടി,ഇല്ലായ്മയുടെ കുടിയിലേക്ക് വരുന്ന ഉപ്പ, കണ്ണൻ മാഷിൻ്റെ ക്ലാസ് ജനാലയിലൂടെ കേട്ടും നോക്കിയും പഠിക്കാൻ വരുന്ന കുഞ്ഞായി എന്ന അനാഥ ബാലിക......
അസാധാരണമായ, അനുഭവങ്ങളുടെ കുത്തൊഴുക്കാണ് ഇവിടെ. ഒരു നോവൽ എന്നതിലുപരി, ആത്മകഥയുടെ ഗില്പഘടനയാണിതിന്
സുഗമമായ വായനയെ തടസപ്പെടുത്തുന്ന പ്രധാന പ്രശ്നം, ഒഴുക്കുള്ള ആഖ്യാനത്തെ ഇടയ്ക്കിടക്ക് തടസ്സപ്പെടുത്തുന്ന ഒട്ടേറെ വാക്കുകളും പ്രയോഗങ്ങളുമാണ്. ഉദാഹരണങ്ങളേറെയുണ്ട്: 'ഉദ്ദീക്ഷണാ വൈഭവമുള്ള കണ്ണുകൾ, വിമനസ്ഥത, അദ്ധ്യയനം നവാഗതമായിട്ട്, അച്ചടക്കം ബന്ധിതമായ ക്ലാസ് മുറി, എൻ്റെ അല്പത, പരിച്ഛേദമന്യമായ ആത്മലയത്തിൻ്റെ സങ്കലനം, ക്രമീകൃത പരിപാടി,മർദ്ദിത മുഖം, ജീപ്പിനുള്ളിലെ ബീഭത്സം, ആകാശം അനാച്ഛാദനം ചെയ്യപ്പെട്ട പോലെ, സ്വേദന നനവുള്ള നെഞ്ച്, സ്വാദൃശ്യാഭിരുചിയുള്ള പുസ്തകം, അപ്രേയമായ ഉദ്ദീപനം.... എന്നിങ്ങനെ, അനാവശ്യവും അർത്ഥശൂന്യവുമായ ധാരാളം പ്രയോഗങ്ങൾ തീർച്ചയായും ഒഴിവാക്കാമായിരുന്നു.
മൂന്നു ഭാഗങ്ങളായി മാത്രം തിരിക്കപ്പെട്ട ഈ ബൃഹദ് രചന അദ്ധ്യായങ്ങളായി തിരിക്കുകയും, കഥാസന്ദർങ്ങൾക്കനുസരിച്ച്, ഖണ്ഡികകൾക്കിടയിൽ ആവശ്യമുള്ളിടത്തെല്ലാം ചിഹ്നങ്ങൾ നൽകുകയും വേണം.
പ്രസാധനത്തിന് മുൻപ്,ഒരു ലിറ്റററി എഡിറ്ററുടെ കൈകളിലൂടെ സസൂക്ഷ്മം കടന്ന്പോയിരുന്നുവെങ്കിൽ, ഈ രചന 300 പേജിൽ,രൂപഭദ്രമായ ഒന്നാന്തരം നോവലാകുമായിരുന്നു.
പുരസ്കാരങ്ങൾ ധാരാളം നേടിയ, പല പതിപ്പുകൾ ഇതിനോടകം ഇറങ്ങിയ ഷെമിയുടെ 'നടവഴിയിലെ നേരുകൾ', അടുത്ത പതിപ്പിലെങ്കിലും ഈ പോരായ്മകൾ പരിഹരിച്ച് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.
അത് എന്തായാലും, പ്രതിസന്ധികളുടെ ലാവാപ്രവാഹത്തിനു നടുവിൽ നിന്ന്, അതിജീവനത്തിനായി പോരാടുന്നവരെല്ലാം,ആത്മബലത്തിനായി ആവർത്തിച്ച് വായിക്കേണ്ടതാണ് ഷെമി, സ്വന്തം ജീവിതം കൊണ്ടെഴുതിയ ഈ കൃതി.
# ഷെമി
# നടവഴിയിലെ നേരുകൾ