Tuesday 15 February 2011

ഈജിപ്തിലെ ഫേയ്സ്ബുക്ക് വിപ്ലവം !


ഈജിപ്തില്‍ ഏകാധിപത്യത്തിനെതിരെയുള്ള അഹിംസാത്മകമായ ജനകീയ വിപ്ലവം സംഘടിപ്പിച്ചത് ഫേസ് ബുക്ക് കൂട്ടായ്മയായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഇന്റെര്‍നെറ്റ് എന്ന മാധ്യമത്തിന്റെ ജനാധിപത്യ ശക്തിയുടെ പ്രഖ്യാപനം കൂടി ആയിരിക്കുന്നു.30 വര്‍ഷത്തെ മുബാറക്കിന്റെ ഏകാധിപത്യ ഭരണം താങ്ങി നിര്‍ത്തിയത് ആരെല്ലാമായിരുന്നു എന്നും,അതില്‍ പരംബരാഗത മീഡിയയുടെ സ്ഥാനം എന്തായിരുന്നു എന്നും അപഗ്രഥിക്കുമ്പോഴാണ് ഇന്റെര്‍ നെറ്റ് അധിഷ്ഠിതമായ സ്വതന്ത്ര മാധ്യമത്തിന്റെ പ്രാധാന്യവും ജനാധിപത്യ മുഖവും പൂര്‍ണ്ണമായി ബോധ്യപ്പെടുക. സാമൂഹ്യ നീതി സമൂഹത്തിലെ എല്ലാ മനുഷ്യര്‍ക്കും ലഭ്യമാക്കുന്നതിനായി ബ്ലോഗ്,ഫേസ് ബുക്ക്, ട്വിറ്റര്‍,ബസ്സ്,...തുടങ്ങിയ എല്ലാ മാര്‍ഗ്ഗങ്ങളും എല്ലാ സമൂഹങ്ങള്‍ക്കും സുപരിചിതമാകേണ്ടിയിരിക്കുന്നു.ഈജിപ്തിലെ ഫേസ്ബുക്ക് വിപ്ലവം നല്‍കുന്ന പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമ്മള്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ബ്ലോഗര്‍ മനോജ് ഈജിപ്തിലെ ഫേസ്ബുക്ക് വിപ്ലവത്തെക്കുറിച്ചെഴുതിയ പോസ്റ്റ് ആശയ പ്രചരണത്തിന്റെ വേഗതകൂട്ടുന്നതിനായി താഴെ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നു. മനോജിന്റെ വ്യഥകള്‍ എന്ന ബ്ലോഗിലേക്കുള്ള ലിങ്ക്:ഫേയ്സ്ബുക്ക് വഴിയുള്ള വിപ്ലവം വിജയിച്ചു
................................................

2008 ഏപ്രില്‍ 6ന് ഈജിപ്റ്റില്‍ മുബാറിക്കിനെതിരെ അണിചേരാനുള്ള ആഹ്വാനം ഫേയ്സ്ബുക്കില്‍ (ഏപ്രില്‍ 6 യൂത്ത് മൂവ്മെന്റ്) നല്‍കി തുടങ്ങിയ നീക്കം അതിന്റെ ഫലസമാപ്തിയില്‍ എത്തി. 30 കൊല്ലം അടക്കി വാണ മുബാറക്ക് രാജി വെച്ചൊഴിഞ്ഞു. 18 ദിവസം മാത്രം നീണ്ട ഒടുവില്‍ നടന്ന സമരത്തിന് (18 ദിവസത്തെ വിശേഷങ്ങള്‍) ജനുവരി 25നാണ് ഫേയ്സ്ബുക്കിലൂടെ ആഹ്വാനം നടത്തിയത്.

വിക്കിലീക്സ് വഴി മനസ്സിലാകുന്നത് ഫേയ്സ്ബുക്ക് വിപ്ലവം വിജയിക്കുമെന്ന വിശ്വാസം അമേരിക്കയ്ക്ക് പോലും ഇല്ലായിരുന്നു എന്നാണ്. എന്നാല്‍ പൊതുവേദിയില്‍ പ്രതിഷേധത്തിന് സാധ്യതയില്ലാത്തിടത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി വിജയം നേടാം എന്ന് ഈജിപ്തിലെ യുവജനത തെളിയിച്ചു. അതിന് നേതൃത്വം കൊടുത്തവരില്‍ പലരും കടുത്ത യാതനകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു (ആദ്യ കാലത്ത് അവര്‍ നേരിടേണ്ടി വന്നത് യൂ ട്യൂബില്‍ കാണാം, പണ്ട് അജിതയും മറ്റും അനുഭവിച്ചത് എത്രമാത്രം ഭീകരമായിരുന്നുവെന്ന് ഓര്‍മ്മയിലേയ്ക്ക് വരുന്നത് സ്വാഭാവികമായിരിക്കാം, ഭരണകൂടം എന്നും എതിരാളികളെ തകര്‍ക്കുന്നത് ഇങ്ങനെയാണ്).

അമേരിക്കയില്‍ 2010 ഏപ്രില്‍ 27ന് ന്യൂജേര്‍ഴ്സിയില്‍ ചില കുട്ടികള്‍ ഫേയ്സ്ബുക്കിലൂടെ സമരത്തിന് ആഹ്വാനം ചെയ്ത് വിജയിച്ചതിനെ പറ്റി അന്ന് ഒരു പോസ്റ്റിട്ടിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്ലാതെ അമേരിക്കയില്‍ അങ്ങിനെ ഒന്ന് ഫേയ്സ്ബുക്കിലൂടെ വിജയിച്ചപ്പോള്‍ തെല്ല് അത്ഭുതമുണ്ടായിരുന്നു. 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാം എന്ന് ഒബാമ കാട്ടി തന്നു. 2010ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ യൂട്യൂബ് പരസ്യം വരെ സ്ഥാനാര്‍ത്ഥികള്‍ നല്‍കി എന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ശക്തി തെളിയിക്കുന്നു...

എന്നാല്‍ ഒരു രാജ്യത്തിന്റെ ഭരണാധിപതിയെ വളരെ ചുരുങ്ങിയ സമയം കൊണ്ട് പണ ചെലവ് അധികമില്ലാതെ താഴെയിറക്കാം എന്ന് ഈജിപ്തിലെ യുവജനത ലോകത്തിന് കാട്ടി തരുമ്പോള്‍ സമാധാനം നഷ്ടപ്പെടുന്നത് ഭരണകര്‍ത്താക്കളാണ്.

ഇടയ്ക്ക് അടിച്ചൊതുക്കുവാന്‍ “കൂലി തല്ലുകാരെ” ഇറക്കിയെങ്കിലും അതിനെയും അതി ജീവിച്ച് നില്‍ക്കുവാന്‍ ഈജിപ്ത്യന്‍ യുവരക്തം തയ്യാറായി. അവര്‍ക്ക് പിന്തുണയുമായി മറ്റുള്ളവരും.

അമേരിക്കയുടെ ഇന്റലിജന്‍സിന് ഈജിപ്തിലെ സമര നീക്കം മുങ്കൂട്ടി കാണുവാന്‍ സാധിച്ചില്ല എന്ന വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.

ട്യൂണിഷ്യയില്‍ കണ്ട വിജയമാണ് ഈജിപ്തിലെ ഫേയ്സ്ബുക്ക് വിപ്ലവകാരികള്‍ക്ക് ത്വരഗമായത് എങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ശക്തി എത്രമാത്രമെന്ന് ലോകം കൊണ്ടറിഞ്ഞു.

ലോകം ഇനിയും എത്രയോ ഫേയ്സ്ബുക്ക് വിപ്ലവങ്ങള്‍ക്ക് സാക്ഷിയാകാനിരിക്കുന്നു.....
(ബ്ലോഗര്‍ മനോജിന്റെ വ്യഥകള്‍ എന്ന ബ്ലോഗില്‍ നിന്നുള്ളതാണ് ഈ പോസ്റ്റ്)

7 comments:

പട്ടേപ്പാടം റാംജി said...

ഈജിപ്റ്റില്‍ വലിയ ലഹള നടക്കുന്നു. മുബാരക്കിനെ പുറത്താക്കണം എന്ന് വായിച്ച്ചപ്പോഴെല്ലാം ഇങ്ങിനെയൊരു കൂട്ടായ്മയാണ് ഇതിനു പിന്നിലെന്ന് മനസ്സിലാകിയിരുന്നില്ല. ലേഖനത്തില്‍ പറഞ്ഞത്‌ പോലെ വരുംകാലങ്ങളില്‍ ഇനിയും എന്തൊക്കെ മാറ്റങ്ങളാണ് ഈ കൂട്ടായ്മ കൊണ്ട് സംഭവിക്കുന്നത് എന്നത് കാത്തിരുന്നു കാണാം.

Satheesh Haripad said...

വളരെ നല്ല കാര്യം . ടെക്നോളജി ഇങ്ങനെ സാമൂഹികബോധത്തോടെ നമ്മുടെ യുവതലമുറയും ഉപയോഗിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

satheeshharipad.blogspot.com

Anonymous said...

ജനകീയ മുന്നേറ്റത്തെ സാങ്കേതികവിദ്യയുടേയോ അത് നല്‍കിയ കമ്പനികളുടേയോ പേരില്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ചുവെക്കുകയാണ് നാം ചെയ്യുന്നത്. ഇന്റര്‍നെറ്റ് തന്നെ ഇല്ലെങ്കില്‍ ഈ സമരം ഉണ്ടാവില്ലേ?

സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുന്ന സാമൂഹ്യമാറ്റങ്ങള്‍

Anonymous said...

സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുന്ന സാമൂഹ്യമാറ്റങ്ങള്‍

Manoj മനോജ് said...

അവിടെ കൂടിയ എല്ലാവരും ഫേയ്സ് ബുക്ക് യൂസേര്‍ഴ്സ് ആണെന്ന് ആരും കരുതുന്നുണ്ടാവില്ല. എന്നാല്‍ ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തെ തട്ടിച്ച് നോക്കിയാല്‍ അവരുടെ സമരം നീണ്ട് മുബാറക്കിന്റെ മകന്‍ വയസ്സാകുന്നത് വരെ എങ്കിലും എത്തുമായിരുന്നു. പ്രത്യേകിച്ച് ഇസ്രേയിലിനെയും അമേരിക്കയെയും പോലെയുള്ളവര്‍ മുബാറക്കിനെ പിന്തുണയ്ക്കുമ്പോള്‍.. 1990കളില്‍ തുടങ്ങിയത് പതിവ് പോലെ തണുപ്പിക്കുവാന്‍ മുബാറക്കിനെ മുന്നില്‍ നിര്‍ത്തുന്നവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സമരത്തിന്റെ തീവ്രത കൂടാന്‍ 2003ന് ശേഷമുള്ള നീക്കങ്ങളാണ് കാരണമായത് എന്ന് കാണാം. ഇനി “രക്ത രഹിത ഫേയ്സ് വിപ്ലവം” ഇത്ര പെട്ടെന്ന് വിജയിച്ചതിന് പിന്നിലുള്ള “രഹസ്യങ്ങള്‍” മറ്റൊരു വിക്കിലീക്സ് തുറന്ന് കാട്ടുമായിരിക്കും. അത് വരെ പുറം ലോകത്തിന് മുന്‍പില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് തന്നെയാണ് താരം.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് കോണ്‍ഗ്രസ്സ് മാത്രമാണ് കാരണക്കാര്‍ എന്ന് ഈ അടുത്ത കാലം വരെയും നമ്മളെ വിശ്വസിപ്പിച്ചില്ലേ.... പക്ഷേ യഥാര്‍ത്ഥ്യങ്ങള്‍ കാലം തെളിയിക്കുമെന്നതാണ് നമുക്ക് മുന്നിലെ ചരിത്രം... അത് വരെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളെ പുകഴ്ത്താം.

ഞാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ “ശക്തിയെ” നേരിട്ടറിഞ്ഞത് ന്യൂജേര്‍ഴ്സിയില്‍ ഒരു കുട്ടി ഫേയ്സ്ബുക്കിന്റെ സഹായത്താല്‍ സ്കൂള്‍ കുട്ടികളെ ക്ലാസ്സ് മുറികള്‍ ബഹിഷ്കരിപ്പിച്ച് സമരത്തിനിറക്കിയ സമയത്താണ്. പല കൌണ്ടിയിലും കുട്ടികള്‍ സ്കൂളില്‍ നിന്ന് പുറത്ത് വന്നു തുടങ്ങിയപ്പോഴാണ് അധികൃതര്‍ അതിന്റെ “ഗൌരവം” മനസ്സിലാക്കിയത്! അന്ന് അതിന് പിന്നില്‍ മറ്റ് പാര്‍ട്ടികളോ രാജ്യങ്ങളോ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുവാന്‍ പ്രയാസം... അത് വിജയിക്കുമെന്ന് ആ കുട്ടി പോലും കരുതിയിട്ടുണ്ടാകില്ല....

പക്ഷേ ഇന്റെര്‍നെറ്റ് വിപ്ലവത്തിന് അല്ലെങ്കില്‍ ഒരു സമരത്തിന് ആശ്രയിക്കേണ്ടതില്ല എന്ന വാദം ബാലിശം തന്നെയല്ലേ.... ഏത് ആശയവും പെട്ടെന്ന് പ്രചരിപ്പിക്കുവാന്‍ ഇന്ന് കഴിയുക സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ തന്നെയല്ലേ? അതും പല രാജ്യത്തായി ചിതറികിടക്കുന്നവര്‍ ഒരു കുട കീഴില്‍ വരികയും ചെയ്യുന്നു... പണ്ട് രഹസ്യ സന്തേശങ്ങള്‍ കൈമാറി സമരങ്ങളും മറ്റും നടന്നു. അന്ന് അതിന് കഴിഞ്ഞെങ്കില്‍ ഇന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ക്കും അതിന് കഴിയില്ലേ!

ഏത് സമരങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും പിന്നില്‍ ഒരറ്റ കാരണമേ കാണൂ... ജനദ്രോഹപരമായ വ്യവസ്ഥിതി.... അതിനെതിരെ ജനങ്ങള്‍ പ്രതികരിക്കും. അങ്ങിനെയുള്ള ജനങ്ങളെ ഒന്നിപ്പിച്ച് നടത്തുവാന്‍ രാഷ്ട്രീയ സംഘടനകള്‍ ഉണ്ടാകുന്നു. അവര്‍ക്കായില്ലെങ്കില്‍ അല്ലെങ്കില്‍ അവരുടെ നയങ്ങളില്‍ നിന്ന് മാറി ചിന്തിക്കുന്നവര്‍ മറ്റൊരു ഗ്രൂപ്പായി പ്രവര്‍ത്തിക്കുമെന്ന് ഭഗ്ത്സിംങും, ബോസും മറ്റും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്ത് കാട്ടി തന്നിട്ടില്ലെ... ഇവിടെയും അത് പോലെ തന്നെ സംഭവിച്ചിരിക്കണം... ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ പോലൊരു ചെലവ് കുറഞ്ഞതും ശക്തവുമായ മാര്‍ഗ്ഗം വേറെ ഏതാണുള്ളത്?

തുടരും....

Manoj മനോജ് said...

ഇനി സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ ആഹ്വാനം നടത്തിയാലും ആളുകള്‍ കൂടണമെങ്കില്‍ ദുരിതങ്ങള്‍ നേരിടുന്നവര്‍ ഉണ്ടാകണം. എങ്കിലേ അവര്‍ രംഗത്തിറങ്ങൂ... ഗാന്ധി ഉപ്പ് സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്യുമ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങി.. അവര്‍ അന്ന് അങ്ങിനെ ചെയ്തത് ബ്രിട്ടീഷുകാരാല്‍ പ്രശ്നങ്ങള്‍ നേരിട്ടിരുന്നത് കൊണ്ട് തന്നെയല്ലേ!!! ഗാന്ധിയുടെ ആഹ്വാനം അന്ന് പത്രങ്ങളും, റേഡിയോകളും ഏറ്റെടുത്തു പ്രചരിപ്പിച്ചു... അന്ന് ഗാന്ധിക്ക് വിദേശ മാധ്യമങ്ങളില്‍ പോലും അത്രയും പബ്ലിസിറ്റി കൊടുപ്പിച്ചത് ആരൊക്കെയായിരുന്നു എന്നും അത് എന്തിനെന്നും കാലങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ജനങ്ങള്‍ക്കറീയാം... അത് പോലെ ഈജിപ്തില്‍ ഫേയ്സ്ബുക്കിലൂടെ ആഹ്വാനം നടത്തിയപ്പോള്‍ സ്ക്വയറില്‍ ആളുകള്‍ തടിച്ച് കൂടിയെങ്കില്‍ ആ ആളുകള്‍ക്ക് മുബാറക്കില്‍ നിന്ന് ദുരിതങ്ങള്‍ നേരിട്ടിട്ടുണ്ട്.. ഇനി ഫേയ്സ്ബുക്ക് വഴിയുള്ള പ്രചരണത്തിന്റെ പിന്നിലെ ചരട് വലികള്‍, അത് അറിയാന്‍ കാത്തിരിക്കുക...

പിള്ളാര്‍ ഫേയ്സ്ബുക്കില്‍ ഒരു ദിവസം കൊണ്ട് നടത്തിയ പ്രകടനമൊന്നുമല്ലല്ലോ... ഈ ലേഖനത്തില്‍ പറയുന്നത് പോലെ തന്നെയെടുത്താല്‍ 2003 മുതല്‍ അവര്‍ കരുക്കള്‍ നീക്കി തുടങ്ങിയിരുന്നു. ജനദ്രോഹപരമായ വാര്‍ത്തകളും ചിത്രങ്ങളും കൊടുത്ത് കൊണ്ടിരുന്നു.. അങ്ങിനെയാണ് അവര്‍ക്ക് കൂടുതല്‍ ഫോളോവേര്‍സിനെ ലഭിക്കുന്നതും... ട്യൂണീഷയയില്‍ നടന്ന ഭരണമാറ്റം അത് വരെ മറഞ്ഞിരുന്ന ജനങ്ങള്‍ക്ക് ധൈര്യം നല്‍കി... ഫേയ്സ്ബുക്ക് ആഹ്വാനം നടത്തിയ ഒത്ത് കൂടലിന്റെ ആദ്യ ദിവസങ്ങളില്‍ പങ്കെടുത്തവരുടെ എണ്ണം എത്രയായിരൂന്നു? എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു എന്നും കാണാം. അത് വരെ വിട്ട് നിന്നിരുന്ന പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിനെ അനുകൂലിച്ച് രംഗത്ത് വരുന്നു....

ആശയങ്ങള്‍ കൂടുതല്‍ ജങ്ങളില്‍ പെട്ടെന്ന് എത്തിക്കുവാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് തന്നെയാണ് ഇന്ന് ശക്തമായിട്ടുള്ളത് എന്നതില്‍ തര്‍ക്കമില്ല... ജനങ്ങളെ സംഘടിപ്പിക്കുവാന്‍ ഇത് ഉപയോഗിക്കുമ്പോള്‍ അത് അരാഷ്ട്രീയമാണെന്ന് തോന്നുന്നില്ല... കാരണം ഇതേ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ തന്നെയല്ലേ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ആശയ പ്രചരണത്തിന് ഇപ്പോള്‍ കൂടുതലായും ഉപയോഗിക്കുന്നത്!!! സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി രാഷ്ട്രീയ പാര്‍ട്ടികളും പ്രചരണത്തിന് ആശ്രയിക്കുന്ന ഇക്കാലത്ത് അത് അരാഷ്ട്രീയമാണെന്ന് പറയുന്നതിലെ സത്യസന്ധത!!!

കാഡ് ഉപയോക്താവ് said...

ആശംസകളോടെ...!

GeoGebra_i​n_Practica​l_Life_പ്രാ​യോഗിക ജീവിതത്തിലെ ഉപയോഗത്തെക്​കുറിച്ച്‌
Here

Translate