Tuesday, 4 December 2018

രാജ്യം

December 4 / 2012

താവളങ്ങൾ വിട്ടുപോകുന്ന 
പഴയ ഇടങ്ങൾ വിട്ട്, പുതിയ താവളങ്ങൾ തേടി ആളുകൾ പോകുന്നത് അവരവരുടെ ഉന്നമനത്തിന്‌ വേണ്ടിയാണ്‌; വളരെ സ്വഭാവികം. ശ്ളാഘനീയം പക്ഷെ വളരെ കുറച്ചുപേർ മാത്രമേ ഊഷ്മള സൗഹൃദ സുഗന്ധം അവശേഷിപ്പിച്ചുകൊണ്ട് വിടപറഞ്ഞു പോകുന്നുള്ളൂ. അവരെ പിന്നീട് എവിടേ കണ്ടാലും ആ സൗഹൃദസുഗന്ധത്തിന്‌ ഒരു അഴിവും തട്ടിയിട്ടില്ലെന്ന് അനുഭവിക്കാനുമാകും. 
ചിലർ അങ്ങനെയല്ല. വിട്ടുപോകുന്ന ഇടത്തിന്റെ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണിപ്പറഞ്ഞ് ആരോപണങ്ങൾ ഉന്നയിച്ച് ഊഹാപോഹങ്ങൾ പരത്തി അപവാദങ്ങൾ കൊളുത്തിവിട്ടാണ്‌ അവരുടെ വിട വാങ്ങൽ. ഉത്സവം കഴിഞ്ഞ് വഴിനീളെ പിണ്ടം ഇട്ട് ഗ്രാമം വിട്ടുപോകുന്ന ആനകളെ പോലെ.... 
സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലെ കഥാപാത്രത്തിന്റെ വാക്കുകൾ ഓർമ വരും. ‘ദെന്താ മേന്‌ന്നെ ആനക്ക് വയറിന്‌ സുഖമില്ലാന്ന്‌ തോന്നുണു്..

December 4 / 2012 

മലയാളി വിചാരിക്കുന്നത് 
വയനാടുകാരുടെ കടുവാപ്പേടി ഞാൻ മനസ്സിലാക്കുന്നു. നാട്ടിലിറങ്ങി കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതും കടുവ മനുഷ്യജീവന്‌ ഭീഷണിയാവുന്നതും ഗുരുതരമായ പ്രശ്നം തന്നെ. അതിന്‌ ശാശ്വത പരിഹാരം കാണുന്നതിന്‌ പകരം ‘കൊല്ല് കൊല്ല്’ എന്നാക്രോശിക്കുന്ന ആൾക്കൂട്ടത്തിന്റെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കലല്ല സർക്കാർ ചെയ്യേണ്ടതെന്ന് ഇവിടെ എഴുതിയിരുന്നു. വയനാട്ടുകർ എന്നെ ശകാരിക്കുന്നത് എനിക്ക് മനസ്സിലാക്കാം. പക്ഷെ അന്നാട്ടുകാരല്ലാത്തവർ എന്നെ പരിഹസിച്ചു. ഇന്നിതാ കടുവയെ കൊന്ന ശേഷം പരക്കെ ബുദ്ധിയുദിച്ചിരിക്കുന്നു. കൊല്ലരുതായിരുന്നു എന്ന്! ഇന്ന് മറ്റൊരു വാർത്ത വന്നു, 

കർണാടകത്തിലെ വിരാജ്പേട്ടയിൽ, കുടക് വനത്തിൽ നിന്ന് നാട്ടിലിറങ്ങിയ കടുവയെ കമ്പിവേലിയിൽ കുരുങ്ങി പരിക്കേറ്റ് ദുരിതമനുഭവിക്കുന്ന നിലയിൽ കണ്ടെത്തിയ അന്നാട്ടുകാർ അതിനെ ആ കുരുക്കിൽ നിന്ന് രക്ഷിച്ച് മൈസൂർ ജയചാമ രാജേന്ദ്ര മൃഗശാലയിലേക്ക് ചികിൽസക്കായി മാറ്റി എന്ന്‌. ആ നാട്ടുകാരുടെ കയ്യിൽ കുന്തവും കൊടുവാളും ഒന്നുമില്ലായിരുന്നു. ഉദ്യോഗസ്തർ ഒരു കൂടും കൊണ്ടാണ്‌ വന്നത്. മയക്കുവെടിവെച്ചവർ അതിനെ കൂട്ടിലാക്കി കൊണ്ടുപോയി. മുറിവുണങ്ങിയ ശേഷം കാട്ടിൽ വിടാൻ ഉദ്യോഗസ്ഥർ തയ്യാറെടുക്കുന്നു. 

കെന്നത്ത് ആൻഡേർസൺ, ജിം കോർബറ്റ് എന്നിവരുടെ നരഭോജികളായ കടുവകളെ കൊന്ന ചരിതങ്ങൾ വായിക്കണം. വനം, വന്യജീവികൾ എന്നിവയോടുള്ള പൊതുസമീപനവും നരഭോജികളായ കടൂവ പുലി എന്നിവയോടുള്ള വ്യത്യസ്തസമീപനവും അതിൽ നിന്ന് മനസ്സിലാക്കാം. മനുഷ്യൻ വിചാരിക്കുന്നു, ‘മനുഷ്യൻ തന്നെ പ്രധാനം’ എന്ന് പക്ഷെ മലയാളി വിചാരിക്കുന്നതെന്താണെന്നൊ?‘അവനെക്കാൾ പ്രാധാന്യം മൃഗങ്ങൾക്കെന്നല്ല മറ്റു മനുഷ്യർക്കുപോലുമില്ലെന്ന്‌’ . പറയാതിരിക്കാൻ വയ്യ, മലയാളി നിയമങ്ങൾ കാറ്റില്പറത്തി പെരുമാറുന്നു ജീവിക്കുന്നു.

December 3 / 2016
രാജ്യം
മിക്ക രാജ്യങ്ങളും ഭരണാധികാരികളും മണ്ടത്തരങ്ങൾ ചെയ്തിട്ടുണ്ട്, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്, മരണം സമ്മാനിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലത്തും ഉണ്ടായി കഠിനമായ ഉപദ്രവങ്ങൾ ഏറെ.
അതുതന്നെ ഇവിടെയും ഇപ്പോൾ സംഭവിക്കുന്നു.
ഒരു വ്യത്യാസം - തിരുത്തുകളില്ല, കൂടിയാലോചനകൾ ഇല്ല, സഹപ്രവർത്തകർക്ക് അവസാനനിമിഷം വരെ തീരുമാനങ്ങളിൽ പങ്കാളിത്തമില്ല, അറിവില്ല, അഥവാ അവർ ശബ്ദിക്കുന്നില്ല.
പ്രഥമപൗരൻ അറിയാതെ ആണ്‌ ഏറ്റവും ഒടുവിൽ വന്ന കറൻസി റദ്ദാക്കൽ നടന്നതത്രെ! (ഏഷ്യനെറ്റ് ന്യൂസ്)
രാഷ്ട്രപതി ഭവനിൽ നിന്ന് വർത്തമാനം ചോർന്നു പോകുമോ എന്നായിരുന്നു ഭയം!
ഭയം ആയിരുന്നു എന്നു വിവരമുള്ളവർ പറയില്ല. ഇന്ത്യൻ ഭരണഘടനയെ ഈ ഭരണകൂടമോ പാർട്ടിയോ അംഗീകരിക്കുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം.
ആ പാരമ്പര്യം മുറിക്കുകയാണ്‌ ലക്ഷ്യം. അതങ്ങനെ അവിരാമം തുടരും.
അതാണ്‌ മോഹൻലാല്മാർ ആദ്യം തിരിച്ചറിയേണ്ടത്. പ്രതിഫലം ഇച്ഛിച്ച് എത്ര പുലിമുരുകനിലും രാവണപ്രഭുവിലും അഭിനയിച്ചാലും ഉൾക്കാഴ്ച്ചയുള്ള നടന്മാർ ഒപ്പം ചില അർഥപൂർണ്ണമായ ചിത്രങ്ങളിലും അഭിനയിച്ച് സാമൂഹ്യ നിലപാടുകൾ വ്യക്തമാക്കും.
അങ്ങനെ തിരിച്ചറിയുന്നവരാണ്‌ യഥാർത്ഥ കലാകാരന്മാർ. അവരത് സിനിമകളിലൂടെ പറഞ്ഞുതരും, അവരിൽ മുന്തിയ നടന്മാരുണ്ട്. സംവിധായകരുണ്ട്, ചില പേരുകൾ പറയാം. - ചാർളി ചാപ്ളിൻ, മിഗ്യൂൽ ലിറ്റിൻ, തിയോ അഞ്ജെലോ പൗലോ, അന്ദ്രെയ് തർകൊവ്സ്കി, ഫ്രാൻസിസ്കൊ റോസി, ജഫാർ പനാഹി, കോസ്റ്റ ഗാവറസ്.....അവരങ്ങനെ നിറഞ്ഞു നില്ക്കുകയാണ്‌.
അവരൊന്നുംതന്നെ ഭരണകൂടങ്ങളുടെ നിരുപാധിക ‘ഭക്തകുരങ്ങൻ’മാരായിരുന്നില്ല. ഭക്തകുരങ്ങന്മാർ എന്ന്‌ പ്രയോഗിച്ചത്തിന്‌ അടിസ്ഥാനം, ഇതിഹാസ കഥാപാത്രമായാലും, ശ്രീരാമനെ പോലെ മികച്ച ഭരണാധികാരികൾ എല്ലായ്പ്പോഴും ജനിക്കുന്നില്ല എന്നതുപോലെ പ്രതിബദ്ധതയുള്ള ഹനുമാനും എല്ലായ്പ്പോഴും ഉണ്ടാവുന്നില്ല എന്നതുതന്നെ.
വാസ്തവത്തിൽ ശ്രീരാമൻ പോലും മികച്ച ഭരണാധികാരിയായിരുന്നില്ല എന്ന്‌ മനസ്സിരുത്തി ‘രഘുവംശം’ വായിച്ചാൽ മനസ്സിലാവും.
സമ്പദ്‌വികസനത്തിലും അതിന്റെ ഫലം ജനങ്ങളിൽ യഥാസമയം എത്തുന്നതിലും വേണ്ട സമർഥമായ ഭരണപരിഷ്കാരം നടപ്പാക്കിയത് ശ്രീരാമന്റെ വലിയ പിതാമഹനായ ദിലീപനാണ്‌.
എന്നാൽ ആ രാജവംശം അറിയപ്പെട്ടത് ദിലിപന്റെ മകൻ രഘുവിന്റെ പേരിലാണ്‌. കാരണം ദിലീപന്റെ ഭരണപരിഷ്ക്കാരങ്ങൾ കുറ തീർത്ത്‌ ജനജീവിതത്തിന്റെ നിലവാരം ഉയർത്തിയത് രഘുമഹാരാജാവായിരുന്നു എന്നു ‘രഘുവംശം’ സാക്ഷ്യപ്പെടുത്തുന്നു.
ദശരഥന്റെ കാലമായപ്പോൾ വ്യക്ത്യധിഷ്ടിതമായ ദുരന്തങ്ങളിൽ കുരുങ്ങുവാൻ തുടങ്ങി ആ രാജവംശം!. ശ്രീരാമൻ ആ ദുരന്തത്തിൽ അകപ്പെട്ടുപോയി. രാമരാജ്യമായിരുന്നുവെങ്കിലും പ്രശ്നസങ്കീർണമായിരുന്നുവല്ലൊ ആ കാലം. ജീർണ്ണതയുടെ നെല്ലിപ്പലക അവസാനത്തെ രാജാവ്‌ അഗ്നിവർണ്ണനിൽ കാണാം. മന്ത്രിമാർക്ക് മുഖം കൊടുക്കാതിരിക്കൽ, പ്രജകൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കൽ, രാജ്യകാര്യങ്ങളിൽ നിസ്സംഗത, പ്രജകൾ മുറവിളികൂട്ടുമ്പോൾ മട്ടുപ്പാവിലെ അരമതിലിൽ കാലുകൾ മാത്രം പുറത്തിട്ടുള്ള ഇരിപ്പ്.....
സ്വതന്ത്രചിന്ത എവിടെയോ അവിടെയാണ്‌ രാജ്യം, രാജ്യസ്നേഹം എന്നിവയുടെ നിർവചനം യാഥാർത്ഥ്യത്തോടടുത്തു നില്ക്കുക എന്നോർക്കണം. ജർമ്മനിയിലെ സൈന്യാധിപന്മാർക്ക് ഹിറ്റ്ലറോട് ഉണ്ടായിരുന്ന വിയോജിപ്പുകൾ കൾക്കാൻ പോലും ഹിറ്റ്ലർ തയ്യാറായിരുന്നില്ല, അപ്പോഴെല്ലാം അവർക്ക് രാജ്യസ്നേഹമില്ലെന്നായിരുന്നു ഹിറ്റ്ലറുടെ കർശനമായ ശാസനാരൂപത്തിലുള്ള വാക്കുകൾ.
രാജ്യം രാജ്യസ്നേഹം എന്നിവ മനുഷ്യരും ആ പ്രദേശത്ത് അധിവസിക്കുന്ന സർവ ജീവജാലങ്ങളും മലകളും പുഴകളും ജലാശയങ്ങളും ഭൂപ്രകൃതിയും അവയോടു സ്നേഹവും ഇഷ്ടവും ആദരവും എല്ലാം ചേർന്ന മാനസികമായ അവസ്ഥയാണ്‌.
സ്ഥായിയായ വികസനം, സാമ്പത്തിക പുരോഗതിയേയും സാമ്പത്തികേതരമായ ക്ഷേമാവസ്ഥയേയും ഒരുപോലെ പരിഗണിക്കുന്ന തരത്തിൽ, മൊത്തദേശീയവരുമാനം എന്നതിൽ ഒതുക്കാതെ, സാന്ദ്ര ദേശീയ മാനസികോല്ലാസം ലക്ഷ്യമാക്കിയ ഒരു ചെറുരാജ്യം - ഭൂട്ടാൻ - തൊട്ടടുത്തുള്ള ഇന്ത്യയിൽ വർത്തമാനകാലം അനുനിമിഷം ശ്രമകരവും സംഘർഷഭരിതവും ആയ ജീവിതത്തിലൂടെ കടന്നുപോകുന്നത് ഇന്നത്തെ മാത്രമല്ല നാളത്തേയും നാണക്കേടാണ്‌.


No comments:

Translate