Monday, 2 May 2011

“ഒപ്പുമരവും“ ബ്ലോഗര്‍മാരും

കാസര്‍ഗോട്ടെ  എന്റോസള്‍ഫാന്‍ ബാധിത പ്രദേശത്തേക്ക് ഒരു യാത്ര നടത്തണമെന്ന ആശയം മുന്നോട്ട് വച്ചത് കടത്തനാടനാണ്. ഡി.പ്രദീപ്കുമാറുമായും, ഷാജിമുള്ളൂക്കാരന്‍ , ഗള്‍ഫിലുള്ള മണിക്കുട്ടി മഹേഷുമായും ആശയം സംസാരിച്ചതിനു ശേഷം കടത്തനാടന്‍ ചിത്രകാരനെ വിളിച്ച് അറിയിക്കുകയും, കേട്ടപാടെ... എങ്കില്‍ ഈ മെയ് ഒന്നിനു തന്നെയാകട്ടെ എന്ന് ചിത്രകാരന്‍ സമയം നിശ്ചയിക്കുകയുമാണുണ്ടായത്. വടകരയില്‍ നിന്നും അഞ്ചുപേര്‍ എന്തായാലും ഉണ്ടാകുമെന്ന് കടത്തനാടന്‍ ഉറപ്പു പറയുമ്പോള്‍ പിന്നൊന്നും നോക്കേണ്ട കാര്യമില്ലല്ലോ! അങ്ങനെ, അന്നുതന്നെ ബ്ലോഗ് അക്കാദമിയില്‍ ഒരു അറിയിപ്പ് പോസ്റ്റും ഇട്ടു. അതിനെത്തുടര്‍ന്ന് കുറെപേര്‍ ബന്ധപ്പെട്ടെങ്കിലും പലര്‍ക്കും പെട്ടെന്നായതുകൊണ്ട് യാത്രയില്‍ പങ്കെടുക്കാനായില്ല. സാവകാശം വേണ്ടവര്‍ക്ക് സാവകാശം പോകാനും കാസര്‍ഗോഡും, പ്രശ്നബാധിത ജനങ്ങളും അവിടത്തന്നെ നിലനില്‍ക്കുന്നതിനാല്‍ വിഷമിക്കേണ്ടതില്ലെന്നും, അടുത്ത ട്രിപ്പിന് പോകാമെന്നും പറഞ്ഞു. മാത്രമല്ല, പാലക്കാട്ടെ മുതലമടയിലെ മാങ്ങാകൃഷിയും, ഇടുക്കിയിലെ ഏലത്തോട്ടങ്ങളുമെല്ലാം ഭാവിയിലെ കാസര്‍ഗോഡായി വികസിച്ചുകൊണ്ടിരിക്കുകയുമാണല്ലോ. അങ്ങനെ, മലപ്പുറം ജില്ലയില്‍ നിന്നും വിചാരവും, കൊട്ടോട്ടിയും,ഫൈസു മദീനയും, വടകരയില്‍ നിന്നും കടത്തനാടന്റെ നേതൃത്വത്തിലുള്ള അഞ്ചഗ സംഘവും, കാഞ്ഞങ്ങാട് ബേക്കലില്‍ നിന്നുള്ള വിജയരാജനും,കണ്ണൂരില്‍ നിന്നുള്ള ചിത്രകാരനും എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങള്‍ നേരില്‍ കാണാനായി പുറപ്പെട്ടു. കണ്ണൂരില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള കാസര്‍ഗോട്ടേക്ക് പുറപ്പെടുമ്പോള്‍ അവിടെ പരിചയക്കാരാരെങ്കിലും വേണമല്ലോ. പരസ്യ ഏജന്‍സികളുടെ സംഘടനയായ കെത്രിഎ യുടെ ജില്ലഭാരവാഹിയായ അനീഷിനോട് കാര്യം പറഞ്ഞൂ. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരായ വത്സലന്‍ മാസ്റ്ററുടേയും, കെ.എസ്.അബ്ദുള്ളയുടേയും, ഉത്തരദെശം സായാഹ്ന പത്രത്തിന്റെ ഉടമയുടേയും സഹായം ഉറപ്പുവരുത്താന്‍ അനീഷ് സഹായിച്ചു. കാസര്‍ഗോട്ട് പട്ടണത്തില്‍ നിന്നും 35 കിലോമീറ്ററോളം അകലെയായി കര്‍ണ്ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്തേക്കു പോകാന്‍ വിജയന്‍ എന്ന സഹൃദയന്റെ വാഹന സൌകര്യവും വത്സേട്ടന്‍ ഏര്‍പ്പാടുചെയ്തുതന്നു. കാസര്‍ഗോഡ് ഒപ്പുമരച്ചുവട്ടില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി മൂന്നുദിവസം നിരാഹാരം കിടന്ന് കാസര്‍ഗോട്ടുകാരുടെ ഹൃദയത്തിലിടംനേടിയ മലപ്പുറത്തുകാരായ രണ്ടു ഡിഗ്രി വിദ്യാര്‍ത്ഥികളേയും ഞങ്ങള്‍ക്ക് കൂട്ടിനു കിട്ടി. ഈ യാത്ര ആരേയും ബോധ്യപ്പെടുത്താനായിരുന്നില്ല, ഞങ്ങള്‍ക്ക് കീടനാശിനികളുടെ ദുരിതത്തെ സ്വയം കണ്ട് ബോധ്യപ്പെടുന്നതിനായിരുന്നു. കെ.എസ്.അബ്ദുള്ള എന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമര പ്രവര്‍ത്തകന്‍ തന്നെയാണ് ഞങ്ങള്‍ക്ക് ഗൈഡായി കൂടെവന്നത്. അദ്ദേഹത്തോടും, വത്സലന്‍ മാഷോടും,വിജയനോടും,അനീഷിനോടും നന്ദി രേഖപ്പെടുത്തട്ടെ. നൂറുകണക്കിനു വീടുകളിലായി വളരെയധികം മനുഷ്യര്‍ ഇവിടെ എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവരായുണ്ടെങ്കിലും, ചിലരെങ്കിലും അത് പുറത്തുകാണിക്കാതെ ജീവിക്കുന്നവരുമുണ്ട്. അവരെ ഒഴിവാക്കി, കാണുന്നതില്‍ വിഷമമില്ലാത്തവരെ മാത്രമായി കണ്ടു വിവരങ്ങള്‍ അന്വേഷിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എന്‍‌വിസാഗിന്റെ പ്രവര്‍ത്തകരായ എം.എ.റഹ്‌മാന്‍ മാഷുമായോ, വത്സലന്‍ മാഷുമായോ താല്‍പ്പര്യമുള്ള മനുഷ്യ സ്നേഹികള്‍ക്ക് ബന്ധപ്പെടാം. മെയ് 1 ന് ബ്ലോഗര്‍മാര്‍ സഞ്ചരിച്ച വഴികളിലെ ചില ദൃശ്യങ്ങള്‍ താഴെ കൊടുക്കുന്നു.
35 കിലോ മീറ്റര്‍ ദൂരെയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശത്തിന്റേയും, ജനങ്ങളുടേയും സാന്നിദ്ധ്യം കാസര്‍ഗോഡ് നഗര മധ്യത്തില്‍ സജീവമാക്കുന്നതിനും , എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിനു ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള തണല്‍ വൃക്ഷത്തെ ബാനറുടുപ്പിച്ച് , ജനങ്ങളുടെ ധാര്‍മ്മിക പിന്തുണയുടെ കയ്യൊപ്പുകളണിഞ്ഞ് നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച “ഒപ്പു മരം” . ഏപ്രില്‍ 29 ന് എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിച്ച സ്റ്റോക്ക് ഹോം പ്രഖ്യാപനം വന്ന സമയം ഒപ്പുമരച്ചുവട്ടില്‍ കാസര്‍ഗോട്ടുകാര്‍ വിജയമാഘോഷിച്ചിരുന്നു. അതുകൊണ്ടുതന്നെ “ഒപ്പുമരം” ചരിത്രത്തിന്റെ ഭാഗമാണ്. 
കടത്തനാടന്‍ “ഒപ്പുമരച്ചുവട്ടില്‍”
വടകരയിലെ ശശിമാഷും കൂട്ടുകാരും, ഒപ്പുമരത്തെ തലയില്‍ താങ്ങുന്ന വിചാരത്തേയും കാണാം.  
വത്സലന്‍ മാഷ്, വിചാരം, കൊട്ടോട്ടി, വിജയരാജന്‍
മൂന്നു ദിവസം നിരാഹാരം കിടന്ന മലപ്പുറത്തുകാരന്‍ കുട്ടിപത്രം എഡിറ്റര്‍(സ്വന്തം നിലയില്‍ പത്രം ഇറക്കിയ ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.) , കൂടെ വിചാരം. 
വിജയന്‍, വിജയ രാജ്, കെ.എസ്.അബ്ദുല്ല
ബ്ലോഗര്‍മാര്‍ 
കെ.എസ്.അബ്ദുള്ള എന്‍ഡോസള്‍ഫാന്‍ കലക്കി സ്പ്രേ കെയ്തിരുന്ന പ്ലാന്റേഷന്‍ തൊഴിലാളിയുടെ ഇപ്പോഴത്തെ രോഗാതുരമായ അവസ്ഥയെ വിവരിക്കുന്നു.
ഒരു ദുരിത ബാധിത
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉടമകളായ സര്‍ക്കാരിന് ഇവരുടെ ജീവിതം നരഗതുല്യമാക്കിയതില്‍ നേരിട്ടുള്ള പങ്കുണ്ട്.
ആറു കുട്ടികളുള്ളതില്‍ രണ്ടു പേര്‍ രോഗബാധിതരാണ്. ഡി.എന്‍.എ.ക്കകത്തു കയറിപ്പറ്റുന്ന കീടനാശിനി ജീവിത കോണിയുടെ ഏതൊക്കെ അഴികളാണ് അറുത്തുമാറ്റിയിരിക്കുന്നതെന്ന് കാലത്തിനു മാത്രമേ പറയാനാകു

തല നിരന്തരം വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി
പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജോലിക്കാരനായിരുന്നു. ഇപ്പോള്‍ മാറാവ്യാധികളുമായി മല്‍പ്പിടുത്തത്തിലാണ്. മുറ്റത്തെ ദൈവ പ്രതിഷ്ടകളുടെ അനുഗ്രഹങ്ങള്‍ ഫലിക്കുന്നില്ല.
വീട് കര്‍ണ്ണാടക അതിരിനകത്താണ്. കിണര്‍ കേരളത്തിനകത്തും.
ഓടിക്കളിക്കേണ്ട ബാല്യം
എന്‍ഡോസള്‍ഫാന്‍ വിഷലിപ്തമാക്കിയ ജീവിതം
കര്‍ണ്ണാടക അതിരില്‍ ഇത്തരം ഏഴോ എട്ടോ കശുമാവിന്‍ തോട്ടങ്ങളുണ്ട് കേരളത്തിന്റെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്  
ജനങ്ങളുടെ വഴിമുടക്കിയാണെങ്കിലും സത്യങ്ങാളെ പൊതുജനശ്രദ്ധയില്‍ നിന്നും മറച്ചു പിടിക്കാനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ഗ്ഗതടസ്സങ്ങള്‍.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്റെ ചരിത്രം തന്നെ തങ്ങളുടെ തോട്ടങ്ങളില്‍ നിന്നും മായ്ച്ചുകളയാനുള്ള ശ്രമത്തിലാണ്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കോംബൌണ്ടില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്ന പുല്ലുമേഞ്ഞ വീടുകണ്ട് ബ്ലോഗര്‍മാര്‍ അവിടേക്കു കയറുകയാണ്.
അവര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തൊഴിലാളികളല്ലെന്നും, മരം മുറിക്കാന്‍ മാത്രം വന്നവരാണെന്നും....
പ്ലാന്റേഷന്‍ കോര്‍പ്പറെഷന്‍ തൊഴിലാളിയോട് ബ്ലോഗര്‍മാര്‍... എന്‍ഡോസള്‍ഫാന്‍ സ്പൃചെയ്തിരുന്നത് അത് വിഷമാണെന്ന് അറിഞ്ഞ്കൊണ്ടുതന്നെ ആയിരുന്നോ എന്ന്... !!!
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍


എന്‍ഡോസള്‍ഫാന്‍ വിഷം സൂക്ഷിച്ചിരുന്ന ടാങ്കു തേടി... കടത്തനാടന്‍
കോര്‍പ്പറേഷ്ന്‍ കോമ്പൌണ്ടിനു പിന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തിരുന്ന സമതലമായ പാറപ്പുറം. കശുമാവെല്ലാം വെട്ടിക്കളണ്ടത് കാണാം.
ഹെലിപ്പാഡും, എന്‍ഡോസള്‍ഫാന്‍ വിഷം നേര്‍പ്പിച്ചിരുന്ന ടാങ്കും.
വിഷടാങ്കിനു സമീപം വിചാരം
ഹെലികോപ്റ്ററില്‍ തളിക്കുന്നതിനായി  വിഷം കലക്കിയിരുന്ന ടാങ്ക്.
ഇവിടെ നിന്നും ഒരു അരുവി ഉത്ഭവിക്കുന്നുണ്ട്. വിഷം താഴ്വാരങ്ങളിലെ ജലാശയങ്ങളിലെത്തുന്നത് അങ്ങനെയാണ്.
മുറിച്ചുമാറ്റപ്പെട്ട കശുമാവുകള്‍
എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും ഊറിക്കൂടിയിരിക്കുന്നുണ്ടാകാം.
താഴ്വാരത്തിലെ ജലാശയങ്ങളെ ചൂണ്ടിക്കാണിക്കുന്ന കെ.എസ്.അബ്ദുള്ള
മെയ് ഒന്നിന് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശം സന്ദര്‍ശിച്ച ബ്ലോഗര്‍മാര്‍ കെ.എസ്.അബ്ദുള്ളയോടൊപ്പം

............................................







.....................................

Thursday, 28 April 2011

മെയ് 1 ന് ബ്ലോഗര്‍മാര്‍ കാസര്‍ഗോട്ടേക്ക്

പ്രിയ ബ്ലോഗര്‍മാരെ,
ഈ വരുന്ന ഞായറാഴ്ച്ച (01-05-2011)എന്റോസള്‍ഫാന്‍ ദുരന്തഭൂമിയായ കാസര്‍ഗോട്ടെ ഗ്രാമങ്ങളിളേക്ക് ബ്ലോഗര്‍മാരുടേ ഒരു യാത്ര ബ്ലോഗ് അക്കാദമി സംഘടീപ്പിക്കുകയാണ്. പത്രമാധ്യമങ്ങളിലൂടേ എന്റോസല്‍ഫാന്‍ ദുരന്തത്തിന്റെ ചിത്രം നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും, അതിലുപരി നേരിട്ടുള്ള അനുഭവമായി മാനവികതയെ നടുക്കുന്ന ഈ ഭീകരതയെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഉദ്ദേശിക്കുന്നത്. മെയ് 1 ന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് റെയില്‍‌വേ സ്റ്റേഷനില്‍ ഒത്തുകൂടിയതിനു ശേഷം ദുരന്തബാധിത പ്രദേശങ്ങളായ ഗ്രാമങ്ങളിലേക്ക് (ഏതാണ്ട് 35 കി.മി.ദൂരെ)വാടകക്കെടുത്ത വാഹനങ്ങളില്‍ യാത്ര തിരിക്കാം.ബ്ലോഗര്‍മാരായ നമുക്ക് ഈ പ്രശ്നത്തില്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് ആലോചിക്കാനും, പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ആരെങ്കിലും മുന്നിട്ടിറങ്ങണമെന്നത് പ്രധാനപ്പെട്ട കാര്യമായതിനാലാണ് ബ്ലോഗ് ശില്‍പ്പശാല എന്ന ഉദ്ദേശം മാത്രം ലക്ഷ്യവച്ച കേരള ബ്ലോഗ് അക്കാദമി ഈ യാത്ര സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗര്‍മാര്‍ക്കും ഈ ഉദ്ദ്യമത്തില്‍ കൂട്ടുചേരാവുന്നതാണ്. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്കു പോകുന്ന 6347 നമ്പര്‍ മംഗലാപുരം എക്സ്പ്രസ്സ് ട്രൈനിന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് എത്തിച്ചേരുന്നതായിരിക്കും സൌകര്യം. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാം. വൈകീട്ട് 4 മണിക്ക് തിരിച്ചു പോരാനാകുമെന്നും കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9249401004.

Thursday, 7 April 2011

ഇന്ത്യയിലും നെറ്റ് വിപ്ലവം !

മംഗളത്തില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെക്കുറിച്ചുള്ള നല്ലൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു. വാര്‍ത്തയിലേക്കുള്ള ലിങ്ക് വാര്‍ത്ത താഴെ കോപ്പി പേസ്റ്റുകയും ചെയ്യുന്നു.പ്രധാന മന്ത്രിക്കുള്ള അണ്ണാ ഹസാരെയുടെ കത്ത് (ലിങ്ക്)

അണ്ണാ ഹസാരെക്കൊപ്പം യുവജന ലക്ഷങ്ങള്‍

ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാന നഗിരിയിലെ ജന്തര്‍മന്ദറില്‍ ഗാന്ധിയനായ അണ്ണാ ഹസാരെ നടത്തുന്ന അഴിമതി വിരുദ്ധ സമരത്തിനു പിന്നില്‍ അണി നിരക്കുന്നവരിലേറെയും യുവജനങ്ങള്‍. ടുണീഷ്യയിലും ഈജിപ്‌തിലും അരങ്ങേറിയ ജനാധിപത്യ പ്രക്ഷോഭങ്ങളില്‍നിന്നുള്ള ആവേശമാണ്‌ അണ്ണാ ഹസാരയ്‌ക്കു പിന്നില്‍ അണിനിരക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്‌. കോളജുകളിലും ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ്‌ ഇവരില്‍ പലരും. ഐടി, എന്‍ജിനീയറിംഗ്‌ മേഖലയിലെ വിദഗ്‌ധരും ജന്തര്‍മന്ദറിലെ സമരപന്തലില്‍ അണ്ണാ ഹസാരെയ്‌ക്കൊപ്പമുണ്ട്‌. അഴിമതി കാര്യക്ഷമമായി തടയുന്ന വിധം ലോക്‌പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ്‌ അണ്ണാ ഹസാരെ മരണം വരെയുള്ള നിരാഹാര സമരം ആരംഭിച്ചത്‌. സമരം ഇന്നു മൂന്നാം ദിവസത്തേക്കു കടക്കുമ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവജനങ്ങള്‍ ഇന്റര്‍നെറ്റിലെ സൗഹൃദ കൂട്ടായ്‌മകളിലൂടെ അണ്ണാ ഹസാരയ്‌ക്കു പിന്തുണയുമായി അണിനിരക്കുന്നു. ടുണീഷ്യയിലും ഈജിപ്‌തിലുമെല്ലാം ഇന്റര്‍നെറ്റാണ്‌ ജനാധിപത്യ വിപ്ലവത്തിനു തിരിതെളിച്ചത്‌. ഈ മാതൃകയാണ്‌ ഇന്ത്യയിലെ യുവജനങ്ങളും പിന്തുടരുന്നത്‌. ഹസാരയുടെ സമരത്തെ പിന്തുണയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഫേസ്‌ബുക്കിലും ട്വിറ്ററിലും ലക്ഷക്കണക്കിനു സന്ദേശങ്ങളാണ്‌ അയയ്‌ക്കപ്പെടുന്നത്‌.

ഫേസ്‌ബുക്കില്‍ ഒരാള്‍ക്ക്‌ നൂറുകണക്കിനു സുഹൃത്തുക്കളുണ്ട്‌. ഇവരില്‍ പത്തിലൊരാളുടെ പിന്തുണ ഹസാരെയുടെ സമരത്തിനു നേടാനായാല്‍ ഇന്ത്യയില്‍നിന്നു അഴിമതി പൂര്‍ണമായും തുടച്ചു നീക്കാനാവുമെന്നാണ്‌ ഇലക്‌്ട്രിക്‌ എന്‍ജീയര്‍ ജോലി ഉപേക്ഷിച്ച്‌ തെരുവുനാടകക്കാരനായി മാറിയ വിനീത്‌ അഹൂജ ഫേസ്‌ബുക്കില്‍ കുറിച്ചത്‌. അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ സമരത്തെ പിന്തുണച്ചു വിദ്യാര്‍ഥികളും സാമൂഹ്യപ്രവര്‍ത്തകരും പ്രഫഷണലുകളുമടക്കം ആയിരക്കണക്കിനു യുവജനങ്ങളാണ്‌ ഇന്നലെ വൈകിട്ട്‌ ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ മെഴുകുതിരികളുമേന്തി പ്രകടനം നടത്തിയത്‌. ഫേസ്‌ബുക്കിലും ട്വിറ്ററിലൂടെയും നടക്കുന്ന പ്രചാരണത്തില്‍നിന്ന്‌ ഊര്‍ജം ഉള്‍കൊണ്ടാണ്‌ ഇവരില്‍ ഭൂരിപക്ഷവും അണിനിരന്നത്‌. ഈജിപ്‌തില്‍ മൂന്നു പതിറ്റാണ്ടോളം ഭരിച്ച ഹോസ്‌നി മുബാറക്കിനെ പുറത്താക്കാന്‍ തലസ്‌ഥാനമായ കെയ്‌്റോയിലെ തഹ്‌്റിര്‍ ചത്വരത്തില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങളെ അനുസ്‌മരിപ്പിക്കും വിധമാണ്‌ ജന്തര്‍മന്ദര്‍ പരിസരങ്ങള്‍.

ഹസാരയ്‌ക്കു പിന്തുണ നല്‍കുന്നവരുടെ പേരുകള്‍ രജിസ്‌റ്റര്‍ ചെയ്യാനായി പ്രഖ്യാപിച്ച ടെലിഫോണ്‍ നമ്പരിലേക്കു ഏഴു ലക്ഷത്തിലേറെ കോളുകളാണ്‌ രണ്ടു ദിവസത്തിനുള്ളില്‍ എത്തിയത്‌. ഇവരില്‍ ഏറെയും യുവജനങ്ങളാണ്‌ എന്നതും ശ്രദ്ധേയമാണ്‌. ഇതിനിടെ ഹസാരെയുടെ സമരത്തിനു പിന്തുണയുമായി ബോളിവുഡ്‌ സൂപ്പര്‍ താരം അമീര്‍ഖാനും രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനു നല്‍കുന്ന പിന്തുണയേക്കാള്‍ അധികം പിന്തുണ ഹസാരെയുടെ സമരത്തിനു നല്‍കണമെന്നാണ്‌ അമീര്‍ ആവശ്യപ്പെട്ടത്‌.

ഏഴുപതുവയസുകഴിഞ്ഞ അണ്ണാ ഹസാരയ്‌ക്കു അഴിമിതി വിരുദ്ധ സമരം നടത്താമെങ്കില്‍ എന്തുകൊണ്ട്‌ ഞങ്ങള്‍ക്കാവില്ലെന്നാണ്‌ ജേണലിസം വിദ്യാര്‍ഥിയായ കൗഷിക്‌ കുമാര്‍ പറയുന്നത്‌. തിങ്ങളാഴ്‌ച നടക്കാനിരിക്കുന്ന പരീക്ഷ ഉപേക്ഷിച്ചാണ്‌ കൗഷികും കൂട്ടരും അണ്ണാ ഹസാരയ്‌ക്കു പിന്തുണയുമായി ജന്തര്‍മന്ദറില്‍ തടിച്ചുകൂടിയിരിക്കുന്നത്‌. വരും ദിവസങ്ങളില്‍ കൂടുതല്‍ യുവജനങ്ങള്‍ അണ്ണാ ഹസാരയ്‌ക്കൊപ്പം ഉപവാസത്തിലും പ്രതിഷേധത്തിലും പങ്കെടുക്കുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌. ആയിരക്കണക്കിനു യുവജനങ്ങള്‍ ഹസാരെയ്‌ക്കു പിന്തുണയുമായി അണിനിരക്കുമ്പോള്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടിവരുമെന്നാണ്‌ അനുയായികളുടെ കണക്കുകൂട്ടല്‍.

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ്‌ ജനകീയ വിപ്ലവമെന്ന തരത്തിലാണ്‌ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധസമരത്തെ പാശ്‌ചാത്യലോകം നിരീക്ഷിക്കുന്നത്‌.
-ഓണ്‍ ലൈന്‍ മംഗളം വാര്‍ത്ത. 

Thursday, 17 March 2011

തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ്‌മീറ്റില്‍ പങ്കെടുക്കുക

Refresh Memory
ബ്ലോഗുകളും,ഫേസ്‌ബുക്ക്,ട്വിറ്റര്‍,ബസ്സ്... തുടങ്ങിയ ഇന്റെര്‍നെറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളും സമൂഹത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം നേടിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സൈബര്‍ മാധ്യമം സമൂഹത്തിന്റെ അഭിപ്രായ രൂപീകരണത്തില്‍ മറ്റൊരു മാധ്യമത്തിനും കഴിയാത്ത വിധം ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും വേദിയായി മാറിക്കൊണ്ടിരിക്കുന്നു. ഇന്റെര്‍നെറ്റ് സാക്ഷരത വോട്ടവകാശം പോലെ ജനങ്ങളുടെ പ്രധാന ആവശ്യമായിക്കൊണ്ടിരിക്കുകയാണ്. പരിഷ്കൃത സമൂഹത്തിന്റെ ദൈനംദിന പ്രവര്‍ത്തികളെല്ലാം ഇന്റെര്‍നെറ്റുമായി ബന്ധപ്പെട്ട് നിവര്‍ത്തിക്കേണ്ടതായി വന്നുതുടങ്ങിയിരിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ നെറ്റ് ഉപയോക്താക്കള്‍, അവര്‍ ബ്ലോഗര്‍മാരായാലും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്താക്കളോ വെറും ഈ മെയില്‍ മാത്രം ഉപയോഗിക്കുന്നവരായാലും ഇടക്ക് ഒത്തുകൂടേണ്ടതും , ഈ മാധ്യമത്തിന്റെ വികസനത്തിനു വേണ്ടിയും പ്രചാരത്തിനു വേണ്ടിയും പരസ്പ്പരം സഹകരിക്കേണ്ടതും സമൂഹത്തിന്റെ ജനാധിപത്യപരമായ വികാസത്തിനും പുരോഗതിക്കും അവശ്യമായിരിക്കുന്നു. 2011 ഏപ്രില്‍ 17 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ കുറച്ചു ബ്ലോഗര്‍മാരുടെ ആത്മാര്‍ത്ഥമായ ശ്രമഫലമായി ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കപ്പെടുകയാണ്. ഇതുവരെ സംഘടിപ്പിക്കപ്പെട്ട ബ്ലോഗ് മീറ്റുകളില്‍ നിന്നും വ്യത്യസ്തമായി ബ്ലോഗുകളുടെ വളര്‍ച്ചയെ രേഖപ്പെടുത്തുന്നതും പരിചയപ്പെടുത്തുന്നതുമായ ഒരു സ്മരണികയും, പുസ്തക പ്രകാശനങ്ങളും, ചിത്രപ്രദര്‍ശനവുമെല്ലാം ബ്ലോഗ് മീറ്റില്‍ ഉള്‍പ്പെടുത്തിയതായറിയുന്നു.

കേരളത്തില്‍ ബ്ലോഗുകളുടെ ചരിത്രത്തില്‍ പ്രധാന ചുവടുവയ്പ്പായി കണക്കാക്കാവുന്ന തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ ബ്ലോഗര്‍മാരും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്ത്താക്കളും ആവതും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തിരൂര്‍ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും സംഘാടകരെ നേരില്‍ ബന്ധപ്പെടുക.

കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പറുകള്‍:

1. കൊട്ടോട്ടിക്കാരന്‍ 9288000088 (kottotty@gmail.com)
2. നന്ദു 9995635557 (nandu.blogger@gmail.com)
3. ഡോ. ആര്‍ കെ തിരൂര്‍ 9447408387 (drratheeshkumar@gmail.com)
4. തോന്ന്യാസി 9447891614
ഇതുമായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍ താഴെ കൊടുക്കുന്നു:

1)തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്

2)...കഥയ മമ കഥയ മമ കഥകളതിസാദരം.-ഡോ.ആര്‍.കെ.തിരൂര്‍

3)മീറ്റ്: സ്ഥലവും തീയതിയും തീരുമാനിച്ചു.-കൊട്ടോട്ടിക്കാരന്‍

4)തിരൂര്‍ തുഞ്ചന്‍‌പറമ്പിലെ ചില പടംസ്-കൊട്ടോട്ടിക്കാരന്‍


5)മലബാറില്‍ ഒരു ബ്ലോഗേഴ്‌സ് മീറ്റ് - ആലോചനാപോസ്റ്റ്-കൊട്ടോട്ടിക്കാരന്‍

6)തിരൂര്‍ തുഞ്ചന്‍ പറമ്പ്- ബ്ലോഗ് മീറ്റ് ആലോചന-ബ്ലോഗ് അക്കാദമി

7)ബ്ളോഗ് സുവനീർ 'തുഞ്ചൻ മീറ്റ് 2011'


Wednesday, 16 February 2011

മലയാളം ബ്ലോഗ് ലഘുലേഖ

മലയാളം ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു A4 നോട്ടീസ് വലിപ്പത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ലഘുലേഖ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഇത് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാനും, ബ്ലോഗറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനും ഉപയോഗപ്പെടുത്താം.

Tuesday, 15 February 2011

ഈജിപ്തിലെ ഫേയ്സ്ബുക്ക് വിപ്ലവം !


ഈജിപ്തില്‍ ഏകാധിപത്യത്തിനെതിരെയുള്ള അഹിംസാത്മകമായ ജനകീയ വിപ്ലവം സംഘടിപ്പിച്ചത് ഫേസ് ബുക്ക് കൂട്ടായ്മയായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഇന്റെര്‍നെറ്റ് എന്ന മാധ്യമത്തിന്റെ ജനാധിപത്യ ശക്തിയുടെ പ്രഖ്യാപനം കൂടി ആയിരിക്കുന്നു.30 വര്‍ഷത്തെ മുബാറക്കിന്റെ ഏകാധിപത്യ ഭരണം താങ്ങി നിര്‍ത്തിയത് ആരെല്ലാമായിരുന്നു എന്നും,അതില്‍ പരംബരാഗത മീഡിയയുടെ സ്ഥാനം എന്തായിരുന്നു എന്നും അപഗ്രഥിക്കുമ്പോഴാണ് ഇന്റെര്‍ നെറ്റ് അധിഷ്ഠിതമായ സ്വതന്ത്ര മാധ്യമത്തിന്റെ പ്രാധാന്യവും ജനാധിപത്യ മുഖവും പൂര്‍ണ്ണമായി ബോധ്യപ്പെടുക. സാമൂഹ്യ നീതി സമൂഹത്തിലെ എല്ലാ മനുഷ്യര്‍ക്കും ലഭ്യമാക്കുന്നതിനായി ബ്ലോഗ്,ഫേസ് ബുക്ക്, ട്വിറ്റര്‍,ബസ്സ്,...തുടങ്ങിയ എല്ലാ മാര്‍ഗ്ഗങ്ങളും എല്ലാ സമൂഹങ്ങള്‍ക്കും സുപരിചിതമാകേണ്ടിയിരിക്കുന്നു.ഈജിപ്തിലെ ഫേസ്ബുക്ക് വിപ്ലവം നല്‍കുന്ന പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമ്മള്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ബ്ലോഗര്‍ മനോജ് ഈജിപ്തിലെ ഫേസ്ബുക്ക് വിപ്ലവത്തെക്കുറിച്ചെഴുതിയ പോസ്റ്റ് ആശയ പ്രചരണത്തിന്റെ വേഗതകൂട്ടുന്നതിനായി താഴെ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നു. മനോജിന്റെ വ്യഥകള്‍ എന്ന ബ്ലോഗിലേക്കുള്ള ലിങ്ക്:ഫേയ്സ്ബുക്ക് വഴിയുള്ള വിപ്ലവം വിജയിച്ചു
................................................

2008 ഏപ്രില്‍ 6ന് ഈജിപ്റ്റില്‍ മുബാറിക്കിനെതിരെ അണിചേരാനുള്ള ആഹ്വാനം ഫേയ്സ്ബുക്കില്‍ (ഏപ്രില്‍ 6 യൂത്ത് മൂവ്മെന്റ്) നല്‍കി തുടങ്ങിയ നീക്കം അതിന്റെ ഫലസമാപ്തിയില്‍ എത്തി. 30 കൊല്ലം അടക്കി വാണ മുബാറക്ക് രാജി വെച്ചൊഴിഞ്ഞു. 18 ദിവസം മാത്രം നീണ്ട ഒടുവില്‍ നടന്ന സമരത്തിന് (18 ദിവസത്തെ വിശേഷങ്ങള്‍) ജനുവരി 25നാണ് ഫേയ്സ്ബുക്കിലൂടെ ആഹ്വാനം നടത്തിയത്.

വിക്കിലീക്സ് വഴി മനസ്സിലാകുന്നത് ഫേയ്സ്ബുക്ക് വിപ്ലവം വിജയിക്കുമെന്ന വിശ്വാസം അമേരിക്കയ്ക്ക് പോലും ഇല്ലായിരുന്നു എന്നാണ്. എന്നാല്‍ പൊതുവേദിയില്‍ പ്രതിഷേധത്തിന് സാധ്യതയില്ലാത്തിടത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി വിജയം നേടാം എന്ന് ഈജിപ്തിലെ യുവജനത തെളിയിച്ചു. അതിന് നേതൃത്വം കൊടുത്തവരില്‍ പലരും കടുത്ത യാതനകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു (ആദ്യ കാലത്ത് അവര്‍ നേരിടേണ്ടി വന്നത് യൂ ട്യൂബില്‍ കാണാം, പണ്ട് അജിതയും മറ്റും അനുഭവിച്ചത് എത്രമാത്രം ഭീകരമായിരുന്നുവെന്ന് ഓര്‍മ്മയിലേയ്ക്ക് വരുന്നത് സ്വാഭാവികമായിരിക്കാം, ഭരണകൂടം എന്നും എതിരാളികളെ തകര്‍ക്കുന്നത് ഇങ്ങനെയാണ്).

അമേരിക്കയില്‍ 2010 ഏപ്രില്‍ 27ന് ന്യൂജേര്‍ഴ്സിയില്‍ ചില കുട്ടികള്‍ ഫേയ്സ്ബുക്കിലൂടെ സമരത്തിന് ആഹ്വാനം ചെയ്ത് വിജയിച്ചതിനെ പറ്റി അന്ന് ഒരു പോസ്റ്റിട്ടിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്ലാതെ അമേരിക്കയില്‍ അങ്ങിനെ ഒന്ന് ഫേയ്സ്ബുക്കിലൂടെ വിജയിച്ചപ്പോള്‍ തെല്ല് അത്ഭുതമുണ്ടായിരുന്നു. 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാം എന്ന് ഒബാമ കാട്ടി തന്നു. 2010ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ യൂട്യൂബ് പരസ്യം വരെ സ്ഥാനാര്‍ത്ഥികള്‍ നല്‍കി എന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ശക്തി തെളിയിക്കുന്നു...

എന്നാല്‍ ഒരു രാജ്യത്തിന്റെ ഭരണാധിപതിയെ വളരെ ചുരുങ്ങിയ സമയം കൊണ്ട് പണ ചെലവ് അധികമില്ലാതെ താഴെയിറക്കാം എന്ന് ഈജിപ്തിലെ യുവജനത ലോകത്തിന് കാട്ടി തരുമ്പോള്‍ സമാധാനം നഷ്ടപ്പെടുന്നത് ഭരണകര്‍ത്താക്കളാണ്.

ഇടയ്ക്ക് അടിച്ചൊതുക്കുവാന്‍ “കൂലി തല്ലുകാരെ” ഇറക്കിയെങ്കിലും അതിനെയും അതി ജീവിച്ച് നില്‍ക്കുവാന്‍ ഈജിപ്ത്യന്‍ യുവരക്തം തയ്യാറായി. അവര്‍ക്ക് പിന്തുണയുമായി മറ്റുള്ളവരും.

അമേരിക്കയുടെ ഇന്റലിജന്‍സിന് ഈജിപ്തിലെ സമര നീക്കം മുങ്കൂട്ടി കാണുവാന്‍ സാധിച്ചില്ല എന്ന വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.

ട്യൂണിഷ്യയില്‍ കണ്ട വിജയമാണ് ഈജിപ്തിലെ ഫേയ്സ്ബുക്ക് വിപ്ലവകാരികള്‍ക്ക് ത്വരഗമായത് എങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ശക്തി എത്രമാത്രമെന്ന് ലോകം കൊണ്ടറിഞ്ഞു.

ലോകം ഇനിയും എത്രയോ ഫേയ്സ്ബുക്ക് വിപ്ലവങ്ങള്‍ക്ക് സാക്ഷിയാകാനിരിക്കുന്നു.....
(ബ്ലോഗര്‍ മനോജിന്റെ വ്യഥകള്‍ എന്ന ബ്ലോഗില്‍ നിന്നുള്ളതാണ് ഈ പോസ്റ്റ്)

Monday, 10 January 2011

ബ്ലോഗര്‍ അങ്കിള്‍ അന്തരിച്ചു (ചന്ദ്രകുമാര്‍)


ആദ്യം വിശ്വസിക്കാനായില്ല, സാജുവിന്റേയും കിരണ്‍ തോംബിലിന്റേയും പോസ്റ്റുകളില്‍ നിന്നാണ് മരണ വാര്‍ത്ത വായിച്ചത്. എന്നിട്ടും വിശ്വാസം പോരാഞ്ഞ് യാരിദിനെ വിളിച്ചു. സത്യം തന്നെ.ബ്ലോഗര്‍ അങ്കിള്‍ ഇന്നലെ വൈകീട്ട് അന്തരിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച്ച കൂടി അദ്ദേഹത്തെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു... വല്ലാത്ത ഷോക്കായിപ്പോയി ഈ മരണ വാര്‍ത്ത.
ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. കുളിമുറിയില്‍ നിന്നും പുറത്തുവരാത്തതുകണ്ട് വാതില്‍ തള്ളിത്തുറന്നപ്പോള്‍ മരിച്ചിരുന്നു. ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.
വിദേശത്തായിരുന്ന മകള്‍ എത്തിയിട്ടുണ്ട്. യു എസ്സില്‍ നിന്നും മകന്‍ കൂടി എത്തിച്ചേരാനുണ്ട്. നാളെ രാവിലെ 9 മണിക്കു ശേഷം അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് അങ്കിളിന്റെ ബ്രദര്‍ ഇന്‍ ലായില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ സൌകര്യമുള്ള ബ്ലോഗര്‍മാര്‍ അങ്കിളിനു അന്ത്യാഞ്ജലി അര്‍പ്പിക്കണം. സര്‍ക്കാര്‍ കെടുകാര്യസ്ഥതക്കെതിരേയും, അഴിമതിക്കെതിരേയും ബ്ലോഗിലൂടെ ഒറ്റക്ക് പൊരുതിയ നന്മനിറഞ്ഞ ധീരനാണ് അങ്കിള്‍.കേരള ബ്ലോഗ് അക്കാദമി തിരുവനന്തപുരം ശില്‍പ്പശാലയിലാണ് (തിരുവനന്തപുരം ബ്ലോഗ് ശില്പശാല-ചില ചിത്രങ്ങള്‍)അങ്കിളിനെ ആദ്യമായി കാണുന്നത്. നിസ്വാര്‍ത്ഥനായ ഉത്തമ മനുഷ്യസ്നേഹിയായിരുന്നു അങ്കിള്‍.
അങ്കിളിന്റെ(ചന്ദ്രകുമാര്‍)വീട്ടിലെ ഫോണ്‍ നംബര്‍: 0471-2360822


അങ്കിളിന്റെ ബ്ലോഗുകള്‍ :സര്‍ക്കാര്‍ കാര്യം http://sarkkaarkaryam.blogspot.com/
ഉപഭോക്താവ്  http://upabhokthavu.blogspot.com
കൂടുതല്‍ അറിയുന്നതിനും അങ്കിളിന്റെ വീട്ടിലേക്കുള്ള ഗ്ഗൂഗിള്‍ മാപ്പിനും ഈ ലിങ്കില്‍ ക്ലിക്കുക:
ബ്ലോഗർ അങ്കിൾ അന്തരിച്ചു

അങ്കിളിന് ആദരാഞ്ജലികള്‍

ഇതോടൊപ്പം കൊടുത്തിരിക്കുന്ന അങ്കിളിന്റെ ഫോട്ടോ ഹരീഷ് തൊടുപുഴ ചെറായി മീറ്റില്‍ വച്ച് എടുത്തിട്ടുള്ളതാണ്.

Translate