Sunday, 22 March 2009

പുതിയ ബ്ലോഗേഴ്സിന്റെ ശ്രദ്ധക്ക്

പുതുതായി ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും, പുതുതായി ബ്ലോഗ് തുടങ്ങിയവരുടേയും സൌകര്യത്തിനായി കേരള ബ്ലോഗ് അക്കാദമിയുടെ ഈ ബ്ലോഗില്‍ സംശയനിവാരണത്തിനും,
പെട്ടെന്ന് പ്രാഥമിക സെറ്റിങ്ങുകള്‍ ശരിയാക്കുന്നതിനും അവശ്യം വേണ്ട വിവരങ്ങള്‍ നല്‍കുന്ന
ലിങ്കുകള്‍ മുകളില്‍ ഇംഗ്ലീഷില്‍ തന്നെ കൊടുത്തിട്ടുണ്ട്. പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് അവ ഓരോന്നായി ക്ലിക്കുചെയ്ത് ബ്ലോഗിങ്ങിലെ അപരിചിതത്വം ദൂരീകരിക്കാവുന്നതാണ്.

മലയാളം ബ്ലോഗുകളുടെ നിര്‍മ്മിതിയില്‍ അനുഭവപ്പെടാവുന്ന എല്ലാ തരം സംശയങ്ങളെയും പരിഹരിക്കുന്ന തരത്തില്‍ വിശദമായ കുറിപ്പുകള്‍ വിവിധ തലക്കെട്ടുകളോടും,സ്ക്രീന്‍ഷോട്ടുകളോടും കൂടി
ആദ്യാക്ഷരി ബ്ലോഗില്‍ അപ്പു എന്ന ബ്ലോഗര്‍ നല്‍കിയിട്ടുണ്ട്. പുതിയതായി ബ്ലോഗ് ആരംഭിക്കുന്നവര്‍
തീര്‍ച്ചയായും ആദ്യാക്ഷരി ബ്ലോഗ് ഉപയോഗപ്പെടുത്തുക.(താഴെക്കൊടുത്ത ആദ്യാക്ഷരി ബാനറില്‍ ഞെക്കുക)
 Blog Helpline
കൂടാതെ, ബ്ലോഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും, നിങ്ങളുടെ ബ്ലോഗിനെ സൌകര്യപ്രദവും മനോഹരവുമാക്കുന്നതിലേക്കുള്ള ധാരാളം അറിവുകള്‍ പ്ങ്കുവച്ചുകൊണ്ട് മുള്ളൂക്കാരന്‍ എന്ന ബ്ലോഗര്‍
ഇന്ദ്രധനുസ്സ് എന്നൊരു ബ്ലോഗും മലയാളം ബ്ലോഗേഴ്സിന്റെ സൌകര്യത്തിനായി ഒരുക്കിയിട്ടുണ്ട്.
ബ്ലോഗില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ ഇന്ദ്രധനുസ് ഉപയോഗപ്പെടുത്തുമല്ലോ.(താഴെക്കൊടുത്ത ഇന്ദ്രധനുസ് ബാനറില്‍ ഞെക്കുക)


Indradhanuss
Malayalam Blog Tips&Trics
കേവലം മനുഷ്യസ്നേഹത്തിന്റെ പേരില്‍ നല്‍കിയിരിക്കുന്ന ഈ അറിവുകള്‍
ഉപയോഗപ്പെടുത്തി മലയാളം ബ്ലോഗിങ്ങ് മലയാളികളുടെ വിവേചന രഹിതമായ സ്വതന്ത്രമാധ്യമമായി വളര്‍ത്തുന്നതില്‍ ഒരോ മലയാളിയും തങ്ങളുടെ പങ്കു വഹിക്കണമെന്ന് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.

അതുപോലെത്തന്നെ വളരെ പ്രധാനപ്പെട്ടതാണ് നമ്മള്‍ ബ്ലോഗില്‍ ഒരു സൃഷ്ടി പ്രസിദ്ധീകരിച്ചാല്‍ അതിനെക്കുറിച്ചുള്ള അറിയിപ്പ് ലിസ്റ്റ് ചെയ്യുന്ന അഗ്രഗേറ്ററുകള്‍.മുകളില്‍ കുറെ അഗ്രഗേറ്ററുകളുടേയും ലിങ്ക് കൊടുത്തിട്ടുണ്ട്.ആ ലിങ്കുകളിലേതിലെങ്കിലും ഞെക്കിയാല്‍ മലയാളം ബ്ലോഗേഴ്സ് പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് പോസ്റ്റുകളുടെ ലിസ്റ്റ് ലഭിക്കുന്നതും, അവിടെ നിന്നും നമുക്ക് താല്‍പ്പര്യമുള്ള പോസ്റ്റുകളുടെ തലക്കെട്ടില്‍ ഞെക്കി ആ പോസ്റ്റുകള്‍ വായിക്കാവുന്നതുമാണ്. ഈ ലിസ്റ്റുകളാണ് ബ്ലോഗര്‍മാരെ ബന്ധിപ്പിക്കുന്ന പ്രധാന വഴികളിലൊന്ന് എന്നതിനാല്‍
അഗ്രഗേറ്ററുകളുടെ ലിങ്കുകള്‍ ബുക്ക് മാര്‍ക്ക് ചെയ്തുവക്കുന്നത് നന്നായിരിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ഞെക്കിയാല്‍ വിവിധ അഗ്രഗേറ്ററുകളില്‍ എത്താം.

1) ഗൂഗിള്‍ മലയാളം ബ്ലോഗ് സെര്‍ച്ച് (അഗ്രഗേറ്റര്‍)
2) ചിന്ത മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
3) പുഴ മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
4) തനിമലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
5) കേരള ഇന്‍സൈഡ് അഗ്രഗേറ്റര്‍
6) ബ്ലോഗ്കുട്ട് അഗ്രഗേറ്റര്‍....

പുതുതായി ബ്ലോഗ് ചെയ്യുന്നവര്‍ക്ക് താഴെക്കാണുന്ന നോട്ടീസ് ഞെക്കി വലുതാക്കിയതിനുശേഷം വായിക്കുകയോ,
പ്രിന്റെടുക്കുകയോ ചെയ്യാം.
കേരള ബ്ലോഗ് അക്കാദമിയുടെ മുകളില്‍ കൊടുത്ത ലിങ്ക്ബാനര്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ താഴെക്കൊടുത്ത സ്ക്രോളിങ്ങ് വിന്‍ഡോയിലെ htmlകോഡ് കോപ്പിചെയ്ത് നിങ്ങളുടെ ബ്ലോഗ് ലേ-ഔട്ടില്‍ ചേര്‍ക്കുക.


ബ്ലോഗ് അക്കാദമിയുടെ നഷ്ടപ്പെട്ട പേജ് ലേ-ഔട്ടിന്റെ ഗൂഗിള്‍ കാഷ് മെമ്മറി ഇവിടെ ലിങ്കില്‍ ക്ലിക്കിയാല്‍ ലഭിക്കും. അനോണികളെ ക്ഷമിക്കുക.

കണ്ണൂര്‍ ബ്ലോഗ് ശില്‍പ്പശാല ചിത്രങ്ങള്‍

കണ്ണൂരില്‍ സംഘടിപ്പിച്ച ബ്ലോഗ് ശില്‍പ്പശാലയിലെ ചില നിമിഷങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ ബൂലോകത്തെങ്ങുമുള്ള ബ്ലോഗ്ഗര്‍മാരുടെ അറിവിലേക്കായി ഇവിടെ പോസ്റ്റുന്നു.

കണ്ണൂരാന്‍ മാഷ് ബൂലോകത്തേക്ക് പഠിതാക്കളെ ക്ഷണിക്കുന്നു.

ഉഷടീച്ചറും ബ്ലോഗറായി. മട്ടന്നൂര്‍ ശിവപുരം ഹൈസ്കൂളിലെ പ്രധാനാധ്യാപികയായ ഉഷ ടീച്ചര്‍ ബ്ലോഗ് ശില്‍പ്പശാലയില്‍ വച്ച് തന്റെ ആദ്യ മലയാളം ബ്ലോഗായ “ടീച്ചറുടെ ലോകം” തുടങ്ങുന്നു.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ബ്ലൊഗിന്റെ പ്രസക്തിയെക്കുറിച്ചും,സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നു.

“ബ്ലോഗിനെ അവഗണിച്ചുകൊണ്ട് എഴുത്തുകാര്‍ക്കും,മാധ്യമങ്ങള്‍ക്കും ഇനി മുന്നോട്ടു പോകാനാകില്ല....“ പ്രശസ്ത എഴുത്തുകാരനായ ഡോ.വത്സലന്‍ വാതുശ്ശേരി ശില്‍പ്പശാലയില്‍ ഭൂലോകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു.

ബൂലോകത്തിന്റെ പടിപ്പുര വാതില്‍ക്കല്‍ കണ്ണൂരാന്‍ പഠിതാക്കളെ അഭിസംബോധന ചെയ്യുന്നു.

ബൂലോകത്തെ യുവ കവി മനോജ് കാട്ടാമ്പള്ളി സംസാരിക്കുന്നു.

ബൂലോകത്തെ മറ്റൊരു യുവകവിയായ നാസര്‍ കൂടളി ക്ലാസ്സെടുക്കുന്നു.

ശില്‍പ്പശാലക്ക് നേരിട്ടു ആശംസ നേരാനായി കോഴിക്കോടുനിന്ന് എത്തിച്ചേര്‍ന്ന ഏറനാടന്‍ ബ്ലോഗാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നു.

ശില്‍പ്പ ശാലയില്‍ വച്ച് ആദ്യത്തെ ബ്ലോഗ് തുടങ്ങിയപ്പോഴുള്ള സന്തോഷം...!!!! ബ്ലോഗാര്‍ത്ഥി കെ.പ്രദീപ് കുമാര്‍(കാഞ്ഞങ്ങാട് നെഹ്രുകോളേജ് ഫിസിക്സ് വിഭാഗത്തിലെ അദ്ധ്യാപകന്‍) സ്വന്തം ബ്ലോഗിനകത്താണ്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നും വന്ന് ശില്‍പ്പശാലയുടെ പ്രാധാന്യം സാക്ഷ്യപ്പെടുത്തിയ ബ്ലോഗര്‍ ആദിത്യ നാഥ്.

ശില്‍പ്പശാലയില്‍ പങ്കെടുത്ത അനോണി ബ്ലോഗര്‍മാരെ ഒപ്പിയെടുക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഏറനാടന്റെ ക്യാമറക്കണ്ണുകള്‍.
ശില്‍പ്പശാലയില്‍ ബ്ലോഗാര്‍ത്ഥിയായി വന്ന ഹര്‍ത്താല്‍ വിരുദ്ധമുന്നണിയുടെ സംഘാടകനും,അതേപേരില്‍ ഇംഗ്ലീഷ് ബ്ലോഗ് എഴുതുന്ന ആളുമായ സുശാന്ത് ബ്ലോഗ് ശില്‍പ്പശാലക്ക് തന്റെ ഇന്റെര്‍ നെറ്റ് കഫെ തുറന്നു നല്‍കിയതിനാല്‍ അവിടെവെച്ച് നാലു പുതിയ ബ്ലൊഗര്‍ത്ഥികള്‍ ബ്ലോഗുതുടങ്ങി. സുശാന്തിനും,സുശാന്തിന്റെ “ദി വെബ്സൈറ്റ് ഇന്റെര്‍നെറ്റ് കഫെക്കും” ബ്ലോഗ് ശില്‍പ്പശാല പ്രവര്‍ത്തകര്‍ നന്ദി പറയുന്നു.

Thursday, 19 March 2009

ബ്ലോഗ് പൂരം

കേരള ബ്ലോഗ് അക്കാദമി തൃശൂരില്‍ 2008 മെയ് 18 നു സംഘടിപ്പിച്ച ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് കണ്ണൂരാന്‍ എഴുതിയ അവലോകനവും, ചിത്രകാരന്റെ ക്യാമറയില്‍ നിന്നുള്ള ചിത്രങ്ങളും ബൂലോകത്തെ ബ്ലോഗ് സഹോദരങ്ങളുടെ അറിവിലേക്കായി താഴെ പോസ്റ്റുന്നു.

കണ്ണൂരാന്‍:
അങ്ങിനെ ബ്ലോഗ് പൂരത്തിനു കൊടിയിറങ്ങി. ദിവസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങളും കുറച്ചു പേരുടെ അധ്വാനവും ഈ ശില്പശാലയെയും വന്‍ വിജയമാക്കി. തൃശൂര്‍ ശില്പശാലയുടെ മുഖ്യാസൂത്രകന്‍ ഡി.പ്രദീപ് കുമാറായിരുന്നു. വിശ്വപ്രഭയും, കെവിനും ആവശ്യമായ സഹായങ്ങള്‍ ചെയ്തു. മലബാറി 2 ദിവസം മുന്‍പെ സ്ഥലത്തെത്തുകയും തന്റെതായ സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. രാവിലെ 8.30 മണിയോടെ തന്നെ ചിത്രകാരന്‍, പ്രദീപ് കുമാര്‍, വിശ്വപ്രഭ, കെവിന്‍, കണ്ണൂരാന്‍, മലബാറി, ജോ, തോന്ന്യാസി, നിത്യന്‍, അശൊക് കുമാര്‍ കര്‍ത്താ തുടങ്ങിയവര്‍ സ്ഥലത്തെത്തി ഒരുക്കങ്ങള്‍ തുടങ്ങി. എല്‍.സി.ഡി. പ്രൊജക്ടര്‍ പ്രദീപ് കുമാര്‍ സംഘടിപ്പിച്ചിരുന്നു. മലബാറി, ചിത്രകാരന്‍, ജോ, വിശ്വപ്രഭ തുടങ്ങിയവര്‍ ലാപ്ടോപ്പ് കൊണ്ടു വന്നിരുന്നു. 9 മണി ആകുമ്പോഴേക്കും ബ്ലോഗാര്‍ത്ഥികള്‍ എത്തി തുടങ്ങിയിരുന്നു. 10 മണിക്കാണ് തുടങ്ങുവാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും 10.30നാണ് ശില്പശാല ആരംഭിച്ചത്. അപ്പോഴേക്കും കാര്‍ട്ടൂണിസ്റ്റ്, പ്രദീപ് സോമസുന്ദരം തുടങ്ങിയവരും എത്തിച്ചേര്‍ന്നു. വളരെ രസകരമായ ഒരു കാര്യം തൃശൂരില്‍ നിന്നു മാത്രമല്ല, പാലക്കാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നു പോലും ബ്ലോഗാര്‍ത്ഥികള്‍ എത്തിയിരുന്നു എന്നുള്ളതാണ്. സ്വാഗത ഭാഷണവും എന്താണ് ബ്ലോഗ് എന്നുള്ളതിനെക്കുറിച്ച് വിശദമായ ഒരു ക്ലാസ്സും ഡി.പ്രദീപ് കുമാര്‍ നടത്തി. ബ്ലോഗിലൂടെ എന്തെല്ലാം സാധ്യമാണെന്നതും, ഈ സമഗ്ര മാധ്യമത്തിന്റെ പ്രധാന്യവും ബ്ലോഗാര്‍ത്ഥികളില്‍ എത്തിക്കുന്നതിനു പ്രദീപ് കുമാര്‍ വിജയിച്ചു. തുടര്‍ന്ന് സംസാരിച്ചത് ചിത്രകാരനായിരുന്നു. ശില്പശാലയുടെ പ്രാധാന്യവും, ഇത്തരം ശില്പശാലകള്‍ സംഘടിപ്പിക്കുന്നതിന്റെ ഉദ്ദേശ ലക്‍ഷ്യങ്ങളും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിത്രകാരന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സംസാരിച്ചത് കെവിനായിരുന്നു. യുനികോഡിന്റെ ആവിര്‍ഭാവവും, അഞ്ജലി ഓള്‍ഡ് ലിപി ഉണ്ടാക്കാനുള്ള കാരണവുമൊക്കെ കെവിന്‍ വിവരിച്ചപ്പോള്‍ സദസ്സും, മറ്റു ബ്ലോഗര്‍മാരും ശ്രദ്ധയോടെ ശ്രവിച്ചു. തുടര്‍ന്ന് യൂനിക്കോഡ് അക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും, ബ്ലോഗ് തുടങ്ങുന്നതു എങ്ങിനെയെന്നതിനെ കുറിച്ചും ഓപണ്‍ ഓഫീസ് പ്രസന്റേഷന്റെ സഹായത്തോടെ കണ്ണൂരാന്‍ വിവരിച്ചു. ബൂലോഗത്തെ പൊതു സ്ഥലങ്ങളെക്കുറിച്ചും, ബ്ലോഗിലെ സെറ്റിംഗ്സുകളും അവയുടെ പ്രാധന്യവുമൊക്കെ ലഘുവായി കണ്ണൂരാന്‍ ബ്ലോഗാര്‍ത്ഥികളുടെ മുമ്പില്‍ അവതരിപ്പിച്ചു. തുടര്‍ന്ന മ്യൂസിക് ബ്ലോഗിങ്ങിനെ കുറിച്ച് സുപ്രസിദ്ധ ഗായകന്‍ പ്രദീപ് സോമസുന്ദരം ക്ലാസ്സെടുത്തു. വളരെ വിശദമായി തന്നെയായിരുന്നു അദ്ദേഹം സംസാരിച്ചത്. മ്യൂസിക്ക് ബ്ലോഗിങ്ങിന്റെ സാങ്കേതിക വശങ്ങളും, ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എല്ലാം വിശദമാക്കിയായിരുന്നു ക്ലാസ്സെടുത്തത്. പോഡ് കാസ്റ്റിങ്ങിനെ കുറിച്ചും വീഡിയോ ബ്ലോഗിങ്ങിനെക്കുറിച്ചും ജോ സംസാരിച്ചും. പോഡ് കാസ്റ്റിങ്ങിന്റെ പ്രാധാന്യവും, എം.പോഡില്‍ ചെയ്യുമ്പോഴുള്ള അനുഭവവും അദ്ദേഹം വിവരിച്ചത് വളരെ ശ്രദ്ധയോടെ തന്നെ എല്ലാവരും ശ്രവിച്ചു. തുടര്‍ന്ന് മലയാളം വിക്കിയെ കുറിച്ചും, വിക്കിയുടെ പ്രാധാന്യത്തെക്കുറിച്ചും വിശ്വപ്രഭ സംസാരിച്ചും. വിക്കിയെ സജീവമാക്കേണ്ടതിന്റെയും വിക്കിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തേണ്ടതിന്റെയും ആവശ്യകത ശില്പശാലക്കെത്തിയവരെ ബോധ്യപ്പെടുത്താന്‍ ക്ലാസിനു കഴിഞ്ഞു. തുടര്‍ന്ന് ബൂലോഗത്തെ സ്വന്തം കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്‍ കാര്‍ട്ടൂണ്‍ ബ്ലോഗ് ചെയ്യുന്നതിനെ കുറിച്ചു വളരെ രസകരമായി സംസാരിച്ചു. എങ്ങിനെയാണ് ഇവ ബ്ലോഗിലേക്കിടുന്നതെന്നും, ബ്ലോഗ് ചെയ്യുന്ന രീതിയും അദ്ദേഹം സരസമായി വിവരിച്ചു. ബ്ലോഗ് ശില്പശാലക്കിടെ കെവിന്റെ കാരിക്കേച്ചര്‍ വരച്ച് സമ്മാനിച്ചു. കെവിന്റെ കൂടാതെ ശില്പശാലക്കെത്തിയ ഒട്ടുമുക്കാല്‍ ബ്ലോഗര്‍മാരുടെയും കാരിക്കേച്ചര്‍ അദ്ദേഹം നിമിഷങ്ങള്‍ക്കകം കടലാസിലേക്കാവാഹിച്ച് നല്‍കിയത് വിസ്മയമായി. അപ്പോഴേക്കും സമയം ഒന്നര കഴിഞ്ഞതില്‍ ഉച്ച ഭക്ഷണത്തിനു പിരിയുകയും 2.30നു വീണ്ടും ശില്പശാല ആരംഭിക്കുകയും ചെയ്തു. ഉച്ചക്കു ശേഷമുള്ള ആദ്യ ക്ലാസ്സ് സിറ്റിസണ്‍ ജേര്‍ണലിസത്തെക്കുറിച്ചായിരുന്നു. അശോക് കുമാര്‍ കര്‍ത്തയാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. തുടര്‍ന്ന് സംശയനിവാരണവും ബ്ലോഗാരംഭവും നടത്തി. ചിത്രകാരന്‍, കണ്ണൂരാന്‍, മലബാറി, ഡി.പ്രദീപ് കുമാര്‍, വിശ്വപ്രഭ, ജോ, തോന്ന്യാസി തുടങ്ങിയവര്‍ ബ്ലോഗാര്‍ത്ഥികള്‍ക്കാവശ്യമായ സഹായം നല്‍കി. ചിലര്‍ മുന്‍പ് തുടങ്ങിയ ബ്ലോഗുകള്‍ നഷ്ടപ്പെട്ടതെന്നു കരുതിയവ, കണ്ടെത്തുകയും ചെയ്തു. ബ്ലോഗ് ശില്പശാലയില്‍ പങ്കെടുത്തവരില്‍ എല്ലാ മേഖലയില്‍ നിന്നുമുള്ളവരുണ്ടായിരുന്നു. കുട്ടി എടക്കഴിയൂരിനെ പോലെ ഉള്ള കാര്‍ട്ടൂണിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, പെന്‍ഷനായവര്‍ അങ്ങിനെ എല്ലാവരും പങ്കെടുത്തു. പൊതുവെ ക്ലാസ്സുകളെല്ലാം നിലവാരം പുലര്‍ത്തി എന്നാണ് ബ്ലോഗാര്‍ത്ഥികളില്‍ നിന്നുമുള്ള വിവരം. ബ്ലോഗിംഗെന്നാല്‍ കേവലം എഴുത്തു മാത്രമല്ല, അതിനപ്പുറം അനന്ത സാധ്യതയുള്ള മേഖലയാണെന്ന് വെളിപ്പെടുത്തുന്നതായീ ശില്പശാല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബ്ലോഗിന്റെ ജനകീയവല്‍ക്കരണമെന്നപോലെ തന്നെ വൈവിധ്യവല്‍ക്കരണവും ജനങ്ങളെലെത്തിക്കാന്‍ തൃശൂര്‍ ശില്പശാലക്കായി എന്ന് അക്കാദമിക്ക് അഭിമാനിക്കാം.

തൃശൂരിനെ ആടയാളപ്പെടുത്തുന്ന പാറമ്മേക്കാവ്.
ശില്‍പ്പശാല നടന്ന ഗവ.ഗേള്‍സ് ഹൈസ്കൂള്‍,പാറമേക്കാവ്.
കെവിന്‍ ബ്ലോഗാര്‍ത്ഥികളെ രജിസ്റ്റ്രേഷന്‍ നടത്താന്‍ സഹായിക്കുന്നു.
ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ബ്ലോഗാര്‍ത്ഥികള്‍
കെവിനെ സഹായിക്കാന്‍ പ്രദീപും,വിശ്വപ്രഭയും
തയ്യാറെടുപ്പുകള്‍
ഡി.പ്രദീപ് കുമാറിന്റെ ആമുഖ പ്രസംഗം
ബൂലോകത്തെ അപ്പപ്പോള്‍ വിവരങ്ങള്‍ അറിയിക്കാനുള്ള തിരക്ക്.
“ജോ”യും,പ്രസിദ്ധ ഗായകനായ പ്രദീപ് സോമസുന്ദരവും
അഞ്ജലി ഓള്‍ഡ് ലിപി കര്‍ത്താവായ കെവിന്റെലയാളം യൂണീക്കോഡിനെക്കുറിച്ചുള്ള ക്ലാസ്സ്.
തത്സമയം...ഒരു ചിരിയരങ്ങ് പൊടിപൊടിക്കുന്നു.
പ്രദീപ് സോമസുന്ദരം സംഗീത ബ്ലോഗുകളെക്കുറിച്ചുള്ള തന്റെ അറിവു പങ്കുവക്കുന്നു.
ഒരു ഫാമിലി ഫോട്ടോ. കാര്‍ട്ടൂണിസ്റ്റിന്റെ സാന്നിദ്ധ്യത്തില്‍
കെവിന്റെ കാരിക്കേച്ചര്‍ കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് കെവിനുതന്നെ സമ്മാനിക്കുന്നു.
പച്ചമരത്തണലില്‍ ഒരു ബ്ലോഗ് ചര്‍ച്ച
“ജോ” യുടെ പോഡ് കാസ്റ്റുകളെക്കുറിച്ചുള്ള ക്ലാസ്സ്
കാര്‍ട്ടൂണും ബ്ലോഗും. സജ്ജിവിന്റെ ക്ലാസ്സ്
അശോക് കര്‍ത്ത സിറ്റിസണ്‍ ജേണലിസത്തെക്കുറിച്ച്.
മലബാറിയുടെ മനസ്സിനകത്തേക്കു നോക്കുന്ന കാര്‍ട്ടൂണീസ്റ്റ്
പടം പൂര്‍ത്തിയാകുംബോള്‍ വിരിയുന്ന ആത്മ സംതൃപ്തി
ഒരേ സമയം രണ്ടു ബ്ലോഗാര്‍ത്ഥികള്‍ രണ്ടു കംബ്യൂട്ടറുകളിലൂടെ ബൂലോകത്തിലേക്ക് പറന്നുയരാന്‍ ശ്രമിക്കുന്നു.

മറ്റു രണ്ടു കംബ്യൂട്ടറുകളില്‍ ബ്ലോഗാര്‍ത്ഥികള്‍ ശ്രമം തുടരുന്നു.

നിങ്ങള്‍ക്കും ശില്‍പ്പശാല നടത്താം !

ചില ബ്ലോഗ് സുഹൃത്തുക്കള്‍ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതിന് എന്തെല്ലാം ഒരുക്കങ്ങളാണ് നടത്തേണ്ടത് എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. എല്ലാവരോടും വ്യക്തിപരമായി വിശദീകരിക്കുന്നത് സമയ നഷ്ടമുണ്ടാക്കുന്നതിനാല്‍ പെട്ടെന്ന് എഴുതിയ ഒരു കത്തിന്റെ മറുപടി പോസ്റ്റായി ഇടുകയാണ്. ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇതു വായിച്ചതിനു ശേഷം തങ്ങളുടെ വിലാസവും, ഫോണ്‍ നംബറും അടക്കമുള്ള വിശദവിവരങ്ങളോടെ ബന്ധപ്പെട്ടാല്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും ,സഹായങ്ങളും നല്‍കുന്നതാണ്. ശില്‍പ്പശാല നടത്താനുള്ള അന്വേഷണത്തിനുള്ള മറുപടി അഥവ മര്‍ഗ്ഗനിര്‍ദ്ദേശം താഴെ:

പ്രിയ സുഹൃത്തേ...,
ബ്ലോഗ് ശില്‍പ്പശാല നടത്താന്‍ ഒരു മൂന്നു പേരെയെങ്കിലും നാട്ടില്‍ സംഘാടകരായി കണ്ടെത്തണം. സംഘാടകര്‍ ബ്ലോഗര്‍മാരാണെങ്കില്‍ കൂടുതല്‍ നല്ലത്. അല്ലാത്തപക്ഷം അവരെ ബ്ലോഗ് എന്തെന്ന് ആദ്യം പഠിപ്പിക്കേണ്ടിവരും.(സ്വന്തം ബ്ലോഗല്ലാതെ മറ്റുവല്ലവരുടേയും ബ്ലോഗ് തുറന്നു കാണിച്ചുകൊടുത്താല്‍ മതിയാകും. സ്വന്തം ബ്ലോഗ് തുറന്നുകൊടുത്താല്‍ നമുക്കെന്തോ ഇതുകൊണ്ടു നേട്ടമുണ്ടെന്ന് സുഹൃത്ത് തെറ്റിദ്ധരിക്കാനിടയുള്ളതുകൊണ്ട് അതൊഴിവാക്കുന്നത് ബുദ്ധി.)
ശില്‍പ്പശാല ദിവസത്തിനു 20 ദിവസം മുന്‍പ് ആസൂത്രണം തുടങ്ങിയാല്‍ ബദ്ധപ്പാടില്ലാതെ ശില്‍പ്പശാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാം.(സ്വന്തം അനുഭവത്തില്‍ നിന്നും പറയുന്നതാണ്. ഒരാഴ്ച്ച്കൊണ്ട് ഹറിബറിയായും ശില്‍പ്പശാല നടത്തിയിട്ടുണ്ട്)
ശില്‍പ്പശാല നടത്തുന്നതിന് ആകെ ആവശ്യമുള്ളത് താഴെപ്പറയുന്ന സൌകര്യങ്ങളാണ്.

1) നൂറോ, ഇരുന്നൂറോ പേര്‍ക്കിരിക്കാവുന്ന ഇരിപ്പിടങ്ങളും,മൈക്ക് സൌകര്യവുമുള്ള ഒരു ഹാള്‍.
2) ബ്രോഡ് ബാന്‍ഡ് ഇന്റെര്‍ നെറ്റ് സൌകര്യമുള്ള ഒരു കംബ്യൂട്ടര്‍.
3) ഒരു പ്രൊജക്റ്റര്‍& സ്ക്രീന്‍

ഇത്രയുംകാര്യങ്ങള്‍ വാടകക്കെടുത്തൊ, സ്വന്തമായി സംഘടിപ്പിച്ചോ സൌകര്യം പോലെ ചെയ്യുക.

അടുത്തതായി വേണ്ടത് പ്രചരണം സംബന്ധിച്ച കാര്യങ്ങളാണ്.
നമ്മള്‍ ശില്‍പ്പശാല വേദിയില്‍ രണ്ടോ മൂന്നോ പേരെ ബ്ലോഗ് തുടങ്ങിക്കൊടുത്തോ, പ്രഭാഷണങ്ങലിലൂടെ നൂറു പേര്‍ക്ക് ബ്ലോഗിലേക്ക് താല്‍പ്പര്യം ജനിപ്പിച്ചോ ശില്‍പ്പശാല നടത്തുമ്പോള്‍
ബ്ലോഗ് എന്നൊരു സ്വതന്ത്ര ആധുനിക മാധ്യമമുണ്ടെന്നും,ഈ മാധ്യമം നിലവിലുള്ള എല്ലാ മാധ്യമങ്ങളേയും ഉള്‍ക്കൊണ്ട് സമീപ ഭാവിയില്‍ ജനകീയമായ ഒരു മാധ്യമ സമുദ്രമായി രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും, ഇക്കാര്യം അറിയാതിരുന്നാല്‍ ഇനി ഓണംകേറാമൂലക്കാരായിപ്പോകുമെന്നു
ശില്‍പ്പശാലയില്‍ പങ്കെടുക്കാത്ത ആയിരക്കണക്കിനോ ലക്ഷക്കനക്കിനോ വരുന്ന ജനങ്ങളെക്കൂടി നമുക്കറിയിക്കേണ്ടതായുണ്ട്. ഇതിനായി പത്രം,റേഡിയോ,ടിവി തുടങ്ങിയ മാധ്യമങ്ങളുടെ വാര്‍ത്തയിലും ശില്‍പ്പശാലയെക്കുറിച്ചുള്ള
അറിയിപ്പുകള്‍ വരുത്തേണ്ടിയിരിക്കുന്നു.
(അതായത് ശില്‍പ്പശാലക്കു വരാത്തവര്‍ക്കുപോലും ബ്ലോഗ് എന്ന മാധ്യമത്തെക്കുറിച്ച് ഒരു താല്‍പ്പര്യം ജനിപ്പിക്കുക എന്നത് കേരള ബ്ലോഗ് അക്കാദമിയുടെ ലക്ഷ്യം വക്കുന്നു.)

ഇതിനായി ശില്‍പ്പശാല തിയ്യതി നിശ്ചയിച്ചു കഴിഞ്ഞാല്‍ ഒരു പതിനഞ്ചു ദിവസം മുന്‍പ് ഒരു പത്രക്കുറിപ്പ് തയ്യാറാക്കി എല്ലാ പത്രങ്ങളിലും,ടി.വി. ചാനലുകളിലും,പ്രൈവെറ്റ് എഫ് എം.റേഡിയോകള്‍ക്കും, ആകാശവാണിക്കും നല്‍കുക. ഏതാണ്ട് ഒരു 30 കോപ്പി കത്തുകളുടെ കോപ്പി ഇതിനായി തയ്യാറാക്കേണ്ടിവരും.ഈ കത്തില്‍ ശില്‍പ്പശാലക്ക് രജിസ്റ്റ്രേഷന്‍ നടത്താന്‍ വിളിക്കേണ്ട സംഘാടകരുടെ ഫോണ്‍ നംബര്‍ നല്‍കേണ്ടതാണ്.

തുടര്‍ന്ന് ബ്ലോഗിലും പ്രചരണം നടത്തി തുടങ്ങാം.
അതിനുശേഷം പ്രെസ്സ് ക്ലബ്ബില്‍ വച്ച് ഒരു പത്രസമ്മേളനം കൂടി നടത്തേണ്ടതുണ്ട്. ശില്‍പ്പശാലയുടെ മൂന്നു ദിവസം മുന്‍പ് പത്രസമ്മേളനം നടത്തുന്നതാണ് ഉചിതം. ഇതിന് ആയിരത്തോളം രൂപ പ്രെസ്സ് ക്ലബ്ബില്‍ ഫീസായി നല്‍കേണ്ടി വരും. രണ്ടോ മൂന്നോ പേര്‍ പത്രക്കാരെ ശില്‍പ്പശാല വാര്‍ത്ത അറിയിച്ചുകൊണ്ട് സംസാരിക്കേണ്ടിവരും. കൂടാതെ എന്താണ് ബ്ലോഗ് , അതിന്റെ പ്രാധാന്യം, സാധ്യത എന്നതിനെക്കുറിച്ചൊക്കെയുള്ള ഒരു ലഘുലേഖനത്തിന്റെ ഫോട്ടോസ്റ്റാറ്റ്കോപ്പികളും അവിടെ വിതരണം ചെയ്യേണ്ടതുണ്ട്. ഏത്ര കോപ്പി വേണമെന്ന് പ്രസ്സ് ക്ലബ്ബ് ഓഫീസ് സെക്രട്ടരിയോടു ചോദിച്ചാല്‍ മതിയാകും. (40 കോപ്പിയോളമൊക്കെ വേണ്ടി വന്നേക്കും) ഈ ഫോട്ടോ കോപ്പിയിലും ശില്‍പ്പശാലക്ക് രജിസ്റ്റ്രേഷന്‍ നടത്താന്‍ വിളിക്കേണ്ട സംഘാടകരുടെ ഫോണ്‍ നംബര്‍ നല്‍കേണ്ടതാണ്.

ശില്‍പ്പശാല ദിവസം രണ്ടോ മൂന്നോ ബാനറുകള്‍ ജനത്തിനു വഴിതെറ്റാതിരിക്കാനും പെട്ടെന്നു ശ്രദ്ധയില്‍ പെടുത്താനുമായി ഹാളിനു മുന്നിലും വഴിയിലും കെട്ടണമെന്ന് പറയേണ്ടതില്ലല്ലോ.
ശില്‍പ്പാശാല ഹാളിനകത്തുകൂടി സ്റ്റേജില്‍ മലയാള ബ്ലോഗ് ശില്‍പ്പശാല എന്ന ബ്ലോഗും സന്ന്ദ്ധ സംഘടനയുടെ പേരും (ഉണ്ടെങ്കില്‍) രേഖപ്പെടുത്തിയ ബാനര്‍ നന്നായിരിക്കും. പരസ്യ ബാനറുകള്‍ സ്റ്റേജില്‍ കെട്ടാതിരിക്കുക. പരസ്യ ബാനറുകള്‍ ഉണ്ടെങ്കില്‍ ടി.വി. ചാനലുകാര്‍ ആ ഭാഗം തന്നെ ക്യാമറയില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനാല്‍ അതുകാരണമുള്ള നിഴലു കവറേജിനു ബാധിക്കും.

ഇനി ശില്‍പ്പശാല ദിവസം.

കേരള ബ്ലോഗ് അക്കാദമി ശില്‍പ്പശാലകളില്‍ ബൂലോകത്തെ തുല്യതാബോധം കാരണം അരേയും വിശിഷ്ട വ്യക്തികളായോ, ഉദ്ഘാടകരായ്യോ, അദ്ധ്യക്ഷനായോ,ആസംശക്കാരായോ അവരോധിക്കാറോ സ്റ്റേജില്‍ ഇരുത്താറോ ഇല്ല.സ്റ്റേജില്‍ കസേരയിടാറില്ലെന്നു സാരം. ഏത്ര പ്രമുഖരായാലും തങ്ങളെല്ലാം മനുഷ്യരാണെന്ന സമഭാവനയോടെ ബ്ലോഗാര്‍ത്ഥികല്‍ക്കിടയില്‍ ഉള്ള സ്ഥലത്ത് സസന്തൊഷം ഇരിക്കുക. എന്നാല്‍ ബ്ലോഗ് അക്ക്ദമിയുമായി ബന്ധപ്പെടാത്തവര്‍ നടത്തുന്ന ശില്‍പ്പശാലയില്‍ മനോധര്‍മ്മം പോലെ നടത്താവുന്നതാണ്. അക്കാദമിയുടെ അംഗീകാരത്തോടെ നടത്തുന്ന ശില്‍പ്പശാലക്ക് മാത്രമേ മുകളില്‍ പറഞ്ഞ നിര്‍ബന്ധങ്ങളുള്ളു.

ഇനി ശില്‍പ്പശാല ക്ലാസ്സ്

ക്ലാസ്സിന് മുന്‍പ് എന്തുകൊണ്ടാണ് മലയാളം ബ്ലോഗ് ശില്‍പ്പശാല അവിടെ സംഘടിപ്പിച്ചതെന്നും, ബ്ലോഗിന്റെ പ്രാധാന്യത്തെക്കുറിച്ചും, രണ്ടുവാക്ക് ഒരു മുഖവുരയായി സംഘാടകര്‍ സംസാരിക്കുക.

ഈ സമയത്ത് വിവിധബ്ലോഗുകള്‍ അഗ്രഗേറ്ററുകളിലൂടെ ക്ലിക്കി (സംഘാടകരുടേതല്ലാത്തത്) ഓണ്‍ ലൈനായി പ്രൊജക്റ്ററിലൂടെ സ്ക്രീനിലോ ചുവരിലോ പ്രദര്‍ശിപ്പിക്കുന്നത് ഉചിതമായിരിക്കും.

തുടര്‍ന്ന് കേരള ബ്ലോഗ് അക്കാദമിയുടെ ബ്ലോഗ് തുറന്ന് പേജിന്റെ വലതുവശത്ത് മാര്‍ജ്ജിനില്‍ കൊടുത്തിരിക്കുന്ന "ക ത റ" എന്നെഴുതിയിരിക്കുന്ന ഈ പത്രത്തിന്റെ മലയാളം ഫോണ്ട് ബട്ടണ്‍ ക്ലിക്കി അവിടെ നിന്നും അഞ്ജലി ഓള്‍ഡ് ലിപിയും, കീ മാനും കംബ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം ഓണ്‍ലൈനായി പ്രൊജക്റ്റരിലൂടെ കാണിച്ചുകൊടുക്കുക.

മലയാളം ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ബ്ലോഗ് അക്ക്ദമിയുടെ പേജില്‍ തന്നെയുള്ള ബ്ലോഗര്‍, വേഡ്പ്രെസ്സ്,ബ്ലോഗ്‌സം,തുടങ്ങിയ ബ്ലോഗ് സര്‍വ്വീസ് പ്രോവൈഡറുകളുടെ ലിങ്കുകള്‍ കാണിച്ചുകൊടുക്കുകയും, ബ്ലോഗര്‍ ലിങ്കു ക്ലിക്കി ഒരു ബ്ലോഗ് തുടങ്ങുന്നത് എങ്ങനെയെന്ന് വിവരിക്കുകയുമാകാം.

അതിനു ശേഷം നിലവിലുള്ള ഒരു ബ്ലോഗിലോ അക്ക്ദമിയുടെ ജില്ല ബ്ലോഗിലോ ശില്‍പ്പശാലയെക്കുറിച്ച് ബൂലോകത്തെ അറിയിക്കുന്ന
ഒരു പോസ്റ്റ് ബ്ലോഗാര്‍ത്ഥികള്‍ക്കു മുന്നില്‍ വച്ച് ഓഡിയന്സിന്റെ പടം അടക്കം ചേര്‍ത്ത് പബ്ലീഷ് ചെയ്തു കാണിക്കുകയും, അതില്‍ ഒരു കമന്റുകൂടി ചേര്‍ത്ത് ബ്ലൊഗിന്റെ പ്രത്യേകത ബോധ്യപ്പെടുത്തുകയുമാകാം. ഈ പോസ്റ്റില്‍ അപ്പപ്പോള്‍ വരുന്ന കമന്റുകള്‍ ബ്ലോഗാര്‍ത്ഥികള്‍ക്ക് കാണിച്ചുകൊടുക്കുകയും, കമന്റിന് നന്ദി പറയുന്ന മറു കമന്റുകള്‍ എഴുതിക്കാണിക്കുകയും ചെയ്യുക.
കമന്റെഴുതിയ വിദൂരത്തുള്ള ബ്ലോഗര്‍മാരുടെ പ്രോഫൈല്‍നെയ്മില്‍ ക്ലിക്കി അവരുടെ ബ്ലോഗിലെത്തി ഒരു ഓട്ട പ്രദിക്ഷണംവക്കുന്നത് നന്നായിരിക്കും.

തുടര്‍ന്ന് അഗ്രഗേറ്ററുകളെക്കുറിച്ച് സംസാരിക്കുകയും വിവിധ അഗ്രഗേറ്ററുകള്‍ തുറന്നു കാണിച്ച് പുതിയ പോസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന രീതിയും കാണിക്കാം. ഈ ശില്‍പ്പശലയില്‍ അക്ക്ദമി നല്‍കിയിട്ടുള്ള ലഘുലേഖയും നല്‍കാവുന്നതാണ്. സംശയനിവൃത്തിക്കായി അക്ക്ദമി ബ്ലോഗില്‍ കൊടുത്തിരിക്കുന്ന ഒട്ടേറെ സഹായികളുടെ ലിങ്കുകള്‍ കാണിക്കാവുന്നത്‍ാണ്. ആദ്യാക്ഷരി ഒന്നു തുറന്നു കാണിക്കാന്‍ മറക്കരുത്. കൂടാതെ സംശയങ്ങള്‍ കമന്റായി എഴുതി ചോദിക്കാവുന്ന അക്കാദമിയുടെ സഹായി പേജും കാണിക്കാവുന്നതാണ്.

ഇനി ബ്ലോഗ് വിദ്യാരംഭമായ ബ്ലോഗാരംഭം തുടങ്ങാം.
ബ്ലോഗാര്‍ത്ഥികളില്‍ നിന്നും ഈ മെയില്‍ വിലാസവും,പാസ്‌വേഡും ഓര്‍മ്മയുള്ള ഒന്നോ രണ്ടോ പേരേ മുന്നൊട്ടു വിളിച്ചിരുത്തി അവരുടെ ആദ്യ ബ്ലോഗ് തുടങ്ങുന്നത് പ്രൊജക്റ്ററിലൂടെ ഏവര്‍ക്കും കാണിച്ചുകൊടുക്കുക.
ഇത്രയും മതിയാകും. കൂടുതല്‍ സമയമുണ്ടെങ്കില്‍ പിന്മൊഴിയിലേക്ക് കമന്റു സെറ്റ് ചെയ്യുന്ന വിധവും, പോഡ്കാസ്റ്റിങ്ങും,വിക്കിപ്പീഡിയയും ബ്ലോഗാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താം.

പേരു വെളിപ്പെടുത്താന്‍ വിഷമമില്ലാത്ത ബ്ലോഗര്‍മാരെ സദസ്സിനു പരിചയപ്പെടുത്താനും, സമയമുണ്ടെങ്കില്‍ അവരെക്കൊണ്ട് രണ്ടുമിനിട്ട് സംസാരിപ്പിക്കാനും സംഘാടകര്‍ മറക്ക്തിരിക്കുക.
പിന്നെ , മറ്റൊന്നുകൂടി ... ബ്ലോഗിലെ ചര്‍ച്ച്‍ാ വിഷയങ്ങള്‍ ശില്‍പ്പശാലയിലെ സൌഹൃദ സംഭാഷണങ്ങളില്‍ പോലും ഒഴിവാക്കിയാല്‍ ശില്‍പ്പശാലയില്‍ വിഭ്ഗീയതയോ , അഭിപ്രായ വ്യത്യാസങ്ങളോ ഇല്ലാതെ .... എന്നെന്നും ഓര്‍മ്മിക്കുന്ന ഹൃദ്യാനുഭവമാക്ക്‍ാം.

അക്ഷര തെറ്റുകള്‍ ധാരാളമുണ്ടാകും. ഇപ്പോള്‍ സമയമില്ല. പിന്നെ ശരിയാക്കാം.

സസ്നേഹം

Translate