Sunday, 28 March 2010

ബ്ലോഗ് തുടങ്ങുക.. ശില്‍പ്പശാല

നമുക്കറിയാം,കുറച്ചെങ്കിലും കംബ്യൂട്ടര്‍ സാക്ഷരതയുള്ളവര്‍ക്ക് ബ്ലോഗ് തുടങ്ങാന്‍ ആരുടേയും സഹായം ആവശ്യമില്ലെന്ന്.ഒരു ഈ മെയില്‍ അക്കൌണ്ട് തുടങ്ങുന്നതുപോലെ ലളിതമാണ് ബ്ലോഗ് ആരംഭിക്കുന്നത്.
പ്രശ്നം ആരംഭിക്കുന്നത്,നാം തുടങ്ങിയ ബ്ലോഗ് ആരും ശ്രദ്ധിക്കുന്നില്ലെന്ന് അറിയുംബോഴാണ്.
മാത്രമല്ല, അധികം പേരും ഒറ്റക്ക് ബ്ലോഗ് തുടങ്ങുബോള്‍ നമ്മുടെ മാതൃഭാഷയായ മലയാളത്തിലല്ല, ഇംഗ്ലീഷിലാണ് ബ്ലോഗ് ക്രിയേറ്റ് ചെയ്യുക. അതുകൊണ്ടുതന്നെ മലയാളികളായ ബ്ലോഗ് വായനക്കാരുടേയും എഴുത്തുകാരുടേയും ശ്രദ്ധയില്‍ പെടാതെ പുതിയ ബ്ലോഗര്‍ ഒറ്റപ്പെട്ടു നില്‍ക്കുകയോ, മനസ്സുമടുത്ത് ബ്ലോഗ് എന്ന പരിപാടി തന്നെ നിര്‍ത്തിപ്പോകുകയോ ചെയ്തേക്കാം. കുറച്ചു പേര്‍ ഇങ്ങനെ ഒറ്റപ്പെട്ടു നില്‍ക്കുകയോ,ബ്ലോഗ് മതിയാക്കുകയോ ചെയ്തതുകൊണ്ട് നമുക്കാര്‍ക്കും നഷ്ടമൊന്നുമില്ല. എങ്കിലും ബ്ലോഗ് എഴുതാനും വായിക്കാനും തയ്യാറായി വരുന്ന മലയാളിക്ക് മലയാള ബൂലോകത്തിന്റെ പൊതുവേദിയില്‍ എത്തിപ്പെടാനാകാതെവരുന്നത് അമ്മക്ക് സ്വന്തം മക്കളെ കൈവിട്ടുപോകുന്നതുപോലെ ... മലയാള ഭാഷക്കും സമൂഹത്തിനും ഒരു നഷ്ടം തന്നെയാണ്.

ഒരു ബ്ലോഗ് അക്കൌണ്ട് തുടങ്ങിയതുകൊണ്ടുമാത്രം നമ്മളാരും ബ്ലോഗറാകുന്നില്ല.ബ്ലോഗില്‍ നിരന്തരം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് ജനശ്രദ്ധ നമ്മുടെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാനാകുന്നില്ലെങ്കില്‍ ബ്ലോഗ് എഴുത്ത് വൃഥാവ്യായാമമായിത്തീര്‍ന്നേക്കാം. നമ്മുടെ പോസ്റ്റ് ജനശ്രദ്ധക്ക് പാത്രമാകാന്‍ അത്രയും കഴിവുറ്റ പ്രതിഭയാകണമെന്നൊന്നുമില്ല. നമ്മുടെ ഭാഷക്കും പ്രതിപാദ്യത്തിനുമനുസരിച്ച് വായനക്കാരന്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നുണ്ട് എന്നതിനാല്‍ പാണ്ഡിത്യം കൂടിയതിനും കുറഞ്ഞതിനും അതിന്റേതായ വായനക്കാരുണ്ട്.
ശ്രദ്ധിക്കാനുള്ളത് നമ്മുടെ പുതിയതായി തുടങ്ങിയ ബ്ലോഗ് ബ്ലോഗര്‍മാരുടെ പൊതു വായനാസ്ഥലങ്ങളില്‍ ലിസ്റ്റ് ചെയ്യാനുള്ള സെറ്റിങ്ങുകള്‍ നാം ചെയ്തിട്ടുണ്ടോ എന്നതാണ്.
നമ്മുടെ ബ്ലോഗിലെ പോസ്റ്റുകളില്‍ എഴുതുന്ന കമന്റുകള്‍ കമന്റ് ഗ്രൂപ്പുകളിലെ വായന സ്ഥലങ്ങളിലേക്ക് അയക്കാനുള്ള സെറ്റിങ്ങുകളും ചെയ്യേണ്ടതുണ്ട്. അതുപോലെ നമ്മുടെ പുതിയ ബ്ലോഗ് സെര്‍ച്ച് എഞ്ചിനുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ഗൂഗിളില്‍ ആഡ് യു.ആര്‍.എല്‍ കൊടുക്കണം.ബ്ലോഗ് തുടങ്ങാനും എഴുതാനും ഇതിന്റെയൊന്നും ആവശ്യമില്ലെങ്കിലും,ബ്ലോഗ് കൂടുതല്‍ പ്രചാരം നേടാന്‍ ഇങ്ങനെ കുറച്ചു ചെറിയ ജോലികള്‍ ചെയ്യണം.പലതും സാവധാനത്തില്‍ പഠിച്ച് ചെയ്യാവുന്നതേയുള്ളു.

ഇങ്ങനെയുള്ള നിരവധി ചെറിയ കാര്യങ്ങള്‍ ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് നേരിട്ട് പറഞ്ഞുകൊടുക്കുന്നതിനായി ബ്ലൊഗ് അക്കാദമി 2008ല്‍ മലയാളം ബ്ലോഗ് ശില്‍പ്പശാല എന്ന ആശയം നടപ്പിലാക്കുകയുണ്ടായി.2008മാര്‍ച്ച്നും 2009 ജൂണിനുമിടയില്‍ കേരളത്തിലെ വിവിധ പട്ടണങ്ങളിലായി ഒന്‍പതൊളം ബ്ലോഗ് ശില്‍പ്പശാലകള്‍ ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുകയുണ്ടായി.സൌജന്യമായി കുറച്ച് ബ്ലോഗര്‍മാര്‍ സ്വമേധയാ നല്‍കിവന്ന ഈ സേവനം സമയക്കുറവിനാല്‍ ഒരു വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബ്ലോഗ് ശില്‍പ്പശാലകള്‍ നല്ല മാധ്യമ ശ്രദ്ധലഭിച്ച ബ്ലൊഗ് പ്രചരണ പരിപാടിയായിരുന്നു.അതുകൊണ്ടുതന്നെ ബൂലോകത്തിന്റെ വികസനത്തിനും,മലയാളികളുടെ ഏറ്റവും വലിയ പ്രതികരണ വേദിയും, മാധ്യമവുമെന്ന നിലയിലുമുള്ള വളര്‍ച്ചക്കും ബ്ലോഗ് ശില്‍പ്പശാലകള്‍ക്ക് ഇനിയും പ്രസക്തിയുണ്ട്. സ്കൂളുകള്‍,കോളേജുകള്‍,ക്ലബ്ബുകള്‍,വായനശാലകള്‍,സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ബ്ലൊഗ് ശില്‍പ്പശാലകള്‍ നടത്തപ്പെടേണ്ടതുണ്ട്. നിലവിലുള്ള ബ്ലോഗര്‍മാരുടെ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിനും നിലവിലുള്ള ബ്ലോഗര്‍മാരുടെ അനുഭവങ്ങള്‍ പുതിയ ബ്ലോഗര്‍മാരിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനും ബ്ലോഗ് ശില്‍പ്പശാലകള്‍ വേദിയാകുന്നുണ്ട് എന്നതിനാല്‍ ബ്ലോഗ് ശില്‍പ്പശാലകള്‍ക്ക് പ്രാധാന്യമുണ്ട്. ഈ വസ്തുത പരിഗണിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ബ്ലോഗ് ശില്‍പ്പശാ‍ലകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗ് പ്രേമികളും ബ്ലോഗര്‍മാരും മുന്നോട്ടുവരിക. കേരള ബ്ലോഗ് അക്കാദമി നിങ്ങള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തയ്യാറായി നില്‍ക്കുന്നു.
താല്‍പ്പര്യമുള്ളവര്‍ താഴെക്കൊടുത്ത വിലാസങ്ങളില്‍ ഫോണ്‍ നംബര്‍ സഹിതം മെയിലയച്ചാല്‍ മതിയാകും.
blogacademy@gmail.com,
sajipsla@gmail.com,
mullookkaaran@gmail.com,
edacheridasan@gmail.com,
dpradeepkumar@gmail.com,
maheshbkrishna@gmail.com,
chithrakaran@gmail.com

2 comments:

Areekkodan | അരീക്കോടന്‍ said...

വീണ്ടും ശില്പശാലകള്‍ നടത്താനുള്ള സന്മനസ്സിന് അഭിവാദ്യങ്ങള്‍

Unknown said...

All The Best

Translate