Thursday, 30 July 2009

ചേറായി ബ്ലോഗ് മീറ്റ് ... കേരള ബ്ലോഗ് മീറ്റ് 2009 kerala blog meet


2009 ജൂലായ് 26 ന് ഞായറാഴ്ച എറണാകുളത്തെ ചേറായില്‍ ഒത്തുചേര്‍ന്ന ബ്ലോഗര്‍മാരുടെ സംഗമം നമ്മുടെ എളിയ ബ്ലോഗ് ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏടായി. പുനര്‍ജന്മ ബന്ധം പോലെ... അപരിചിതത്വത്തിന്റെ മുഖവുരയില്ലാതെ തമ്മില്‍ തിരിച്ചറിഞ്ഞ് സൌഹൃദത്തില്‍ ഒന്നാകുന്ന അപൂര്‍വ്വ അവസരത്തിനാണ് ചേറായി ബ്ലോഗ് മീറ്റ് വേദിയായത്. വിഭാഗീയതകളോ ഭേദഭാവങ്ങളോ ഇല്ലാതെ എകോദര സോദരങ്ങളായി പരസ്പരം മനസ്സിലാക്കാനും ബ്ലോഗിലെ അഭിപ്രായപ്രകടനങ്ങള്‍ ക്രിയാത്മഗതയുടെ
സാമൂഹ്യ സംവേദനശ്രമങ്ങളാണെന്നും, ബ്ലോഗിനു പുറത്ത് നാം സാധാരണ മനുഷ്യരാണെന്നും ഉള്‍ക്കാഴ്ച്ച നല്‍കാനും ഈ ബ്ലോഗ് മീറ്റ് സഹായിച്ചിരിക്കുന്നു. സംശയത്തിന്റേയും, തെറ്റിദ്ധാരണകളുടേയും പുകമറക്കകത്തിരുന്ന് മറ്റുസഹ ബ്ലോഗര്‍മാരെക്കുറിച്ച് സത്യവിരുദ്ധമായ ധാരണകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും ഇത്തരം ബ്ലോഗു മീറ്റുകളില്‍ പങ്കെടുത്തവര്‍ക്കാര്‍ക്കും കഴിയുകയില്ല.ആ ബാലിശമായ ചാപല്യങ്ങളെ പകല്‍ വെളിച്ചത്തില്‍ മനസ്സില്‍ നിന്നും ആട്ടിയോടിക്കാന്‍ ഒരിക്കലെങ്കിലും ഇത്തരം ബ്ലോഗ് മീറ്റുകളില്‍ പങ്കെടുക്കണമെന്ന് ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാത്ത മാന്യ ബ്ലോഗര്‍മാരോട് സ്നേഹത്തിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കട്ടെ.
ചേറായി ബ്ലോഗ് മീറ്റില്‍ പങ്കെടുത്ത എല്ലാ ബ്ലോഗര്‍മാരെയും, അതിന്റെ സംഘാടനത്തിനായി വിയര്‍പ്പൊഴുക്കിയ നന്മ നിറഞ്ഞ സുഹൃത്തുക്കളെയും അഭിനന്ദിക്കാം.
മലയാളം ബ്ലോഗ് വികാസ ചരിത്രത്തില്‍ ഒരു നാഴികകല്ലായി ചെറായി ബ്ലോഗ് മീറ്റ് ഓര്‍മ്മിക്കപ്പെടും തീര്‍ച്ച. ( photo: ഹരീഷിന്റെത് )
ബ്ലോഗ് സംഗമത്തില്‍ പന്കെടുത്തവരുറെ ലിസ്റ്റ് :
1. ജി.മനു
2. ഷെറീഫ് കൊട്ടാരക്കര
3. ജുനൈദ്
4. പകൽകിനാവൻ
5. നന്ദകുമാർ
6. നൊമാദ്
7. മുള്ളൂർക്കാരൻ
8. മുരളീകൃഷ്ണ മാലോത്ത്
9. പ്രിയ
10.സുനിൽ കൃഷ്ണൻ
11.നാസ്
12.തോന്ന്യാസി
13.ചാണക്യൻ
14.വാഴക്കോടൻ
15.ജിപ്പൂസ്
16.ഡി.പ്രദീപ്കുമാർ
17.ബാബുരാജ്
18.അരീക്കോടൻ
19.ഷിജു/the friend
20.പാവപ്പെട്ടവൻ
21.വിനയൻ
22.മണികണ്ഠൻ
23.പിരിക്കുട്ടി
24.ഡോ.ജയൻ ഏവൂർ
25.യാരിദ്
26.എഴുത്തുകാരി
27.പോങ്ങുമ്മൂടൻ
28.ബിന്ദു കെ പി
29.അപ്പൂട്ടൻ
30.മണി
31.കാർട്ടൂണിസ്റ്റ് സജീവ്
32.ഡോക്ടർ
33.വാവ
34.കിച്ചു
35.ബിലാത്തിപട്ടണം
36.നിരക്ഷരൻ
37.രസികൻ
38.ജിഹേഷ്
39.വല്ല്യമ്മായി
40.അപ്പു
41.ചാർവാകൻ
42.അശ്വിൻ
43.ഹാഷ്
44.ഗോപക് യു ആർ
45.മിന്നാമിനുങ്ങ്
46.തറവാടി
47.ഷംസുദ്ദീൻ
48.ഷിജു അലെക്സ്
49.ശരത്
50.കുമാർ നീലകണ്ഠൻ
51.കേരളാ ഫാർമെർ
52.സമാന്തരൻ
53.ഹൻല്ലലത്ത്
54.ശ്രീലാൽ
55.വേദവ്യാസൻ
56.അനിൽ@ബ്ലോഗ്
57.രമണിഗ
58.ധനേഷ്
59.അരുൺ കായംകുളം
60.സൂര്യോദയം
61.അങ്കിൾ
62.നാട്ടുകാരൻ
63.പാവത്താൻ
64.ജോഹർ ജോ
65.സജി അച്ചായൻ
66.സുൽ
67.സെറീന
68.പിപഠിഷു
69.ലതി
70.പഥികൻ
71.ചിത്രകാരൻ
72.ശ്രീ@ശ്രേയസ്സ്
73.വെള്ളായണി വിജയൻ
74.കൊട്ടോട്ടിക്കാരൻ
75.വേണു
76.സിബു സി ജെ
77.ഹരീഷ് thotupuza

ചേറായി ബ്ലോഗ് മീറ്റ് പോസ്റ്റുകളുടെ ലിങ്കുകള്‍:
1) ഹരീഷ് തൊടുപുഴയുടെ പോസ്റ്റ്: ബ്ലോഗേഴ്സിന്റെ മുഖചിത്രങ്ങള്‍ (ഫോട്ടോ പോസ്റ്റ്)
2) ഹരീഷ് തൊടുപുഴയുടെ പോസ്റ്റ്:ബ്ലോഗ് മീറ്റ് പടങ്ങള്‍
3) അപ്പുവിന്റെ ബ്ലോഗ് മീറ്റ് പടങ്ങള്‍ പിക്കാസയില്‍
4) ശ്രീലാലിന്റെ ബ്ലൊഗ് മീറ്റ് പിക്കാസ പടങ്ങള്‍
5) നന്ദപര്‍വ്വം ബ്ലോഗ് മീറ്റ് വിശേഷം
6) വാഴക്കോടന്റെ കുഞ്ഞീവി കണ്ട ചേറായി മീറ്റ്
7) സജി അച്ചായന്റെ ബ്ലോഗ് മീറ്റ് ചിത്രങ്ങള്‍
8) മണികണ്ഠന്റെ ചേറായി ബ്ലോഗ് മീറ്റ്
9) അപ്പുവിന്റെ അതിരുകളില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്
10) പോങ്ങമ്മൂടന്റെ ചേറായി.. സ്വ ലേ മാര്‍ വിട്ടുപോയ കാര്യങ്ങള്‍
11) ഫാര്‍മര്‍ ചേറായി ബ്ലോഗേഴ്സ് മീറ്റില്‍
12) അനില്‍@ബ്ലോഗിന്റെ സൌഹൃദത്തിന്റെ നറു പുഞ്ചിരികള്‍
13) ഫൈസല്‍ കൊണ്ടോട്ടിക്ക് ചേറായിയില്‍ നഷ്ടമായത്
14) ജുനൈദിന്റെ ചേറായി ജോറായി

15) മുള്ളൂക്കാരന്റെ ചേറായിബ്ലൊഗ്മീറ്റ് പോസ്റ്റുകളുടെ ലിങ്ക് ശേഖരം
16) അരീക്കോടന്റെ മലയാള ഭാഷക്ക് ചേറായി മീറ്റിന്റെ സംഭാവന
17) ചിത്രകാരന്റെ ചേറായി ബ്ലോഗ് മീറ്റ് ചിത്രങ്ങള്‍
18) ബോണ്‍സിന്റെ മീറ്റിനു വൈകി വന്ന ബ്ലോഗര്‍
19) ഹരീഷിന്റെ ചാവേര്‍ മടങ്ങുന്നു
20) കൃഷ്ണനുണ്ണിയുടെ ചേറായി മീറ്റ് ബാക്കി നിര്‍ത്തുന്നത്
21) ഗോപക് യു.ആര്‍. ന്റെ മീറ്റ് അനുഭവം
22) പാവത്താന്റെ ബ്ലോഗ് പൂട്ടല്‍
23) ജൊഹാറിന്റെ മീറ്റ് പോസ്റ്റുകളുടെ ലിങ്ക് ലിസ്റ്റ്
24) ഗോപാലിന്റെ ചേറായി മീറ്റ്
25) എഴുത്തുകാരിയുടെ ടു ചെറായി
26) ഷെരീഫ് കൊട്ടാരക്കരയുടെ ചെറായ് മീറ്റ് ...നന്ദി
27) നാട്ടുകാരന്‍ വിമര്‍ശകരെ അറിയിക്കുന്നു
28) കുഞ്ഞന്‍ മീറ്റ് തുടങ്ങിയതിനെക്കുറിച്ച് പോസ്റ്റ്
29) ഫാര്‍മറുടെ മീറ്റിനു മുന്‍പും ശേഷവും
30) വെള്ളയാണി വിജയന്റെ ചേറായിയില്‍ വിരിഞ്ഞ ബൂലോക സൌഹൃദം
31) കൂതറയുടെ ചേറായി മീറ്റ് പാഠം

Friday, 24 July 2009

malayalam blog history മലയാളം ബ്ലോഗ് ചരിത്രം

മലയാളം ബ്ലോഗ് ചരിത്രത്തെക്കുറിച്ച് ചില ബ്ലോഗുകളില്‍ നിന്നും ലഭിച്ച കമന്റു രൂപത്തിലുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

ദേവന്‍ said...

എവിടെയൊക്കെയോ ആരൊക്കെയോ പറഞ്ഞു കേട്ട ഓര്‍മ്മയില്‍ നിന്നാണേ, തെറ്റെങ്കില്‍ തിരുത്തിത്തരണേ.

ആദ്യമായി കമ്പ്യൂട്ടറിനെ മലയാളം എഴുതിച്ച‍ (നമുക്കറിയാവുന്നവരില്‍) ഒരാളാണ്‌ അങ്കിള്‍. ദശാബ്ദങ്ങള്‍ പലതു കഴിഞ്ഞു.

ആദ്യ മലയാളം ബ്ലോഗ് രേഷ്മയുടേത് ആയിരിക്കണം. പക്ഷേ അവരുടെ ഹോസ്റ്റ് ബ്ലോഗര്‍ ആയിരുന്നില്ല റിഡിഫ് ആയിരുന്നു. എഴുത്ത് യൂണിക്കോഡും ആയിരുന്നില്ല.

ആദ്യയൂണിക്കോഡ് മലയാള പ്രസിദ്ധീകരണം നിഷാദ് കൈപ്പള്ളിയുടെ ബൈബിള്‍ ആയിരിക്കണം.

ആദ്യ യൂണിക്കോഡ് മലയാളം ബ്ലോഗര്‍ പോള്‍ തന്നെയെന്ന് തോന്നുന്നു. ആദ്യ യൂണിക്കോഡ് വെബ് സൈറ്റ് ചിന്തയും.

സിബു, വിശ്വം മാഷ് തുടങ്ങിയവര്‍ മലയാളികളായ ബ്ലോഗര്‍മാരില്‍ വളരെ പഴയവര്‍ ആണ്‌.

ഏറ്റവും പ്രായം കൂടിയ മലയാളം ബ്ലോഗര്‍ ദത്തൂക്ക് ജോസഫേട്ടന്‍ ആണ്‌. അദ്ദേഹം എത്തുംവരെ ചന്ദ്രേട്ടന്‍ ആയിരുന്നു സീനിയര്‍. പ്രായം കുറഞ്ഞയാളിനെ ഒരു പിടിയുമില്ല. ആദ്യകാലത്തെ ബ്ലോഗ് ബേബി അരുണ്‍ വിഷ്ണു ആയിരുന്നു.

ആദ്യ കുടുംബ ബ്ലോഗ് അനിലേട്ടന്‍-സുധച്ചേച്ചി-കണ്ണനുണ്ണിമാരുടേതാണ്‌

ആദ്യ ജോയിന്റ് മലയാളം ബ്ലോഗ് സമകാലികം ആണ്‌.

ഏറ്റവും കൂടുതല്‍ മെംബര്‍മാരും പോസ്റ്റുകളും ഹിറ്റുകളും ഉണ്ടായിരുന്നത് ഇപ്പോള്‍ ആക്റ്റീവ് അല്ലാത്ത ബൂലോഗ ക്ലബ്ബ് എന്ന ബ്ലോഗിനായിരുന്നു

ഏറ്റവും കമന്റ് കിട്ടിയ പോസ്റ്റ് ഇക്കാസ് ജാസൂട്ടി വിവാഹം എന്ന ബ്ലോഗിലാണ്‌. ആദ്യമായി രണ്ട് ബ്ലോഗര്‍മാര്‍ തമ്മിലുള്ള വിവാഹവും ഇ-ജാ തന്നെ.

ആദ്യമായി നൂറുകമന്റ് കിട്ടിയ മലയാളം ബ്ലോഗര്‍ കുട്ട്യേടത്തി ആണ്‌.

ആദ്യമായി അഞ്ഞൂറു കമന്റ് വീണത് കൊച്ചി ഒന്നാം ബ്ലോഗ് മീറ്റ് പോസ്റ്റില്‍ ആണ്‌.

ആദ്യമായി ആയിരം കമന്റ് കിട്ടിയത് ഉണ്ടാപ്രിക്കാണ്‌

(ഇത്രയും ലിങ്ക് ഇടണമെങ്കില്‍ റീസര്വേ ആപ്പീസില്‍ പോയി ലിങ്ക്‌സ് മാനെ വിളിച്ചോണ്ട് വന്നാലേ പറ്റൂ, അതോണ്ട് സാഹസത്തിനു മുതിരുന്നില്ല)


ViswaPrabha വിശ്വപ്രഭ said...

"ആദ്യ മലയാള ബ്ലോഗ് ഏതാണ്?”?

വളരെ ആപേക്ഷികമായ ഒരു ചോദ്യമാണത്.

ഏതാണ്ട് ഇതിനുപറ്റിയ ഒരു ഉത്തരം മുന്‍പ് ഒരു കുറിപ്പായി ഓഫ് യൂണിയനില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു. അതിന്റെ കൂടെ ഒരു മേമ്പൊടിയായി ഈ നെടുങ്കന്‍ കുറിപ്പും കൂടി ഇവിടെ കിടക്കട്ടെ.

(ഇത്തരം കുറിപ്പുകളൊക്കെ അവയിലടങ്ങിയിട്ടുണ്ടാകാവുന്ന തെറ്റുകളും കുറ്റങ്ങളും അവകാശവാദങ്ങളും ഒഴിവാക്കി സാവകാശം എവിടെയെങ്കിലും സമാഹരിക്കണമെന്നുണ്ട്. വരമൊഴിയുടെ സ്വാഗതപോര്‍ട്ടലില്‍ തന്നെ ഇതിനൊരു സ്ഥലം ഒരുക്കിവെച്ചിട്ടുമുണ്ട്. അനാവശ്യമായ യാതൊരു നിബന്ധനകളോ പക്ഷഭേദമോ ഇല്ലാതെ, എന്നാല്‍ ഉത്തരവാദിത്തത്തോടെ, ആര്‍ക്കും അവിടെ ചെന്ന് എഴുതിച്ചേര്‍ക്കുകയോ തിരുത്തുകയോ ചെയ്യാവുന്നതാണ്. )

പല ഘട്ടങ്ങളിലായിട്ടാണ് മലയാളം ബ്ലോഗുകള്‍ ഇന്നത്തെ അവസ്ഥയിലേക്ക് ഉരുത്തിരിഞ്ഞ് വന്നത്.

ബ്ലോഗ് എന്നതും ഫ്രീ വെബ് പേജ് എന്നതും തമ്മില്‍ വലിയ വ്യത്യാസം തോന്നാത്ത കാലത്ത് പലരും മലയാളം പല രീതിയിലും എഴുതിയിരുന്നു.
നിയതമായ വ്യവസ്ഥയുള്ളതും ഇല്ലാത്തതുമായ മംഗ്ലീഷും Keralite.ttf തുടങ്ങിയ ASCII ഫോണ്ടുകള്‍ ഉപയോഗിച്ചെഴുതിയ ANSI മലയാളവും അക്കാലത്ത് ഉപയോഗിച്ചിട്ടുണ്ട്. ചില ഗസ്റ്റുബുക്കുകളും ഫോറങ്ങളും സ്വതന്ത്രമായ വെബ് സൈറ്റുകളും ഈ രീതികള്‍ ഉപയോഗിച്ചുപോന്നു.

ആദ്യത്തെ മലയാളം ബ്ലോഗും മലയാളം ലിപിയിലാവില്ല എഴുതിയിട്ടുണ്ടാവുക. ചാറ്റ് സ്റ്റൈല്‍ Manglish രീതിയില്‍ ഏതാനും വാക്കുകള്‍ ഉള്‍പ്പെടുന്ന, എങ്കിലും മുഖ്യമായും ഇംഗ്ലീഷിലുള്ള ബ്ലോഗുകള്‍ പലതുമുണ്ടായിരുന്നു ആദ്യം. (അതുപോലുള്ളവ ഇപ്പോഴും ധാരാളം ഉണ്ട്.)

ആ സമയത്ത് ഇന്നു സങ്കല്‍പ്പത്തിലുള്ളതുപോലുള്ള ഒരുതരം കൂട്ടായ്മകളുമുണ്ടായിരുന്നില്ല. ഓരോരുത്തരും സ്വന്തമായി ഓരോ ദ്വീപുകളിലായിരുന്നു. വരമൊഴിയിലൂടെ പരസ്പരം നേരിയതായി അറിയുമെങ്കിലും സ്വന്തം ബ്ലോഗുകള്‍ക്ക് വായനക്കാരെ ചാക്കിട്ടുപിടിക്കുന്ന പ്രവണത അക്കാലത്ത് തുടങ്ങിവെച്ചിരുന്നില്ല. ബ്ലോഗ് എന്നതുതന്നെ ഇന്റര്‍നെറ്റില്‍ വന്നുകൊണ്ടിരുന്ന പലവിധ പരീക്ഷണസൈറ്റുകളില്‍ ഒരു തരം എന്നു മാത്രമേ മിക്കവരും വിചാരിച്ചിരുന്നുള്ളൂ. അതുകൊണ്ടു തന്നെ വേറേ ആരെങ്കിലും ഈ സമയത്ത് മലയാളം ബ്ലോഗുകള്‍ തുടങ്ങിവെച്ചിരുന്നോ എന്നറിയാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല.

ലഭ്യമായ വിവരങ്ങളും ആര്‍ച്ചൈവുകളും അനുസരിച്ച് , മനോരമ ഫോണ്ടും കേരളൈറ്റ് ഫോണ്ടും ഉപയോഗിച്ച് പോള്‍(redif.com), വിശ്വം(blogspot.com‍), സിബു(blogspot.com))‍ എന്നിവര്‍ ആദ്യമായി മലയാളം ലിപിരൂപങ്ങളില്‍ എഴുതിത്തുടങ്ങി.(2003)

പോള്‍ 2003 ഏപ്രില്‍ മുതല്‍ ASCII മലയാളത്തില്‍ തന്നെ (Keralite.ttf) എഴുത്തുതുടങ്ങി.

അനന്തമായ കാലം,
നിരന്തരം സംഭവിക്കുന്ന ജനനമരണങ്ങള്‍.
കാഴ്ചയുടെ പരിമിതി കൊണ്ടാവണം
ജീവിതമാണ്‌ ഏറ്റവും വലുതെന്ന്‌
ചിലപ്പോള്‍ തോന്നുന്നത്‌.
ജനനത്തിനു മുന്‍പും
മരണത്തിനു ശേഷവും
എന്തായിരുന്നുരിക്കണം?
നിര്‍വ്വചനങ്ങള്‍ തെറ്റിക്കൂടായ്കയില്ല.


പോളിന് അറം പറ്റിയിരിക്കണം, സുന്ദരമായ ആ കവിത കൊണ്ട് തുടങ്ങിവെച്ച മലയാളത്തിന്റെ ആദ്യബ്ലോഗ്, നിര്‍വ്വചനങ്ങളില്‍ പെട്ട് അനന്തമാവാതെ, 2004 ഫെബ്രുവരിയില്‍ റെഡിഫ്.കോം സൈറ്റില്‍ നിന്ന് സാങ്കേതികമായ എന്തോ പ്രശ്നം മൂലം അപ്പാടെ നഷ്ടപ്പെട്ടുപോയി. അതില്‍ നിന്നും ഓര്‍ത്തെടുക്കാന്‍ പറ്റിയ ചില പോസ്റ്റുകള്‍ പിന്നീട് പോള്‍ സ്വന്തം ഡൊമെയിനില്‍ (ജാലകം) യുണികോഡിലാക്കി പുന:പ്രതിഷ്ഠിച്ചിട്ടുണ്ട്.

വിശ്വം എഴുതിത്തുടങ്ങിയിരുന്ന (മേയ് 2003) ബ്ലോഗ് മുഖ്യമായും പഴയ കേരളാ.കോം ആല്‍ത്തറയുടെ ഒരു പകര്‍പ്പായിരുന്നു. കൂടാതെ പഴഞ്ചൊല്ലുകള്‍‍, കടംകഥകള്‍, മലയാളത്തിലെ പദോല്‍പ്പത്തി, പാഠപുസ്തകങ്ങളിലും മറ്റും ഉണ്ടായിരുന്ന പഴയ മലയാളം പദ്യങ്ങളും കവിതകളും, ദത്തുക്ക് ജോസഫ് ചേട്ടന്‍ വര്‍ഷങ്ങളെടുത്ത് ടൈപ്പ് ചെയ്തുവെച്ചിരുന്ന ചങ്ങമ്പുഴ തുടങ്ങിയവരുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇതൊക്കെയായിരുന്നു അവിടെ പോസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. ആരെങ്കിലും വായിക്കുന്നുണ്ടോ എന്നുപോലും ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ ഇറാക്ക്-കുവൈറ്റ് യുദ്ധത്തോടനുബന്ധിച്ച് ഇവിടത്തെ നിയമസമ്മര്‍ദ്ദം മൂലം മൂന്നുമാസത്തിനുശേഷം 2003 ജൂലൈയില്‍ അയാളുടെതന്നെ തന്നെ രണ്ട് ഇംഗ്ലീഷ് ബ്ലോഗുകള്‍ക്കൊപ്പം ‍അതും ഡീലിറ്റു ചെയ്തു കളയേണ്ടി വന്നു. ( http://viswam.blogspot.com) യാതൊരു പോസ്റ്റുകളും ഇല്ലാതെ ആ URL ഇപ്പോഴും വിശ്വത്തിന്റെ കൈവശം തന്നെയുണ്ട്.

സിബുവിന്റെ ആദ്യബ്ലോഗ് ഏപ്രില്‍ 2003ല്‍ ഇംഗ്ലീഷില്‍ തുടങ്ങി. മലയാളം ലേഖനങ്ങള്‍ പിന്നീടാണ് (സെപ്റ്റംബര്‍-ഒക്റ്റോബര്‍ 2003) അതില്‍ വന്നുതുടങ്ങിയത്. അന്നുള്ളവയില്‍ സിബുവിന്റേതു മാത്രമാണ് (ടെമ്പ്ലേറ്റ് പലപ്പോഴും മാറ്റിയിട്ടുണ്ടെങ്കിലും) ഇപ്പോളും അതേ URL-ലില്‍ അതേ ഉള്ളടക്കത്തോടെ നിലനില്‍ക്കുന്ന ഏക ബ്ലോഗ്.

2004 ജനുവരിയില്‍ ആദ്യ വനിതാമലയാളം ബ്ലോഗറായി രേഷ്മ റെഡിഫില്‍ അവളുടെ മൈലാഞ്ചിയുമായി പ്രത്യക്ഷപ്പെട്ടു. പില്‍ക്കാലത്ത് ഈ ബ്ലോഗും വേറേ ആരോ തട്ടിക്കൊണ്ടുപോയി. എന്നിരുന്നാലും ഏറ്റവും ആദ്യത്തെ മലയാളം വനിതാ ബ്ലോഗര്‍ എന്ന ചരിത്രപരമായി അചഞ്ചലമായ സ്ഥാനം നിസ്സംശയം രേഷ്മയ്ക്കുതന്നെ.

2004 മലയാളം ബ്ലോഗുകളുടെ ഗര്‍ഭസ്ഥദശയായിരുന്നു എന്നു പറയാം. പുതിയ ബ്ലോഗുകള്‍ ചിലതൊക്കെയുണ്ടായെങ്കിലും അതിനുപരി, ബ്ലോഗര്‍മാര്‍ തമ്മില്‍ പരസ്പരം പുറം ചൊറിഞ്ഞുതുടങ്ങിയതും അവര്‍ തമ്മില്‍ സമശീര്‍ഷമായ മാനസികദാര്‍ഢ്യം ഉടലെടുത്തതും ഈ കാലത്താണ്. അണിയറയില്‍ യുണികോഡ് ലിപികളെപ്പറ്റിയുള്ള ചര്‍ച്ചകളും ഈ സമയത്ത് തുടങ്ങിവെച്ചു. 2004 അവസാനിക്കുമ്പോഴേക്കും ഏഴോളം ബ്ലോഗുകള്‍ മലയാളത്തില്‍ സ്ഥിരതയോടെ പ്രത്യക്ഷപ്പെട്ടു. (പോള്‍, സിബു, രേഷ്മ, കൈപ്പള്ളി, കെവിന്‍, പെരിങ്ങോടന്‍, സൂര്യഗായത്രി) പലര്‍ക്കും പില്‍ക്കാലത്ത് ബ്ലോഗുജ്വരം ആയി മാറിയ ‘ദിവസേന എല്ലാ ബ്ലോഗുകളിലും പോയി നോക്കുക’ എന്ന ശീലം ആ സമയത്ത് തുടങ്ങിവെച്ചതും ഈ ബ്ലോഗര്‍മാരാണ്. അധികമാരും വായിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും അന്നത്തെ നിലയ്ക്ക് സാങ്കേതികമായി വളരെ വിഷമം പിടിച്ചതായിരുന്നിട്ടും, മലയാളം ബ്ലോഗിങ്ങ് തുടര്‍ന്നുപോകുന്നവര്‍ എന്ന പരസ്പരബഹുമാനമുണ്ടായിരുന്നു എല്ലാവര്‍ക്കും. പലപ്പോഴും മറ്റു കുറച്ചുകൂട്ടുകാര്‍ മാത്രമാണു വായിക്കാനുള്ളത് എന്ന ബോധം നിമിത്തം ബ്ലോഗെഴുത്ത് സാമാന്യത്തിലധികം വൈയക്തികമായിരുന്നു ആയിടെ. സൈറ്റ് അഡ്മിനിസ്റ്റ്രേറ്റര്‍മാരോ എഡിറ്റര്‍മാരോ ഇടപെടാത്ത, പച്ചയായി ഉള്ളില്‍നിന്നും വരുന്ന സാധാരണ മലയാളിയുടെ തനിമലയാളം വായിക്കാന്‍ ദാഹിച്ചുനടന്നിരുന്ന പ്രവാസികളാണ് സ്വാഭാവികമായും ആ ഘട്ടത്തില്‍ ബ്ലോഗുകളില്‍ ഇടപെട്ടത്. (ആ ദാഹത്തിന്റെ തീവ്രത എന്താണെന്ന് ഇപ്പോള്‍ മനസ്സിലാക്കാന്‍ പോലുമാവില്ല. അത്രയ്ക്കധികമുണ്ട് ഇപ്പോള്‍ നമുക്കു വായിക്കാന്‍ കിട്ടുന്നത്!)



ആദ്യ യുണികോഡ് മലയാളം പോസ്റ്റ്

ആയിടയ്ക്കെല്ലാം കുറച്ചുപേര്‍ ചേര്‍ന്ന് യുണികോഡില്‍ പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. വരമൊഴി യാഹൂഗ്രൂപ്പില്‍ കെവിന്‍ 2004 ആഗസ്റ്റ് 2ന് ‍ ആദ്യമായി ഒരു മലയാളം പ്ലെയിന്‍ ടെക്സ്റ്റ് മെയില്‍ അയച്ചത് വിപ്ലവകരമായ സംഭവമായി മാറി. 1999-മുതല്‍ വരമൊഴി അംഗങ്ങള്‍ സ്വപ്നം കണ്ടിരുന്നതാണ് കൃത്യം അഞ്ചുവര്‍ഷങ്ങള്‍‍ക്കുശേഷം അന്ന് യാഥാര്‍ത്ഥ്യമായത്.

(1999 ആഗസ്റ്റ് 1ന് വരമൊഴിഗ്രൂപ്പിലേക്ക് നമ്പൂരി അയച്ച മെയിലും‍ അതിനെ പിന്തുടര്‍ന്നുവന്ന ചര്‍ച്ചയും ആണ് മലയാളത്തിനേയും യുണികോഡിനേയും ബന്ധപ്പെടുത്തി ആദ്യം കണ്ടെടുക്കാവുന്ന, യുണികോഡ് കണ്‍സോര്‍ഷ്യത്തിന്റേതല്ലാത്ത, ആദ്യ അനൌദ്യോഗികരേഖ. പിന്നീട് 2002-ല്‍ സിബു യുണികോഡ് സജ്ജമായ വരമൊഴി റിലീസ് ചെയ്തിരുന്നെങ്കിലും യുക്തമായ ഫോണ്ട് ഇല്ലാതിരുന്നതുകൊണ്ട് ഫലത്തില്‍ മലയാളം യുണികോഡ് പ്രായോഗികമല്ലായിരുന്നു. മലയാളം വിക്കിപീഡിയയുടെ ശൈശവത്തില്‍ (2002) ഉപയോഗിച്ചിരുന്ന തൂലികാ ഫോണ്ടിനോ മലയാളം ഫോണ്ടിനോ വേണ്ടത്ര അവതരണഭംഗിയും പ്രചാരവും ലഭിച്ചിരുന്നില്ല. ഏകദേശം 2004 വരെ യുണികോഡ് മലയാളം മലയാളിക്കമ്പ്യൂട്ടറുകളില്‍ നിന്ന് ഒരു കയ്യെത്താപ്പാട് ദൂരത്ത് മാറിനിന്നു.)
ആരായിരിക്കും ആദ്യമായി യുണികോഡ് മലയാളത്തില്‍ ബ്ലോഗ് ചെയ്തിട്ടുണ്ടായിരിക്കുക?

ആരായിരിക്കും?

കൈപ്പള്ളി!

2004 ആഗസ്റ്റില്‍ കൈപ്പള്ളി യുണികോഡ് ബൈബിളിന്റെ എന്‍‌കോഡിങ്ങ് ഏതാണ്ട് മുഴുവനാക്കി. ആഗസ്റ്റ് 14നു് ആ വിവരം ഒരു പോസ്റ്റ് ആക്കി തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. തന്റെ ക്യാരക്റ്ററിസ്റ്റിക് അക്ഷരത്തെറ്റുകളും യുണികോഡ് കീബോര്‍ഡ് ഡ്രൈവറുടെ നിയന്ത്രണം പോരാത്ത സ്റ്റീയറിങ്ങ് വീലും കൂടി ആകപ്പാടെ ഒറിജിനല്‍ ആയിട്ടുള്ള ഒരു പോസ്റ്റുതന്നെ ആയിരുന്നു അത്.

ഒരു മാസത്തിനുള്ളില്‍ 2004 സെപ്റ്റംബര്‍ 18ന് കെവിന്റെ മലയാളം യുണികോഡ് ബ്ലോഗ് അവതരിച്ചു.

സ്വാഭാവികമായും ആദ്യകാലങ്ങളില്‍ വന്ന ഈ പോസ്റ്റുകള്‍ക്ക് കമന്റിടാന്‍ ആര്‍ക്കും അത്ര ഉത്സാഹമൊന്നുമുണ്ടായിരുന്നില്ല. കാരണം യുണികോഡില്‍ എഴുതുക എന്നത് അപ്പോഴും അത്ര സുഗമമൊന്നുമായിരുന്നില്ല. എന്നിരുന്നാലും കെവിന്‍, മോനു എന്ന ചാക്കോച്ചന്‍ തുടങ്ങിയ ചിലര്‍ ആദ്യത്തെ യുണികോഡ് കമന്റുകള്‍ തുടങ്ങിവെച്ചു.

അഞ്ജലിബീറ്റ വരവായി. വിന്‍ഡോസ് XP കൂടുതല്‍ കമ്പ്യൂട്ടറുകളില്‍ പ്രചാരത്തിലായി. മെച്ചപ്പെട്ട Uniscribe DLL പുറത്തിറങ്ങി. മലയാളം യുണികോഡിന്റെ സമയം വന്നെത്തിക്കഴിഞ്ഞു അതോടെ.

ആദ്യകാലയുണികോഡിന്റെ യഥാര്‍ത്ഥ സാഹസങ്ങള്‍ ബ്ലോഗറിലായിരുന്നില്ല എന്നതാണു രസകരം!
2004 നവമ്പര്‍ 11നു തുടങ്ങിയ അക്ഷരശ്ലോകം യാഹൂഗ്രൂപ്പിനുള്ളിലായിരുന്നു യുണികോഡ് പോലൊരു ഉപായത്തിന് ഏറെ ആവശ്യം. 100% ശുദ്ധമായ, അക്ഷരത്തെറ്റുകള്‍ ഒന്നുപോലും ഇല്ലാത്ത ശ്ലോകസംഭരണമായിരുന്നു അക്ഷരശ്ലോകം ഗ്രൂപ്പ് തുടങ്ങിവെച്ച ഓണ്‍ ലൈന്‍ സദസ്സിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ സൂക്ഷ്മതയും കൃത്യതയും ഉള്ള ഒരു ലിപിപ്രാതിനിദ്ധ്യം അവിടെ അത്യന്താപേക്ഷിതമായി. മാത്രമല്ല, സാധാരണ എഴുത്തുമലയാളത്തില്‍ വരാത്ത പല കൂട്ടക്ഷരങ്ങളും പ്രയോഗങ്ങളും മലയാള‍വും സംസ്കൃതവും ഇടകലര്‍ന്ന അവിടത്തെ ശ്ലോകസന്ദേശങ്ങളില്‍ ഉപയോഗിക്കേണ്ടിയുമിരുന്നു. അങ്ങനെ യുണികോഡ് മലയാളവും ഒപ്പം തന്നെ വരമൊഴി പ്രോഗ്രാമും അവിടെ തീവ്രമായി, നിശിതമായി പരീക്ഷിക്കപ്പെട്ടു. എന്നിരുന്നാലും അംഗങ്ങള്‍ക്ക് പലര്‍ക്കും അവരുടെ കമ്പ്യൂട്ടറുകളില്‍ സാങ്കേതികമായി യുണികോഡ് ഉപയോഗിക്കാന്‍ പ്രശ്നമുണ്ടായിരുന്നു. അതിനാല്‍ ഒടുവില്‍ ഗ്രൂപ്പിന്റെ അംഗീകൃത എഴുത്തുഭാഷയായി വരമൊഴി രീതിയിലുള്ള mangleesh തന്നെ തല്‍ക്കാലത്തേക്ക് അംഗീകരിക്കപ്പെട്ടു.

സിബു അടക്കം ഗ്രൂപ്പിലുണ്ടായിരുന്ന അംഗങ്ങള്‍ക്കെല്ലാം യുണികോഡിന്റേയും വരമൊഴിയുടേയും നല്ലൊരു പരിശീലനക്കളരിയായി മാറി ആ എഴുത്തുകുത്തുകള്‍. അക്ഷരശ്ലോകം ഗ്രൂപ്പിലെ മിക്ക സജീവാംഗങ്ങളും പില്‍ക്കാലത്ത് പ്രാപ്തിയുള്ള മലയാളം ബ്ലോഗര്‍മാരായി മാറുകയുമുണ്ടായി. അക്ഷരശ്ലോകസദസ്സു തന്നെ പിന്നീട് ഒരു ബ്ലോഗിലൂടെ പൊതുസഭയിലേക്ക് ഇറങ്ങിവന്നു.

ഇതോടൊപ്പം ബ്ലോഗര്‍.കോം കൂടാതെ, മറ്റിടങ്ങളിലേക്കും യുണിക്കോഡ് പറന്നുചെന്നിറങ്ങിത്തുടങ്ങി. ഏകദേശം ഈ സമയത്താണ് ചിന്ത.കോം, ജാലകം, മലയാളവേദി.കോം തുടങ്ങിയ വെബ്ബ് സൈറ്റുകള്‍ യുണികോഡിലേക്ക് രൂപാന്തരം പ്രാപിച്ചുവന്നത്. കൂടാതെ MSN സ്പേസ്, വേര്‍ഡ്പ്രെസ്സ് തുടങ്ങിയ ഇടങ്ങളിലും മലയാളം ബ്ലോഗര്‍മാര്‍ മേഞ്ഞുതുടങ്ങി.


2005 മാര്‍ച്ച് ആവുമ്പോഴേക്കും കൂടുതല്‍ യുണികോഡ് മലയാളം ബ്ലോഗുകള്‍ പ്രത്യക്ഷപ്പെട്ടു. ആദ്യം കമന്റുകളെഴുതിത്തുടങ്ങി പിന്നീട് മുഴുബ്ലോഗന്മാരായവരായിരുന്നു അധികവും. അതുവരെ ASCII ഉപയോഗിച്ചിരുന്ന ബ്ലോഗര്‍മാരെല്ലാം ക്രമേണ യുണികോഡിലേക്ക് ചുവടുമാറി.

*** *** ***
പിന്മൊഴി, തനിമലയാളം, ഗൂഗിള്‍ ബ്ലോഗ് സെര്‍ച്ച്, പോപ്പുലര്‍ ബ്ലോഗിങ്ങ്, ബ്ലോഗ്-വിക്കി സംബന്ധങ്ങള്‍, ഫീഡറുകളും അഗ്രിഗേറ്ററുകളും, ബ്ലോഗ് മീറ്റുകള്‍, മാദ്ധ്യമ ഇടപെടലുകള്‍, സമാന്തര യുണികോഡ് സൈറ്റുകള്‍, കൂട്ടായ്മബ്ലോഗുകള്‍, പടലപിണക്കങ്ങള്‍, കുറുമൊഴി, മറുമൊഴി, യുണികോഡ് സംവാദങ്ങള്‍ തുടങ്ങി ബ്ലോഗുചരിത്രം പിന്നെയും നീണ്ടുകിടക്കുന്നു. അതെല്ലാം പിന്നീട് നമുക്ക് പതിയെ ഓര്‍ത്തെടുക്കാം.

വര്‍ത്തമാനക്കുടങ്ങളില്‍നിന്നും വരുംവരായ്കകള്‍ പുറത്തുചാടട്ടെ.
അവ ഭൂതങ്ങളായി പുകഞ്ഞുയരട്ടെ.
ക്രമേണ ഇന്റര്‍നെറ്റിന്റെ മേഘപ്പൂന്തോപ്പില്‍ അലിഞ്ഞുചേരട്ടെ.
അപ്പോള്‍ നമുക്കിവിടെ പഴങ്കഥകള്‍ പറഞ്ഞിരിക്കാം.

ഇപ്പോള്‍ ചരിത്രം അതിന്റെ വഴിയ്ക്ക് നടന്നുപോകട്ടെ. നമുക്ക് ആ പാവം അറിയാതെ പതുക്കെ അതിന്റെ പിന്നാലെ പതുങ്ങിപ്പതുങ്ങിച്ചെല്ലാം. ആകസ്മികമായി മുന്നില്‍ ചെന്നുപെട്ട് അതിനെ പരിഭ്രമിപ്പിക്കണ്ട. അതിന്റെ വഴി മാറ്റിമറിയ്ക്കേണ്ട.


ദേവന്‍ said...

ബ്ലോഗ്ഗ് റോളുകളുടെ കഥ പറയാന്‍ വിട്ടു.
മലയാളികളുടെ ബ്ലോഗ്ഗ് റോള്‍ ആദ്യമായി ഉണ്ടായത് മനോജിന്റെ മേളം ആണ്‌.

മലയാളം ബ്ലോഗുകളുടെ ആദ്യ റോള്‍ പരിപാലിച്ചിരുന്നത് ക്ഷുരകന്‍ ആണ്‌.

ക്ഷുരകന്‍ ബ്ലോഗ് റോള്‍ പരിപാലനവും ബ്ലോഗ് എഴുത്തും നിറുത്തി കുറേക്കാലം മലയാളത്തിനു ബ്ലോഗ്ഗ് റോള്‍ ഇല്ലായിരുന്നു. രണ്ടായിരത്താറ്‌ മാര്‍ച്ചില്‍ മുപ്പത്തഞ്ചോളം പേരുകളുള്ള മലയാളം ബ്ലോഗ്ഗ് റോള്‍ ശ്രീജിത്ത് ഏറ്റെടുത്തു. ഒരു വര്‍ഷം കൊണ്ട് ( ൨൦൦൭ ഏപ്രിലില്‍) മലയാളം ബ്ലോഗ്ഗ് റോളിലെ എന്റ്റികള്‍ ആയിരം കടന്നു.
November 17, 2007 12:18 AM

അഞ്ചല്‍ക്കാരന്‍ said...

പക്ഷേ രേഷ്മയുടെ ബ്ലോഗില്‍ ചെല്ലുമ്പോള്‍ അനില്‍ (March 2005) പിന്നെ സൂര്യഗായത്രി 12/11/2004 ല്‍ പോസ്റ്റിട്ടുണ്ട്.

സിബുവിന്റെ പ്രൊഫൈലില്‍ കാണുന്നത് ഫെബ്രുവരി 2003 ആണ് .

പെരിങ്ങോടന്റെ പ്രൊഫൈല്‍ ജൂലൈ 2004 കാണിക്കുന്നു.

സാക്ഷാല്‍ വിശാല്‍ജീ തന്‍ പ്രൊഫൈല്‍ സെപ്തംബര്‍ 2005 എന്നു പറയുന്നു.

ഏവൂരാന്റെ പ്രൊഫൈല്‍ ഡിസംബര്‍ 2004 എന്നാണ് കാണിച്ചിരിക്കുന്നത്.

വിശ്വോട്ടെന്റെ പ്രൊഫൈല്‍ മെയ് 2004 ആണ് കാണിച്ചിരിക്കുന്നത്.

അപ്പോള്‍ ഇങ്ങിനെ നോക്കുമ്പോള്‍ സിബുവല്ലേ ആദ്യത്തെ ബ്ലോഗര്‍.

വിശ്വപ്രഭക്കും ദേവേട്ടനും സിബുവിനും പെരിങ്ങോടനും വിശാലമനസ്കനും സൂര്യഗായത്രിക്കും രേഷ്മക്കും ഇതേകുറിച്ച് കൂടുതല്‍ പറയാന്‍ കഴിയുമായിരിക്കും. ആദ്യത്തെ മലയാളം ബ്ലോഗറെ തപ്പി കുറേ കറങ്ങിയതാണ്. പ്രൊഫൈലില്‍ കാട്ടുന്ന തീയതി വെച്ച് കണക്കാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇംഗ്ലീഷില്‍ ബ്ലോഗിങ്ങ് ഒരു പക്ഷേ ആ തീയതിയില്‍ തുടങ്ങിയിരിക്കാം. പക്ഷേ മലയാളത്തില്‍ ആദ്യം പോസ്റ്റിട്ടത് ആര്? ആ ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടുന്നത്.

എല്ലാരും കൂടി ഒന്നു ഉത്സാഹിച്ചാല്‍ ഉത്തരത്തിലേക്ക് എത്താമെന്ന് തോന്നുന്നു.

ഒന്നു ഒത്തു പിടിച്ചേ...



Paul said...

Viswam,
thanks for the detailed historical info! Here is a small correction.

he first version of jaalakam was hosted at freeshell.org. The domain name was mkpaul.freeshell.org. This was during dec 2002/jan 2003 time frame. Unfortunately this sub-domain doesn't exist now. I am trying to contact them to get a back up. But you can see some of the pages at internet archive : http://web.archive.org/web/20040419190503/http://mkpaul.freeshell.org/blog_2003.html

It was built on plain html with comments support using haloscan. Then jaalakam moved to rediff. Then i used pivot to maintain the blog for some time. After that, it was moved to chintha.com and i switched to unicode with Anjali font from Kevin.



a.sahadevan said...

the search for family tree is a worthwhile exercise. blogs are phenomenon of immediate past. and see how had it become a history to be traced back. it is easy to forget and shun to dust bin. but ulless we know the roots life could not be fine tuned.
Shonima has a historical orientation. she motivated a whole band of bloggers. now one shoulld attempt an article to chronicle the history of malayalam blogs/
and post the same in malayalam wiki
regards
a sahadevan(palakkad churam)

Wednesday, 15 July 2009

കേരള ബ്ലോഗ് അക്കാദമി: പുതിയ ബ്ലോഗര്‍മാരുടെ ശ്രദ്ധക്കായി... kerala blog academy malayalam blog help

Malayalees who wish to start a malayalam blog, may use the malayalam blog guideline given bellow.Please click on the image to read the guideline.
പുതുതായി ബ്ലോഗ് ചെയ്യുന്നവര്‍ക്ക് താഴെക്കാണുന്ന നോട്ടീസ് ഞെക്കി വലുതാക്കിയതിനുശേഷം വായിക്കുകയോ,
പ്രിന്റെടുക്കുകയോ ചെയ്യാം.



പുതുതായി ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും, പുതുതായി ബ്ലോഗ് തുടങ്ങിയവരുടേയും സൌകര്യത്തിനായി കേരള ബ്ലോഗ് അക്കാദമിയുടെ ഈ ബ്ലോഗില്‍ സംശയനിവാരണത്തിനും,
പെട്ടെന്ന് പ്രാഥമിക സെറ്റിങ്ങുകള്‍ ശരിയാക്കുന്നതിനും അവശ്യം വേണ്ട വിവരങ്ങള്‍ നല്‍കുന്ന
ലിങ്കുകള്‍ മുകളില്‍ ഇംഗ്ലീഷില്‍ തന്നെ കൊടുത്തിട്ടുണ്ട്. പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് അവ ഓരോന്നായി ക്ലിക്കുചെയ്ത് ബ്ലോഗിങ്ങിലെ അപരിചിതത്വം ദൂരീകരിക്കാവുന്നതാണ്.

മലയാളം ബ്ലോഗുകളുടെ നിര്‍മ്മിതിയില്‍ അനുഭവപ്പെടാവുന്ന എല്ലാ തരം സംശയങ്ങളെയും പരിഹരിക്കുന്ന തരത്തില്‍ വിശദമായ കുറിപ്പുകള്‍ വിവിധ തലക്കെട്ടുകളോടും,സ്ക്രീന്‍ഷോട്ടുകളോടും കൂടി
ആദ്യാക്ഷരി ബ്ലോഗില്‍ അപ്പു എന്ന ബ്ലോഗര്‍ നല്‍കിയിട്ടുണ്ട്. പുതിയതായി ബ്ലോഗ് ആരംഭിക്കുന്നവര്‍
തീര്‍ച്ചയായും ആദ്യാക്ഷരി ബ്ലോഗ് ഉപയോഗപ്പെടുത്തുക.(താഴെക്കൊടുത്ത ആദ്യാക്ഷരി ബാനറില്‍ ഞെക്കുക)
 Blog Helpline
കൂടാതെ, ബ്ലോഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും, നിങ്ങളുടെ ബ്ലോഗിനെ സൌകര്യപ്രദവും മനോഹരവുമാക്കുന്നതിലേക്കുള്ള ധാരാളം അറിവുകള്‍ പ്ങ്കുവച്ചുകൊണ്ട് മുള്ളൂക്കാരന്‍ എന്ന ബ്ലോഗര്‍
ഇന്ദ്രധനുസ്സ് എന്നൊരു ബ്ലോഗും മലയാളം ബ്ലോഗേഴ്സിന്റെ സൌകര്യത്തിനായി ഒരുക്കിയിട്ടുണ്ട്.
ബ്ലോഗില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ ഇന്ദ്രധനുസ് ഉപയോഗപ്പെടുത്തുമല്ലോ.(താഴെക്കൊടുത്ത ഇന്ദ്രധനുസ് ബാനറില്‍ ഞെക്കുക)


Indradhanuss
Malayalam Blog Tips&Trics
കേവലം മനുഷ്യസ്നേഹത്തിന്റെ പേരില്‍ നല്‍കിയിരിക്കുന്ന ഈ അറിവുകള്‍
ഉപയോഗപ്പെടുത്തി മലയാളം ബ്ലോഗിങ്ങ് മലയാളികളുടെ വിവേചന രഹിതമായ സ്വതന്ത്രമാധ്യമമായി വളര്‍ത്തുന്നതില്‍ ഒരോ മലയാളിയും തങ്ങളുടെ പങ്കു വഹിക്കണമെന്ന് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.

അതുപോലെത്തന്നെ വളരെ പ്രധാനപ്പെട്ടതാണ് നമ്മള്‍ ബ്ലോഗില്‍ ഒരു സൃഷ്ടി പ്രസിദ്ധീകരിച്ചാല്‍ അതിനെക്കുറിച്ചുള്ള അറിയിപ്പ് ലിസ്റ്റ് ചെയ്യുന്ന അഗ്രഗേറ്ററുകള്‍.മുകളില്‍ കുറെ അഗ്രഗേറ്ററുകളുടേയും ലിങ്ക് കൊടുത്തിട്ടുണ്ട്.ആ ലിങ്കുകളിലേതിലെങ്കിലും ഞെക്കിയാല്‍ മലയാളം ബ്ലോഗേഴ്സ് പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് പോസ്റ്റുകളുടെ ലിസ്റ്റ് ലഭിക്കുന്നതും, അവിടെ നിന്നും നമുക്ക് താല്‍പ്പര്യമുള്ള പോസ്റ്റുകളുടെ തലക്കെട്ടില്‍ ഞെക്കി ആ പോസ്റ്റുകള്‍ വായിക്കാവുന്നതുമാണ്. ഈ ലിസ്റ്റുകളാണ് ബ്ലോഗര്‍മാരെ ബന്ധിപ്പിക്കുന്ന പ്രധാന വഴികളിലൊന്ന് എന്നതിനാല്‍
അഗ്രഗേറ്ററുകളുടെ ലിങ്കുകള്‍ ബുക്ക് മാര്‍ക്ക് ചെയ്തുവക്കുന്നത് നന്നായിരിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ഞെക്കിയാല്‍ വിവിധ അഗ്രഗേറ്ററുകളില്‍ എത്താം.

1) ഗൂഗിള്‍ മലയാളം ബ്ലോഗ് സെര്‍ച്ച് (അഗ്രഗേറ്റര്‍)
2) ജാലകം മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
3) ചിന്ത മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
4) പുഴ മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
5) തനിമലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
6) തമിഴ് മനം മലയാളം അഗ്രഗേറ്റര്‍
7) ബ്ലോഗ്കുട്ട് അഗ്രഗേറ്റര്
8)കേരള ബ്ലോഗ് അഗ്രഗേറ്റര്‍
9) അനില്‍ശ്രീ വായനാ ലിസ്റ്റ്
നിലവില്‍ ധാരാളം അഗ്രഗേറ്ററുകള്‍ നമുക്കുണ്ടെങ്കിലും (ശ്രദ്ധയില്‍പ്പെട്ടവ ബ്ലോഗ് അക്കാദമിയുടെ ഹെല്‍പ്പ് ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്)ഇയ്യിടെ ആരംഭിച്ച “മലയാളം വെബ് ലോകത്തേക്കൊരു ജാലകം”എന്ന വിശേഷണത്തോടെയുള്ള അഗ്രഗേറ്റര്‍ വളരെ സൌകര്യപ്രദമാണെന്ന് കാണുന്നു.
ഒന്നോ രണ്ടൊ മിനിട്ടുകൊണ്ട് ഏതൊരു ബ്ലോഗര്‍ക്കും അനായാസം ആ അഗ്രഗേറ്ററില്‍ സ്വന്തം ബ്ലോഗുകളോ വെബ് സൈറ്റുകളോ രജിസ്റ്റെര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ലഭിക്കുന്ന htmlകോഡ് കോപ്പി ചെയ്ത് സ്വന്തം ബ്ലോഗിലെ ലേഔട്ടില്‍ പ്രവേശിച്ച് add a gadget എന്ന കോളത്തില്‍ ക്ലിക്കി html/java script വിന്‍ഡോക്കകത്ത് ചേര്‍ത്ത്
സേവ് ചെയ്താല്‍ ആ ബ്ലോഗിലെഴുതുന്ന പോസ്റ്റുകളെല്ലാം അഗ്രഗേറ്ററില്‍ ലിസ്റ്റു ചെയ്യാന്‍ ബ്ലോഗിന്റെ മാര്‍ജിനില്‍ പ്രത്യക്ഷപ്പെടുന്ന “ജാലക”ത്തിന്റെ ലിങ്ക് ബാനറില്‍ ഒന്നു ക്ലിക്കുകയേ വേണ്ടു. ഈ അഗ്രഗേറ്ററിന്റെ ഇത്രയും സുഗമമായ പ്രവര്‍ത്തന സംവിധാനം
ബ്ലോഗുകളെ ജനകീയമാക്കുന്നതില്‍ കാര്യമായ സംഭാവനചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
നിലവില്‍ ജാലകം അഗ്രഗേറ്ററില്‍(ഇവിടെ ക്ലിക്കുക) രജിസ്റ്റെര്‍ ചെയ്തിട്ടില്ലാത്ത ബ്ലോഗര്‍മാര്‍ ഉടന്‍ രജിസ്റ്റെര്‍ ചെയ്ത് ജാലകം അഗ്രഗേറ്ററിന്റെ പോസ്റ്റ് റിഫ്രഷര്‍ ബാനര്‍ സ്വന്തം ബ്ലോഗുകളില്‍ സ്ഥാപിക്കുക.

കേരള ബ്ലോഗ് അക്കാദമിയുടെ ലിങ്ക്ബാനര്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ താഴെക്കൊടുത്ത സ്ക്രോളിങ്ങ് വിന്‍ഡോയിലെ htmlകോഡ് കോപ്പിചെയ്ത് നിങ്ങളുടെ ബ്ലോഗ് ലേ-ഔട്ടില്‍ ചേര്‍ത്താല്‍ മതിയാകും.

Saturday, 4 July 2009

വ്യാജ ബ്ലോഗുകളില്‍ വഴുതി വീഴാതിരിക്കുക !

ബ്ലോഗര്‍ ചാണക്യന്റെ വ്യാജ നിര്‍മ്മിതമായ പ്രൊഫൈല്‍ പേജ് മുകളില്‍.
താഴെ ചാണക്യന്റെ ഒറിജിനല്‍ പ്രൊഫല്‍ പേജ്

അങ്ങിനെ ബ്ലോഗര്‍ ചാണക്യനും വ്യാജ ബ്ലോഗ് നിര്‍മ്മാതാവിന്റെ മനോവൈകല്യത്തിന്റെ ഇരയായിത്തിര്‍ന്നിരിക്കുന്നു. ഇ.എ.ജബ്ബാര്‍ മാഷുടെ ബ്ലോഗിന് വ്യാജ പ്രൊഫൈലുണ്ടാക്കിയതിനെത്തുടര്‍ന്ന് അതില്‍ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ട് ബ്ലോഗ് അക്കാദമി പോസ്റ്റ് എഴുതിയതിനെത്തുടര്‍ന്ന് കേരള ബ്ലോഗ് അക്കാദമി എന്നപേരിലും വ്യാജബ്ലോഗുണ്ടാക്കി ബ്ലോഗ് അക്കാദമിയുടെ പ്രസ്തുത പോസ്റ്റില്‍ തന്നെ ആ വ്യാജ ഐഡിയില്‍ കമന്റെഴുതി തന്റെ ശക്തി പ്രകടനം നടത്താന്‍ ഈ ക്രിമിനല്‍ ഉപേക്ഷകാണിച്ചില്ല. എന്തായാലും തന്റെ താതരഹിതമായ സാന്നിദ്ധ്യം ബൂലോകം ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു എന്നതില്‍ അയാള്‍ ഇപ്പോള്‍ ഏറെ ആനന്ദിക്കുന്നുണ്ടായിരിക്കും.
സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് അന്യവ്യക്തിത്വങ്ങളിലൂടെ തന്റെ ബുദ്ധിവൈഭവം പ്രകടിപ്പിച്ച് അപകര്‍ഷതയില്‍നിന്നും മോചനം നേടാന്‍ ശ്രമിക്കുന്ന മനോവൈകല്യത്തോട് സഹതപിച്ചുകൊണ്ട് ,ഇത്തരം ക്രിമിനലുകള്‍ നഷ്ടപ്പെടുത്തുന്ന ബ്ലോഗറുടെ സല്‍പ്പേരും, സുരക്ഷിതത്വവും, എങ്ങിനെ സംരക്ഷിക്കാം എന്ന് നമുക്കാലോചിക്കേണ്ടിയിരിക്കുന്നു.

കൂടാതെ , നിലവില്‍ വ്യാജ ബ്ലോഗുകള്‍ സൃഷ്ടിക്കപ്പെട്ട ബ്ലോഗുകള്‍ ഏതൊക്കെയാണെന്നും ഒറിജിനലും വ്യാജനും തമ്മിലുള്ള വ്യത്യാസമെന്തെന്നും ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമം ബ്ലോഗര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. പതിവില്‍നിന്നും വ്യത്യസ്ഥമായോ, തെറ്റിദ്ധാരണജനകമായോ ഏതെങ്കിലും ബ്ലോഗറുടെ കമന്റ് കാണുകയാണെങ്കില്‍ അതില്‍ സംശയം പ്രകടിപ്പിക്കാനും,ബ്ലോഗ്ഗറുടെ ഐഡിയും ബ്ലോഗും പരിശോധിക്കാനും ബ്ലോഗര്‍മാര്‍ ശ്രദ്ധവെക്കണമെന്ന്നും, ഉരുളക്കുപ്പേരി പോലുള്ള മറുപടി കമന്റെഴുതാതെ , ടി ബ്ലോഗറെ മെയില്‍ ഐഡിയില്‍ ഒന്നു ബന്ധപ്പെടാന്‍ ശ്രമിക്കുന്നതും ഉചിതമായിരിക്കും.
മാത്രമല്ല, ഈ വിഷയത്തിലെങ്കിലും അലസവും,തമാശയോടെയുള്ളതുമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി കുറ്റവാളിക്കു കൂട്ടുനില്‍ക്കുന്ന വ്യക്തിത്വമില്ലായ്മയില്‍ വീണുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബ്ലോഗര്‍മാരോട് ബൂലോക സഹവര്‍ത്തിത്വത്തിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.

കാരണം, വ്യാജബ്ലോഗ് നിര്‍മ്മിക്കുക എന്ന ഈ കുറ്റകൃത്യം ആള്‍മാറാട്ടമെന്നും , ചതി, വഞ്ചന, മോഷണം തുടങ്ങിയ
ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് തുല്യമായ ഒന്നാണെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കുറ്റവാളി പിടിക്കപ്പെട്ടാലെ കുറ്റവാളിയാകുന്നുള്ളു എന്ന മനസാക്ഷിയില്ലാത്തവരുടെ നീതിശാസ്ത്രത്തില്‍ വിശ്വസിക്കുന്ന , അച്ഛനെ മാറ്റിപ്പറയുന്നതില്‍ അപാകതയൊന്നും തോന്നാത്ത , സാസ്ക്കാരികമായ വേരുകളില്ലാത്ത വികല വ്യക്തിത്വമാണ് ഈ കുറ്റകൃത്യത്തിനു പിന്നില്‍. ഈ കുറ്റവാളിയെ ലോകത്തിന്റെ ഏതുഭാഗത്തുനിന്നായാലും കണ്ടുപിടിച്ച് അയാള്‍ അര്‍ഹിക്കുന്ന നിയമപരമായ ചികിത്സ നല്‍കാനുള്ള ശ്രമങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനുള്ള ബാധ്യത മലയാളികള്‍ക്ക് എല്ലാവര്‍ക്കുമുണ്ട്.

അതുകൊണ്ടുതന്നെ “ആരാന്റെ അമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേല്” എന്ന രീതിയിലുള്ള അരാഷ്ട്രീയ കമന്റുകളോടെ ഈ ക്രിമിനലിനെ നിസാരവല്‍ക്കരിക്കാന്‍ നമുക്കു കഴിയില്ല. ഇതൊരു കുസൃതിയല്ല, മറിച്ച് ഒരു കുറ്റവാളിയുടെ മനോവൈകൃതങ്ങളാണ്. ചികിത്സ അനിവാര്യമായിരിക്കുന്നു !!

ഇത്തരം രോഗികളുടെ താല്‍ക്കാലികമായ ഈ ചൊറിച്ചിലിനെ നേരിടുന്നതിനായി കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഈ വ്യാജപ്രശ്നത്തെ നേരിടുന്നതിനെക്കുറിച്ചുള്ള പ്രായോഗിക,സാങ്കേതിക,നിയമപരമായ അഭിപ്രായങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മെയിലുകള്‍ blogacademy@gmail.com എന്ന വിലാസത്തില്‍ ബ്ലോഗര്‍മാര്‍ക്കും,ബ്ലോഗറല്ലാത്തവര്‍ക്കും അറിയിക്കാവുന്നതാണ്.
അനില്‍@ബ്ലോഗിന്റെ പതിവുകാഴ്ച്ചകള്‍ ബ്ലോഗിലെ മുന്‍‌കൂര്‍ ജാമ്യാപേക്ഷകൂടി വായിക്കാവുന്നതാണ്.

Translate